സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും : വിസ്ഡം

ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും : വിസ്ഡം

തിരുവനന്തപുരം: ഭരണ സംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും ഒളിച്ച് കടത്തലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.

സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം വലിയ ജാഗ്രത പുലർത്തണമെന്നും ജില്ലാ സംഗമം ഓർമ്മപ്പെടുത്തി. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ മത സംഘടനകൾ അഭിപ്രായം പറയുന്നതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല .
കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാറിൻ്റെയും, മത സാമുഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്.

രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവർക്കും സാധിക്കണം. അഭിപ്രായ പ്രകടനങ്ങളോട് അസഹിഷ്ണുതയോടെയും, കൊലവിളി നടത്തിയും പ്രതികരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്കാരങ്ങളും നിർദ്ദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും, ചർച്ചക്കും വിധേയമാക്കാൻ സർക്കാർ തയ്യാറാകണം. സ്കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

‘മതാവരണമണിയുന്ന അന്ധവിശ്വാസങ്ങൾ’ എന്ന പ്രമേയയത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു.

ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം വിസ്‌ഡം സംസ്ഥാന സെക്രട്ടറി സി.പി.സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി അസ്ഹർ ചാലിശ്ശേരി, വിസ്ഡം ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ്, സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ ട്രെഷറർ നാസിഫ് റഹ്മാൻ, എന്നിവർ പ്രസംഗിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് സ്വാഗതവും സ്റ്റുഡന്റസ് വിംഗ് ജില്ലാ പ്രസിഡന്റ്‌ സമീർ കണിയാപുരം നന്ദിയും പറഞ്ഞു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിക്ക് തുടക്കമായി

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിക്ക് തുടക്കമായി

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയായ ‘ചങ്ങാതിക്കൊരു തൈ’യുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവുമായ എസ്. സതീഷ്കുമാർ നിർവ്വഹിച്ചു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയാണ് ചെയ്യുന്നത്. പ്രകൃതി സംരക്ഷണത്തോടൊപ്പം കുട്ടികളിൽ സൗഹൃദവും പാരസ്പര്യവും വളർത്തുകയുമാണ് ലക്ഷ്യം. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ .എസ്,സീനിയർ അധ്യാപകൻ ജോയു.ജി,സ്റ്റാഫ് സെക്രട്ടറി ഷെറിൻ എന്നിവർ സംസാരിച്ചു.

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 19 കാരന്‍ മരിച്ചു. കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദന്‍ (19) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം.സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിലാണ് അപകടം. കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന അശ്വതിബസാണ് അപകടം ഉണ്ടാക്കിയത്. ദേവാനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അവധി ദിനമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അവധി ദിനമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടത്തിനു ശേഷം അധികൃതര്‍ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്‌കൂളിന്റെ ഓഫീസ് മുറിയിലേക്ക് കുട്ടികള്‍ പോകുന്ന വഴിയാണിത്.

മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താത്കാലിക ഫിറ്റ്നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.