by Midhun HP News | Jul 24, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുകള്‍ നിലവിലില്ലെങ്കിലും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കേരള തീരത്ത് ഇന്ന് വൈകുന്നേരം മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുര്‍ബലമായി. ചക്രവാജച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Jul 24, 2025 | Latest News, കേരളം
കൊച്ചി: കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്.
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ ഓരേസമയം 500 പേര്‍ക്ക് നിന്ന് തൊഴാന്‍ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകള്‍.
അയിരക്കണക്കിന് വിശ്വാസികളാണ് ബലിതര്‍പ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്.ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി വിവിധ യൂണിറ്റുകളില്‍ നിന്ന് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ 11.30 വരെ നീട്ടിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.മണ്‍മറഞ്ഞ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികര്‍മം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.
by Midhun HP News | Jul 23, 2025 | Latest News, കേരളം
കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ.. ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം. മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. പാർട്ടി പതാക പുതച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നൽകി.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങിയാണ് വിഎസ് അവസാനമായി വിപ്ലവ മണ്ണായ ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ. ‘വിഎസ് അമരനാണ്’, ‘കണ്ണേ കരളേ വി എസേ’ മുദ്രാവാക്യങ്ങൾ വഴിനീളെ അന്തരീക്ഷത്തിലുടനീളം മുഴങ്ങി. പ്രായഭേദമന്യേയുള്ള ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും മണിക്കൂറുകളോളം കാത്തുനിന്നു. മഴയിലും ഒരേയൊരു നോക്ക് കാണാൻ കാത്തു നിന്ന ഓരോ മനുഷ്യന്റെയും കണ്ണീര് സാക്ഷിയാക്കി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വി എസിന്റെ സംസ്കാരം.
by Midhun HP News | Jul 23, 2025 | Latest News, കേരളം
ആലപ്പുഴ: കുട്ടനാട്ടിലെ സ്‌കൂളിലെ വെള്ളക്കെട്ടില്‍ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. കൈനകരി ഗ്രാമപഞ്ചായത്തിലെ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളും പരിസരവും ഒരുമാസത്തിലേറെയായി വെള്ളക്കെട്ടില്‍ ആണെന്നും കോടതി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി 200 വിദ്യാര്‍ഥികളും അധ്യാപകരുമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
ശക്തമായ മഴയില്‍ മെയ് 29 ന് മടവീഴ്ചയുണ്ടായാണ് സ്‌കൂള്‍ പരിസരത്ത് വെള്ളക്കെട്ടുണ്ടായത്. 20 ക്ലാസ് മുറികള്‍ വെള്ളം കയറിയ നിലയിലാണ്. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ക്ലാസും പ്രവര്‍ത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലെന്നും കത്തില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജ. ബസന്ത് ബാലാജി എന്നിരുള്‍പ്പെട്ട ബെഞ്ച് വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉള്‍പ്പെടെയുള്ളവരുമായി ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അമികസ് ക്യൂറിയെ നിയോഗിക്കാനും ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.
വിഷയം ജൂലൈ 31 ന് വീണ്ടും പരിഗണിക്കുമെന്നും അന്ന് എന്ത് നടപടി സ്വീകരിച്ചെന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രദേശത്തെ മറ്റ് സ്‌കൂളുകളില്‍ സമാനമായ പ്രശ്‌നം നിലവിലുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും നിര്‍ദേശിച്ചു.
by Midhun HP News | Jul 23, 2025 | Latest News, ജില്ലാ വാർത്ത
ATRA യുടെ ആഭിമുഖ്യത്തിൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിൽ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. പ്രസിഡന്റ് രാമദാസൻ പോറ്റിയുടെയും സെക്രട്ടറി ദിപുലാലിന്റെയും ട്രഷറർ നിസാറിന്റെയും നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്
Recent Comments