by Midhun HP News | Jul 17, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യത. കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാല്‍ തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂര്‍ നീണ്ട വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
മഴയില്ലാത്ത ദിവസങ്ങളില്‍ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോള്‍ ദിവസേനയുണ്ട്. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടര്‍ന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകള്‍ക്കു കെഎസ്ഇബി ശ്രമം തുടരുകയാണ്. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍ ലഭ്യത തീരെ കുറവാണ്. വൈദ്യുതി നിയന്ത്രണത്തില്‍ അല്പം അയവുവരുത്താന്‍ 200 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബി ശ്രമം തുടങ്ങി. എന്‍ടിപിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്.
ഒന്നുകില്‍ മഴ പെയ്യണം. അല്ലെങ്കില്‍ പവര്‍ എക്സ്ചേഞ്ച് എന്ന തത്സമയ വിപണിയില്‍ വൈദ്യുതി ലഭ്യമാകണം. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കുതിച്ചുയരുകയാണ്. മറ്റു സംസ്ഥാനങ്ങളും ക്ഷാമം നേരിടുന്നതിനാല്‍ പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. അണക്കെട്ടുകളിലെ നീരൊഴുക്ക് കാര്യമായി കുറയുന്നതിനാല്‍ ഇപ്പോഴത്തെ നിരക്കില്‍ പോലും ജലവൈദ്യുതി ഉല്‍പാദനം നടക്കില്ല.
വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബര്‍വരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതല്‍സമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ പലതവണ ഏര്‍പ്പെടുത്തുന്നുണ്ട്.
by Midhun HP News | Jul 17, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Jul 17, 2026 | Latest News, കേരളം
മലയാളിക്ക് കർക്കടകം എന്നാൽ ആത്മീയതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലമാണ്. തോരാതെ പെയ്യുന്ന മഴയും, കൃഷിപ്പണികൾ കുറയുന്നതുമൂലം പട്ടിണിയും ദുരിതവും നിറഞ്ഞതുമായ ‘പഞ്ഞ കർക്കടക’ത്തെ മറികടക്കാൻ പഴമക്കാർ കണ്ടെത്തിയ വഴികളാണ് രാമായണ പാരായണവും ഔഷധസേവയും
സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ ഒരു മാസക്കാലം വീടുകളിൽ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി രാമായണം വായിക്കുന്നത് മനസ്സിന് പോസിറ്റീവ് ഊർജ്ജവും ശാന്തിയും നൽകുന്നു. അതോടൊപ്പം, ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂട്ടാനായി ദശപുഷ്പം ചൂടുന്നതും, ഔഷധക്കഞ്ഞി (കർക്കടകക്കഞ്ഞി) കുടിക്കുന്നതും, ആയുർവേദ സുഖചികിത്സകൾ നടത്തുന്നതും ഈ മാസത്തിന്റെ പ്രധാന പ്രത്യേകതകളാണ്.
ദുരിതങ്ങളെ അതിജീവിച്ച് ഐശ്വര്യപൂർണ്ണമായ ചിങ്ങപ്പുലരിയിലേക്ക് കടക്കാനുള്ള ഒരുക്കമാണ് യഥാർത്ഥത്തിൽ കർക്കടക മാസം.
by Midhun HP News | Jul 16, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്‌ലൈ ബസ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ആദ്യ ഫ്‌ലൈ ബസ് സര്‍വീസാണ് ഇത്. ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സര്‍വീസ്. 41 സീറ്റുകളാണ് ഉള്ളത്.

ബംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് യാത്ര ആരംഭിച്ച രണ്ടാം ടെര്‍മിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബംഗളൂരുവില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുന്‍സൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കല്‍പറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.
കോഴിക്കോട് നിന്നും രാത്രി 7:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലര്‍ച്ചെ 05:15 ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തും. ബംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കല്‍പറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹന്‍സൂര്‍: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.
ബംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. ബംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ വലിയ തുക മുടക്കി ടാക്‌സി വിളിക്കുന്നവര്‍ക്ക് ഈ ബസ് സര്‍വീസ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ബംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഗതാഗതക്കുരുക്കിലും മറ്റും നിലവില്‍ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്‌ലൈ ബസ് സഹായകമാകുമെന്നാണ് പ്രതീക്ഷ.

by Midhun HP News | Jul 16, 2026 | Latest News, ദേശീയ വാർത്ത
കണ്ണൂർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം സമ്പൂർണ്ണ വിജയത്തിൽ. ഒടുവിൽ കടുത്ത നിലപാടുകളിൽ നിന്ന് പിന്മാറി ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെന്റും ഒത്തുതീർപ്പ് കരാർ പത്രികയിൽ ഒപ്പിട്ടു. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയെ നിശ്ചലമാക്കി നഴ്‌സുമാർ നടത്തിവന്ന ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. സമരം നടന്ന മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും കൊയിലി മാനേജ്മെന്റ് മാത്രം വിട്ടുനിന്നത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
ഐഎൻഎയുടെ നേതൃത്വത്തിൽ പോരാട്ടം; രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ
ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്‌സുമാർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ രാപ്പകൽ സമരം നയിച്ചത്. കഴിഞ്ഞ ദിവസം മറ്റ് അഞ്ച് ആശുപത്രികളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും കൊയിലി ആശുപത്രിയിൽ മാത്രം സമരം തുടരേണ്ടി വന്നത് നഴ്‌സുമാരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ മെഡിക്കൽ സൂപ്രണ്ടിനെ മണിക്കൂറുകളോളം ഉപരോധിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
കൊയിലി മാനേജ്മെന്റ് ഒത്തുതീർപ്പിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ടോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിയിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായ മാനേജ്മെന്റ് ഒടുവിൽ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.
വേതന വർദ്ധനവ് നടപ്പിലാകും; നഴ്‌സുമാർക്ക് ആഹ്ളാദം
കരാർ ഒപ്പിട്ടതോടെ ധനലക്ഷ്മി, സ്പെഷ്യാലിറ്റി, കിംസ്റ്റ്, ഫാത്തിമ, ആശിർവാദ് എന്നീ ആശുപത്രികൾക്ക് പിന്നാലെ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർക്കും പുതുക്കിയ ശമ്പള വർദ്ധനവിന് നിയമപരമായ അർഹതയുണ്ടാകും. രണ്ട് മാസത്തെ കഠിനമായ പോരാട്ടത്തിനൊടുവിൽ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് നഴ്‌സുമാരും ഐ.എൻ.എ ഭാരവാഹികളും സമരപ്പന്തലിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ നഴ്‌സുമാർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും സംഘടന അറിയിച്ചു.

Recent Comments