by Midhun HP News | Jul 14, 2025 | Latest News, കേരളം
തൃശ്ശൂര്‍: അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍ ഇറങ്ങിയോടി. പിന്നാലെ നടുറോഡില്‍ കിടന്ന കാര്‍ കാട്ടാന തള്ളി നീക്കുകയായിരുന്നു. മലക്കപ്പാറ നിന്നു ചാലക്കുടി ഭാഗത്തേ ക്ക് പോകുന്ന കാര്‍ യാത്രികരാണ് ആനയുടെ മുന്പില് അകപ്പെട്ടത്.
കാട്ടാനയുടെ ആക്രമണത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. റോഡിലുണ്ടായിരുന്ന ആനയ്ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത വിധം ആളുകള്‍ തടിച്ചുകൂടിയതും പ്രകോപനമായി. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ മറ്റു വാഹനങ്ങളിലെ വിനോദ സഞ്ചാരികള്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെയാണ് ആന കാറിന് നേരെ തിരിഞ്ഞത്.
by Midhun HP News | Jul 14, 2025 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: രണ്ടാം ഇന്നിംഗ്സില്‍ കുറഞ്ഞ സ്കോറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതിയ ഇന്ത്യന്‍ ടീമിന്റെ നാലുവിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടതോടെ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. 193 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 17.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്.
ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി രണ്ടാം ടെസ്റ്റും ജയിക്കണമെങ്കില്‍ 135 റണ്‍സ് കൂടി വേണം. 47 പന്തില്‍ ആറു ഫോറുകളോടെ 33 റണ്‍സുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങാനുമുണ്ട്.
എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ (ഏഴു പന്തില്‍ 0) നഷ്ടമായി. കരുണ്‍ നായര്‍ (33 പന്തില്‍ ഒരു ഫോര്‍ സഹിതം 14), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നല്കി അയച്ച ആകാശ്ദീപ് (11 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്സ് നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് പോരാട്ടം 192ല്‍ അവസാനിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തി ഇത്തവണ വാഷിങ്ടന്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നില്ക്കാന് ശ്രമിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വാഷിങ്ടന്‍ സ്വന്തമാക്കി. നാല് പേരേയും താരം ക്ലീന്‍ ബൗള്‍ഡാക്കി.
ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റണ്‍സെടുത്ത് ടോപ് സ്കോററായി. ബെന്‍ സ്റ്റോക്സ് 33 റണ്‍സ് കണ്ടെത്തി.
87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ശേഷം ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാല്‍ 150 റണ്‍സ് പിന്നിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിനു 6 വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനു കരുത്തായി നിന്ന ജോ റൂട്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും വാഷിങ്ടന്‍ സുന്ദര്‍ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്തു. പിന്നാലെ താരം അപകടകാരിയായ ജാമി സ്മിത്തിനേയും മടക്കി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. ജാമി സ്മിത്ത് 8 റണ്‍സുമായി പുറത്തായി. അടുത്ത വരവിലാണ് വാഷിങ്ടന്‍ സ്റ്റോക്സിനെ പുറത്താക്കിയത്. ഒടുവില്‍ ഷൊയ്ബ് ബഷീറിനേയും ക്ലീന്‍ ബൗള്‍ഡാക്കി വാഷിങ്ടന്‍ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.
നാലാം ദിനം ഒന്നാം സെഷനില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ മൂന്നാമന് ഒലി പോപ്പിനേയും സിറാജ് മടക്കി. മികച്ച രീതിയില്‍ മുന്നോട്ടു പോയ ഓപ്പണ്‍ സാക് ക്രൗളിയെ വീഴ്ത്തി നിതീഷ് കുമാര്‍ റെഡ്ഡിയും ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിച്ചു. ഹാരി ബ്രൂക്ക് പ്രത്യാക്രമണത്തിലേക്ക് കടന്നപ്പോഴാണ് ആകാശ് ദീപിന്റെ നിര്‍ണായക സ്ട്രൈക്ക്.
ഹാരി ബ്രൂക്ക് ഇന്ത്യയെ കടന്നാക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് ആകാശ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 4 ഫോറും ഒരു സിക്സും സഹിതം 19 പന്തില്‍ 23 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ബ്രൂക്കിന്റെ വീഴ്ച.
വിക്കറ്റ് നഷ്ടമില്ലാതെ 2 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു സ്കോര്‍ 22 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ നഷ്ടമായത്. താര 12 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പും മടങ്ങി. താരം 4 റണ്‍സില്‍ പുറത്തായി. സാക് ക്രൗളി 22 റണ്‍സിലും വീണു. സ്കോര്‍ 50ല്‍ എത്തുമ്പോഴേക്കും മൂന്ന് പേര് കൂടാരം കയറി. പിന്നാലെ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ദൗത്യവുമായി എത്തിയ ബ്രൂക്ക് ഒന്നാളിയെങ്കിലും പെട്ടെന്നു കത്തി തീര്‍ന്നു.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 387 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയും ഒന്നാം ഇന്നിങ്സില്‍ ഇതേ സ്കോറിലാണ് നിന്നത്. ഇന്ത്യക്കായി കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും കണ്ടെത്തി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.
രാഹുല്‍ 100 റണ്‍സെടുത്തു മടങ്ങി. താരത്തിന്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. പന്ത് 74 റണ്‍സും കത്തും ഫോമില്‍ ബാറ്റ് വീശുന്ന രവീന്ദ്ര ജഡേജ 72 റണ്‍സും അടിച്ചെടുത്തു. കരുണ്‍ നായര്‍ 40 റണ്‍സും നിതീഷ് കുമാര്‍ 30 റണ്‍സും എടുത്തു.
by Midhun HP News | Jul 14, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു യാത്ര. യുഎസില്‍ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു.
by Midhun HP News | Jul 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ തീവ്രമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 17ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടല്‍.
ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jul 14, 2025 | Latest News, കേരളം
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.
അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. മകളെ വിരൂപിയാക്കാന്‍ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞിരുന്നു. മകള്‍ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റല്‍ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും വിപഞ്ചികയുടെ അമ്മ പരാതി നല്‍കിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാല്‍ റീ പോസ്റ്റ്മോര്‍ട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുമ്പായിരുന്നു വിവാഹം.
Recent Comments