by Midhun HP News | Sep 24, 2026 | Latest News, കേരളം
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍ ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം. ഡോളര്‍ കണ്ടെത്തിയതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകള്‍ വേണ്ടിവരുമെന്നാണ് എസ്ഐടിയുടെ വിശദീകരണം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ആസ്ഥാനം റെയ്ഡ് ചെയ്തപ്പോഴാണ് 6300 ഡോളറോളം അന്വേഷണസംഘം കണ്ടെടുത്തത്. ഡോളര്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും അന്വേഷണസംഘം റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിന്റെ പരിശോധനകള്‍ അടക്കം നടന്നുകൊണ്ടിരിക്കെ ഡോളര്‍ തിരികെ നല്‍കാനാകില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട് പറയുന്നത്. ഡോളറിന്റെ സോഴ്സും പരിശോധിച്ച് വരികയാണ്. ഇത് എവിടെ നിന്ന് വന്നു എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്. റെയ്ഡിന് പിന്നാലെ ആന്റോയേ ചോദ്യം ചെയ്യാന്‍ എസ്ഐടി തയ്യാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.


by Midhun HP News | Sep 24, 2026 | Latest News, കേരളം
പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ സ്വദേശി ദിലീപ് രചകിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. മില്ലിൽ ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളിൽ ഒരാളെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ തടിമിൽ മാനേജറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം ബീഹാർ സ്വദേശിയായ പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.

2007ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ ശേഷം മൃതദേഹം മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ കുഴിച്ചിടുകയായിരുന്നു.മില്ലിന് സമീപത്തെ ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ ശ്രമിക്കുന്നത് ബാലകൃഷ്ണൻ കണ്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടിരുന്നു. ബീഹാർ സ്വദേശിയായ ദിലീപ് രജക് ആണ് ബീഹാറിൽ വെച്ച് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

മില്ലിന് സമീപമുള്ള ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ നടത്തിയ ശ്രമം മാനേജറായ ബാലകൃഷ്ണൻ കണ്ടതാണ് വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായത്.കേസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പ്രതികളെ കേരളത്തിലെത്തിച്ച ഏജന്റിൽ നിന്ന് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിഹാറിലെത്തിയ അന്വേഷണ സംഘം ദിലീപ് രജകിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.


by Midhun HP News | Sep 24, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.
മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത് 5 രൂപ മുതൽ 7.50 രൂപ വരെ) ക്രമീകരിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

കഴിഞ്ഞ നാലര വർഷമായി ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വിലയിൽ മാത്രം 13 രൂപയുടെ വർധനവുണ്ടായെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ കാരണം സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ രീതിയിലുള്ള വരുമാനച്ചോർച്ചയുണ്ടായിട്ടുണ്ട്. നിരക്ക് വർധനവില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

മറ്റ് ബസ് ഉടമകളുടെ സംഘടനകളുമായി ചർച്ച നടത്തി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനാണ് സംഘടനയുടെ തീരുമാനം.

by Midhun HP News | Sep 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്ത്. ഗ്യാനേഷ് കുമാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്കി. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും എസ്ഐആര്‍ നടപടികള്‍ 2025ലെ സ്ഥിതിയിലേക്ക് തിരികെ മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും കുത്തിയിരിപ്പ് സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകനും കണ്‍വീനറുമായ ദീപ്കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് മൂന്ന് പ്രധാന ആവശ്യങ്ങളാണ് കോ-കണ്‍വീനര്‍ സൗരവ് ദാസ് മുന്നോട്ടുവെച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍, ഇതിനുപുറമെ, എസ്ഐആര്‍ സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ തീരുമാനങ്ങളിലും നടപടികളിലും കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സിന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസങ്ങള്‍. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളും എഴുതിനല്‍കിയ നിരീക്ഷണങ്ങളും ആഭ്യന്തര പരിശോധനകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുടെ സാധാരണ ഭാഗമാണെന്നും, എസ്ഐആര്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്.


by Midhun HP News | Sep 24, 2026 | Latest News, ദേശീയ വാർത്ത
കേന്ദ്ര സർക്കാർ സ്ഥപനമായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ (KVIC) 50 ഒഴിവുകൾ. യങ് പ്രൊഫഷണൽ, അഡ്വൈസർ, സീനിയർ കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് അവസരം. പി.ജി,എഞ്ചിനീയറിങ്,ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രഷേഴ്സിനും അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.
ഒഴിവുകൾ
യങ് പ്രൊഫഷണൽ- 20
അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ്- 5
എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ -4
ഖാദി -3
ലീഗൽ -3
മാർക്കറ്റിങ്- 1
ഡിസൈൻ ആൻഡ് ഡ്രോയിങ് -1
സയൻസ് ആൻഡ് ടെക്നോളജി -1
പബ്ലിസിറ്റി- 2
അഡ്വൈസർ- 15
അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് -3
ഖാദി റോ മെറ്റീരിയൽസ്- 3
അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ- 2
ഖാദി -2
ലീഗൽ- 2
എസ്റ്റേറ്റ് ആൻഡ് സർവീസസ് -1
മാർക്കറ്റിങ് -1
SFURTI -1
സീനിയർ കൺസൾട്ടന്റ് -15
അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് -3
ഖാദി റോ മെറ്റീരിയൽസ്- 2
അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ- 2
ഖാദി- 2
ലീഗൽ -1
എസ്റ്റേറ്റ് ആൻഡ് സർവീസസ് -2
മാർക്കറ്റിങ് 1
SFURTI- 1
സയൻസ് ആൻഡ് ടെക്നോളജി -1
യോഗ്യത
യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം.
അക്കൗണ്ട്സ്, എച്ച്ആർ, ടെക്സ്റ്റൈൽ, നിയമം, മാർക്കറ്റിങ്, സിവിൽ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ യോഗ്യത ആവശ്യമാണ്
അഡ്വൈസർ തസ്തികയിലേക്ക് സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിന്ന് വിരമിച്ചവർക്കും സ്വമേധയാ വിരമിച്ചവർക്കുമാണ് അപേക്ഷിക്കാനാകുക.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം.
സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി അല്ലെങ്കിൽ മാനേജ്മെന്റ് ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
പ്രായപരിധി
യങ് പ്രൊഫഷണലിന് 2026 ഒക്ടോബർ ഒന്നിന് 27 വയസിൽ താഴെയായിരിക്കണം.
അഡ്വൈസർ തസ്തികയിൽ 40 മുതൽ 65 വയസുവരെയാണ് പ്രായപരിധി.
സീനിയർ കൺസൾട്ടന്റിന് അപേക്ഷയുടെ അവസാന തീയതിയിൽ 39 വയസിൽ താഴെയായിരിക്കണം.
നിയമന കാലാവധി
ആദ്യ നിയമനം ഒരു വർഷത്തേക്കാണ്. പ്രകടനവും കമ്മിഷന്റെ ആവശ്യകതയും പരിഗണിച്ച് പരമാവധി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടാം.
തിരഞ്ഞെടുപ്പ്
ഓൺലൈൻ അപേക്ഷകളുടെ പരിശോധന, യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയുള്ള ഷോർട്ട്ലിസ്റ്റിങ്, രേഖാ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിന് അപേക്ഷയുടെ പ്രിന്റൗട്ടും ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://apps.kvic.gov.in/KVIC-RECRUITMENT/
Recent Comments