കിളിമാനൂർ ബ്ലോക്കിലെ പച്ചത്തുരുത്തകൾക്ക് പുരസ്കാര പെരുമഴ

കിളിമാനൂർ ബ്ലോക്കിലെ പച്ചത്തുരുത്തകൾക്ക് പുരസ്കാര പെരുമഴ

ഹരിത കേരളം മിഷന്റെ മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിൽ ജില്ലാതലത്തിൽ വിവിധ ഇനങ്ങളിലായി നാല് പുരസ്കാരങ്ങൾ നേടുകയും സംസ്ഥാനതല മികച്ച പരിസ്ഥിതി പ്രവർത്തകനുമുള്ള പ്രത്യേക ജൂറി പുരസ്കാരവും നേടി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.

ജില്ലയിൽ നൂറിലധികം പച്ചത്തുരുത്തുകൾ ഉള്ള കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും അധികം പച്ചത്തുരുത്തുകൾ ഉള്ള കരവാരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എൻജിനീയർ അനീഷ് പപ്പൻ സംസ്ഥാനതല ജൂറി പ്രത്യേക പുരസ്‌കാരം നേടി.

ജില്ലാതല തദ്ദേശ സ്വയംഭരണ വകുപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം കരവാരം ഗ്രാമപഞ്ചായത്ത്, പ്രകൃതി പച്ചത്തുരുത്ത് മൂന്നാം സ്ഥാനം കിളിമാനൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ ബ്ലോക്ക് പച്ച തുരുത്തിനും വിദ്യാലയങ്ങളുടെ വിഭാഗത്തിൽ നഗരൂർ ഗ്രാമപഞ്ചായത്തിലെ പേരൂർ യുപിഎസിലെ കാട്ടുചന്ത പച്ചതുരുത്ത് രണ്ടാം സ്ഥാനവും, മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കരവാരം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം വളപ്പിലെ പി എച്ച് സി പച്ചത്തുരുത്ത് മൂന്നാം സ്ഥാനവും നേടി.

ജില്ലാതലത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറിലധികം പച്ചത്തുരുത്തുകൾ മത്സരിച്ചതിൽ ആണ് കിളിമാനൂർ ബ്ലോക്കിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു

വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു

ആറ്റിങ്ങൽ: ഒലിപ്പുറത്ത് കുന്ന് തിരുവാതിരയിൽ വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു.
ഭാര്യ: ആശ.
മക്കൾ: പി പ്രിനു, പി പ്രിദ്യൂ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്

തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍: സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായിരുന്നു.

മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മാര്‍ച്ച് ഒന്നിനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാന്‍പദവിയിലേക്കുള്ള വരവ്. പിന്നീട്, താമരശേരിയിലും തൃശൂരിലുമായി ദീര്‍ഘകാലം രൂപതകളെ നയിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി 1997 ഫെബ്രുവരി പതിനഞ്ചിനാണ് ചുമതലയേറ്റത്. എപ്പോഴും സൗമ്യമായ സംസാരിക്കുന്ന അദ്ദേഹം വിശ്വാസികളുടെ പ്രിയപ്പെട്ടവനായി മാറി. 2007 മാര്‍ച്ച്പതിനെട്ടിനാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചത്. ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ക്ഷമയോടെയും സഹനത്തോടേയും കാര്യങ്ങളെ കാണണമെന്നായിരുന്നു ജേക്കബ് തൂങ്കുഴി നല്‍കിയിരുന്ന നിര്‍ദേശം.

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ വാങ്ങിയ ലാബ് ഉപകരണം പ്രവർത്തിപ്പിക്കുന്നില്ലെന്ന് പരാതി

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ വാങ്ങിയ ലാബ് ഉപകരണം പ്രവർത്തിപ്പിക്കുന്നില്ലെന്ന് പരാതി

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ വാങ്ങിയ ലാബ് ഉപകരണമാണ് പ്രവർത്തിപ്പിക്കാത്തത്. ഇത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

തീരദേശ ജനതയുടെ നിരന്തര ആവശ്യത്തിന്റെ ഭാഗമായാണ് 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബ്ലോക്ക്‌ പഞ്ചായത്ത് “ഫുള്ളി ഓട്ടോമെറ്റെഡ് ബയോ കെമിസ്ട്രി അനലൈസർ” എന്ന ഉപകരണം വാങ്ങിയത്. ഈ ഉപകരണമാണ് നിലവിൽ കഴിഞ്ഞ 2 ആഴ്ചക്കാലമായി പ്രവർത്തിപ്പിക്കാത്തത്.

ഒരേ സമയം രണ്ട് AC യുടേയും ബോർഡ് അടിച്ചു പോയി എന്നാണ്‌ ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനുപിന്നിൽ സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ആക്ഷേപമുണ്ട്. മാത്രവുമല്ല AC റിപ്പയറിങ്ന് കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തെന്നും ഇനി തങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഈ വിഷയത്തിന്മേൽ അടിയന്തര നടപടി സ്വീകരിച്ച് ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ഡി എം ഒ യ്ക്ക് പരാതി നൽകി.

പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ പത്താം തീയതിയാണ് മീരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം നടക്കുന്നത്.

ഭര്‍ത്താവുമായി പിണങ്ങിയ മീര മരിക്കുന്നതിന് തലേന്ന് സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്. ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ട്.ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന് മീരയ്ക്ക് പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു. അനൂപിന്റെ നിരന്തര മര്‍ദ്ദനമാണ് മീരയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.