by Midhun HP News | Jul 14, 2025 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന് യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സി ബസിലായിരുന്നു. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പായില്‍ പോയതും കെ.എസ്.ആര്.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തല്‍. മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികന് ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
by Midhun HP News | Jul 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ ഇന്ന് അവസാനിക്കും. 541 ഒഴിവുകള്‍ നികത്തുന്നതിനുള്ള റിക്രൂട്ട്മെന്റിനായി ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sbi.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.ജൂണ്‍ 24 ന് ആരംഭിച്ച അപേക്ഷാ വിന്‍ഡോയില്‍ രജിസ്ട്രേഷന്, ആവശ്യമായ രേഖകളുടെ അപ്ലോഡ്, ഫീസ് അടയ്ക്കല്‍, അന്തിമ സമര്‍പ്പണം എന്നിവ ഉള്‍പ്പെടുന്നു.
നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായി നടക്കുന്ന പ്രിലിമിനറി പരീക്ഷയില്‍ ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഉദ്യോഗാര്‍ഥികളുടെ ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം, ലോജിക്കല്‍ റീസണിങ് തുടങ്ങിയവ അളക്കുന്ന തരത്തിലാണ് പ്രിലിമിനറി പരീക്ഷ.
യോഗ്യത നേടുന്നവര്‍ മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടും. ഇതില്‍ ആഴത്തിലുള്ള വിശകലന, എഴുത്ത് കഴിവുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒബ്ജക്റ്റീവ്, വിവരണാത്മക ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വ്യക്തിത്വ സവിശേഷതകള്‍, പെരുമാറ്റ പ്രവണതകള്‍, തീരുമാനമെടുക്കല്‍ കഴിവുകള്‍ എന്നിവ വിലയിരുത്തുന്നതിനായി അവതരിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റ് ആണ് മൂന്നാം ഘട്ടം. ഇതില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്മെന്റിന്റെ അവസാന ഘട്ടമായി അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ക്ഷണിക്കും. നേതൃത്വ, ആശയവിനിമയ കഴിവുകള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും.
അപേക്ഷിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദര്‍ശിക്കുക.
‘കരിയേഴ്സ്’ ടാബില്‍ ക്ലിക്ക് ചെയ്ത് ‘കറന്റ് ഓപ്പണിങ്സ്’ എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക.
എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2025 ലിങ്ക് കണ്ടെത്തി ‘apply online’ ല്‍ ക്ലിക്ക് ചെയ്യുക
വാലിഡ് ആയ ഒരു ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
കൃത്യമായ വിശദാംശങ്ങള്‍ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക.
by Midhun HP News | Jul 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73000 കടന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.
by Midhun HP News | Jul 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈ ഏഴിന് കാണാതായ സ്നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ് വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്ത് യമുനാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
സ്നേഹ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സ്നേഹയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സ്നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു കുറിപ്പ് ലഭിച്ചതാണ് ഈ സൂചനകള്‍ നല്‍കുന്നത്. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ജീവിതം അസഹനീയമായി തുടങ്ങിയെന്നും പറയുന്നതാണ് കുറിപ്പ്. ഡല്‍ഹിയിലെ സിഗ്നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും കുറിപ്പിലുണ്ട്. തന്റെ തീരുമാനത്തിന് പിന്നില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും സ്നേഹ എഴുതിയിരുന്നു.
എന്നാല്‍, സ്നേഹയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. കാണാതായ ദിവസം രാവിലെ 5.56ന് സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് സ്നേഹ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. എന്നാല്‍ ഈ സുഹൃത്ത് അന്ന് സ്നേഹയെ കണ്ടിട്ടില്ലെന്ന് അറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെയാണ് സ്്നേഹ സിഗ്നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. സിഗ്നേച്ചര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങളില്‍ സ്നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ സിസിടിവി ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത പ്രദേശത്ത് പെണ്‍കുട്ടി എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
by Midhun HP News | Jul 14, 2025 | Latest News, കേരളം
തൃശൂര്‍: കേരള സാഹിത്യ അക്കാദമി ഹാളിന് അന്തരിച്ച സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ പേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി എഴുത്തുകാരന് അഷ്ടമൂര്‍ത്തി. അക്കാദമിയിലെ മെയിന്‍ ഹാളിന് എം ടി വാസുദേവന്‍ നായരുടെ പേരിടുന്നത് എന്തിനാണ് എന്ന ചോദ്യമാണ് എഴുത്തുകാരന് ഉയര്‍ത്തുന്നത്. മെയിന്‍ ഹാളിന് എം ടിയുടെ പേര് നല്കിയാല് തന്നെ ആരും ആ പേര് പറയില്ല എന്ന് ഉറപ്പാണ്. പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് ‘കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്ന് പേര് നല്കിയ സാഹചര്യം ചുണ്ടിക്കാട്ടി അഷ്ടമൂര്‍ത്തി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്നു പേരിട്ട മെയിന്‍ ഹാള്‍ ഇപ്പോഴും അറിയപ്പെടുന്നത് റീജണല്‍ തീയറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. അത് ഒരു വിധത്തില്‍ എഴുത്തുകാരനോടുള്ള അനാദരവാണ്. അക്കാദമി ഹാളിന് എം ടി യുടെ പേരു നല്കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും ‘എം ടി വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പറയില്ല എന്നുറപ്പാണ്. പേരുമാറ്റത്തിലൂടെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് അക്കാദമി പുറപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പ്രതികരണം എംടിയോടുള്ള അനാദരവായി കണക്കാക്കരുത് എന്നും അദ്ദേഹം പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരുപം-
ഇത്രയും നീണ്ട ഒരു പേര്!
കേരള സാഹിത്യ അക്കാദമിയുടെ മെയിന്‍ ഹാളിന് ‘എം. ടി. വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പേരിടുന്നതിനെപ്പറ്റി വിവാദങ്ങള്‍ നടക്കുകയാണല്ലോ.
എന്തിനാണ് മെയിന്‍ ഹാളിന് എം. ടി. വാസുദേവന്‍ നായരുടെ പേരിടുന്നത്? പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് ‘കെ. ടി. മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്നു പേരിട്ടിരുന്നു. ഇപ്പോള്‍ ആരെങ്കിലും ആ പേരു പറയുന്നുണ്ടോ റീജണല്‍ തീയറ്റര്‍ എന്നല്ലാതെ? ഫലത്തില്‍ അത് കെ. ടി. യോടുള്ള അനാദരവല്ലേ?
അക്കാദമി ഹാളിന് എം. ടി. യുടെ പേരു നല്കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും ‘എം. ടി. വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പറയില്ല എന്നുറപ്പാണ്. ഇത്രയും നീണ്ട ഒരു പേര്!
അങ്ങനെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാന്‍ അക്കാദമി എന്തിനാണ് പുറപ്പെടുന്നത്?
കുറിപ്പ്: ഇത് എം. ടി. യോടുള്ള അനാദരവായി വ്യാഖ്യാനിക്കരുത്.
Recent Comments