by Midhun HP News | Jul 24, 2025 | Latest News, കേരളം
ന്യുഡൽഹി: മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ബോംബെ ഹൈക്കോടതി 12 പ്രതികളെ കഴിഞ്ഞദിവസം വിട്ടയച്ചത്. സംശയത്തിൻ്റെ ആനുകൂല്യം നൽകിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
2006 ജൂലായ് 11 നാണ് സംഭവം നടന്നത്. 11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിക്കുകയായിരുന്നു. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. പിന്നാലെ ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിൽ തുടർസ്ഫോടനങ്ങളും. സിമി പ്രവർത്തകർ അടക്കം ആകെ 13 പ്രതികളിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. 5 പേർക്ക് വധശിക്ഷയും 7പേർക്ക് ജീവപര്യന്തവുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചിരുന്നത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായി.
by Midhun HP News | Jul 24, 2025 | Latest News, കേരളം
ആറ്റിങ്ങൽ:കുടവൂർക്കോണം ഗവണ്മെന്റ്ഹൈസ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു..ബഹിരാകാശ യാനങ്ങളുടെ മാതൃക നിർമ്മാണം,പോസ്റ്റർ രചന,ചാന്ദ്രദിന ക്വിസ്,പതിപ്പ് പ്രകാശനം,ഞാനും എന്റെ ചന്ദ്രനും എന്ന വിഷയത്തൈ അടിസ്ഥാനമാക്കി കുട്ടികളുടെ സർഗ്ഗാത്മക രചന,ബഹിരാകാശ യാത്രകളുടെ വീഡിയോ പ്രദർശനം എന്നിവ നടന്നു.ചാന്ദ്രദിന പരിപാടികൾ സംസ്ഥാന റിസോഴ്സ് അധ്യാപകനായ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ് സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ജോയ്.ജി,ഡോ.അജിത എന്നിവർ സംസാരിച്ചു.
by Midhun HP News | Jul 24, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 1000 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 74,040 രൂപയായി. ഗ്രാമിന് 125 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9255 രൂപയായാണ് കുറഞ്ഞത്. അതേസമയം, ലോകവിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടായില്ല.
സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,387.15 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ സെഷനില്‍ 1.3 ശതമാനം ഇടിവ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,492.50 ഡോളറിലെത്തി. സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.അതേസമയം, ഇന്ന് നേരിയ നേട്ടത്തോടെയാണ് ബോംബെ സൂചിക സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയില്‍ 53 പോയിന്റ് നഷ്ടത്തോടെ 82,779 പോയിന്റിലെത്തി. നിഫ്റ്റിയില്‍ 25,219 പോയിന്റിലാണ് വ്യാപാരം. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി.
by Midhun HP News | Jul 24, 2025 | Latest News, കേരളം
ആലപ്പുഴ: പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനത്തില്‍ സമരനായകന്‍ വി എസ് അന്ത്യവിശ്രമത്തിലായി. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്ത് വിഎസും വിശ്രമിച്ചു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്ന ഇടമാണ് വലിയ ചുടുകാട്. പുന്നപ്ര സമരനേതാവായിരുന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയ നേതാക്കള്‍ അന്ത്യവിശ്രമം കൊളളുന്നിടം. ഇനി അവര്‍ക്കൊപ്പമാണ് വിഎസും.
വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിലെ ഇടതുഭാഗത്തായിരുന്നു സംസ്‌കാരം. രാമച്ചവും വിറകും കൊതുമ്പും മാത്രം ഉപയോഗിച്ച ചിതയ്ക്ക് മകന്‍ അരുണ്‍ കുമാര്‍ തീ പകര്‍ന്നപ്പോള്‍ ജനം മുദ്രാവാക്യം വിളികളോടെ യാത്ര അയപ്പ് നല്‍കി. ശക്തമായി പെയ്ത മഴയത്തും നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുടച്ച് മാറ്റുകയായിരുന്നു പ്രവര്‍ത്തകര്‍. മറ്റ് ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.
വിഎസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാടിന്റെ ചരിത്രം. വിഎസിന് അറിയുന്നവരും വി എസിനെ അറിയുന്നവരുമെല്ലാം രക്തസാക്ഷികളായി. വിഎസിലെ നേതാവിനെ കണ്ടെത്തിയ പി കൃഷ്ണപിളള, പോരാട്ടങ്ങള്‍ക്ക് തോളോടു തോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, പികെ വിജയന്‍, സൈമണ്‍ ആശാന്‍, എന്‍ ശ്രീധരന്‍, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങി തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതര്‍ക്കൊപ്പമാണ് ഇനി വിഎസും.
ജൂലൈ 21 വൈകുന്നേരം മൂന്നരയോടെയാണ് വി എസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനുശേഷമാണ് വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്.
by Midhun HP News | Jul 24, 2025 | Latest News, കേരളം
ബാതുമി : ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പില്‍ ഫൈനലില്‍ കടന്ന് ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരതാരം ദിവ്യ ദേശ്മുഖ്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 19കാരിയായ ദിവ്യ.
ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യന്‍താരം ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക. ഹംപിയും ടിന്‍ജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായി. ഇന്നലെ 75 നീക്കങ്ങളിലാണ് ഇവര്‍ സമനില സമ്മതിച്ചത്. ഇതോടെ, ഇന്ന് നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.
Recent Comments