പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി

മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ പറഞ്ഞു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തിരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്.

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വര്‍ണവില തിരികെ എത്തിയത്. മൂന്നിന് 72,840 രൂപയായി സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരംപള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരംപള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും
സംയുക്ത ആഭിമുഖ്യത്തിൽ “ഒപ്പമുണ്ട് കൂടൊരുക്കാൻ” പദ്ധതി പ്രകാരം എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി.

ഭവനത്തിന്റെ താക്കോൽദാനം അരവിന്ദ് കണ്ണാശുപത്രിയിലെ ചീഫ് അഡ്വൈസറും വേൾഡ് ഫേമസ് ഗ്ലൂക്കോമ സർജനുമായ പ്രൊഫസർ ഡോക്ടർ ആർ .രാമകൃഷ്ണൻ നിർവഹിച്ചു. ഈ ഭവനം അരവിന്ദ് ഹോസ്പിറ്റലിന്റെ സ്ഥാപകനും നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ഗോവിന്ദപ്പ വെങ്കട്ടസ്വാമിയുടെ നാമധേയത്തിലാണ് നൽകിയത്. കലാനികേതൻേ & KPRA ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോക്ടർ എം.എസ് സുനിൽ മുഖ്യപ്രഭാഷണം നടത്തി. TRIDA സെക്രട്ടറി ജെ. ഷാഫി, മീഡിയ വൺ പ്രവർത്തകൻ സജാദ്, മാധ്യമപ്രവർത്തകൻ സുരേഷ്,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, സബ് ഇൻസ്പെക്ടർ ഉറൂബ്, സഞ്ജു, അരവിന്ദ് ഹോസ്പിറ്റൽ ക്യാമ്പ് മാനേജർ ഹരീഷ്, ക്യാമ്പ് ഓർഗനൈസർ ഹേമ ചന്ദ്രൻ, കലാനികേതൻ സെക്രട്ടറി ടി. നാസർ സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.

വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു

വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു

ദേശീയ പണിമുടക്ക് ദിനത്തിൽ വാമനപുരം ബ്ലോക്ക്‌ ഓഫീസിൽ ജോലിക്ക് ഹാജരായ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറഞ്ഞും, പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ വനിത ജീവനക്കാരെ കൊണ്ടുവന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാർട്ടി ക്രിമിനലുൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

മേലധികാരി ഉൾപ്പെടെ പണിമുടക്കിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ സെക്രട്ടറി പരാജയപ്പെട്ടു എന്ന് വാമനപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻജിഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.ഷാജി അഭിപ്രായപ്പെട്ടു. സെക്രട്ടറിയുടെ അഭാവത്തിൽ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനെ കണ്ട് ജോലിക്കായി ഓഫീസിൽ ഹാജരായ ജീവനക്കാരെ സംരക്ഷിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും, ആക്രമികൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു.

വാമനപുരം ബ്രാഞ്ച് പ്രസിഡന്റ് ശംഭുമോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ബി സജിമോൻ എസ് ഷംനാദ്, മരുതൂർ ബിജോയ്, ശ്രീഹർഷദേവ്, ഹർഷകുമാർ, സമീർ അനു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി; മിച്ചമുള്ളത് 62,000 സീറ്റ്

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി; മിച്ചമുള്ളത് 62,000 സീറ്റ്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് വൈകീട്ട് നാലു മണി വരെ സ്വീകരിക്കും. അപേക്ഷ നല്‍കിയിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് പുതുക്കണം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റിലെ ( www.hscap.kerala.gov.in ) കാന്‍ഡിഡേറ്റ് ലോഗിനില്‍ പ്രവേശിച്ചാണ് പുതുക്കേണ്ടത്.

പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ട്. 16 ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 17,18 തീയതികളില്‍ സ്‌കൂളില്‍ ചേരാം. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ഇന്നും വൈകീട്ട് നാലുമണി വരെ സ്വീകരിക്കുന്നതാണ്. ഈ വര്‍ഷം ഇതേവരെ സംസ്ഥാനത്ത് പ്ലസ് വണ്ണിന് 3,80,730 കുട്ടികളാണ് പ്രവേശനം നേടിയിട്ടുള്ളത്. മിച്ചമുള്ളത് 62, 046 സീറ്റുകളാണ്. ഇതില്‍ 29,069 സീറ്റുകള്‍ ഏകജാലകം വഴിയുള്ള പൊതു മെറിറ്റിലാണ്. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 32,602 സീറ്റും, എസ് സി -എസ് ടി വകുപ്പുകളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 375 സീറ്റും ബാക്കിയുണ്ട്.