by Midhun HP News | Jul 9, 2025 | Latest News, കേരളം
കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്. മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്ലസ്ടുമാര്‍ക്കും പ്രവേശന പരീക്ഷാ മാര്‍ക്കും ചേര്‍ത്ത് 600 മാര്‍ക്കിലാണ് പോയിന്റുനില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
by Midhun HP News | Jul 9, 2025 | Latest News, ജില്ലാ വാർത്ത
മാമം, തക്ഷശില ലൈബ്രറി വായനാ പഷാചരണ സമാപന ഉത്ഘാടനവും ഐ വി ദാസ് അനുസ്മരണവും നടത്തി. തക്ഷശില ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി. കവിയും എഴുത്തുകാരനും ആയ രാധാകൃഷ്ണൻ കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് ആർ സ്വാഗതം പറഞ്ഞു. വനിതാ വേദി സെക്രട്ടറി സ്മിതാ വിക്രമൻ, ബാലവേദി സെക്രട്ടറി കുമാരി നന്ദിത എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ബിന്ദുലിയോ കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Jul 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു
കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം.
ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.
by Midhun HP News | Jul 9, 2025 | Latest News, കേരളം
കൊല്ലം: കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് സ്ത്രീ – പുരുഷ അന്തരം വര്‍ധിച്ചതായി കണക്കുകള്‍. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷന്‍മാരുടെ എണ്ണം വളരെ കുറവെന്ന് ആരോഗ്യ വകുപ്പ്. 2023-24 കാലത്ത് സംസ്ഥാനത്ത് 51,740 സ്ത്രീകള്‍ വിവിധ തരത്തിലുള്ള വന്ധ്യംകരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചപ്പോള്‍ 457 പുരുഷന്‍മാര്‍ മാത്രമാണ് ഇതിന് തയ്യാറായതെന്ന് ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫോര്‍മേശന്‍ സിസ്റ്റം (എച്ച്എംഐഎസ്) ചൂണ്ടിക്കാട്ടുന്നു.
പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ആണ് സംസ്ഥാനത്ത് പുരുഷ വന്ധ്യംകരണ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷ വന്ധ്യംകരണം ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. എട്ട് പേര്‍ മാത്രമാണ് 2023-24 കാലത്ത് ജില്ലയില്‍ വന്ധ്യംകരണത്തിന് തയ്യാറായത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 11 പേരും ഇടുക്കിയില്‍ 15 പുരുഷന്‍മാരും ഇക്കാലയളവില്‍ വന്ധ്യംകരണത്തിന് വിധേയരായി.
കുടുംബാസൂത്രണത്തിനുള്ള സ്ഥിരമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന നിലയുള്ള മനോഭാവത്തിന്റെ വ്യക്തമായ സൂചനകളാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ബോധവത്കരണം ഉള്‍പ്പെടെ ഗുണം ചെയ്തിട്ടില്ലെന്നും ഡാറ്റകള്‍ അടിവരയിടുന്നു. ലാപ്രോസ്‌കോപ്പിക്, മിനി-ലാപ്, പോസ്റ്റ്-പാര്‍ട്ടം സ്റ്റെറിലൈസേഷന്‍ (പിപിഎസ്), പോസ്റ്റ്-അബോര്‍ഷന്‍ സ്റ്റെറിലൈസേഷന്‍ (പിഎഎസ്) എന്നിവയിലൂടെയാണ് സ്ത്രീകളില്‍ പ്രധാനമായും ജനന നിയന്ത്രണം നടപ്പാക്കുന്നത്.
2014-15 വര്‍ഷത്തില്‍ സംസ്ഥാനത്ത് 91,471 വന്ധ്യംകരണങ്ങളാണ് നടന്നത്. ഇതില്‍ 1,262 പുരുഷന്‍മാര്‍ എന്‍എസ്‌വി എന്നറിയപ്പെടുന്ന നോ-സ്‌കാല്‍പല്‍ വാസക്ടമിക്ക് വിധേയരായി. പിന്നീട് എന്‍എസ്വികള്‍ ക്രമാതീതമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഏറ്റവും കുറവ് വന്ധ്യംകരണങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ 53,461 വന്ധ്യംകരണങ്ങള്‍ നടന്നപ്പോള്‍ 73 എണ്ണം മാത്രമായിരുന്നു എന്‍എസ്‌വികള്‍. 2021-22 ല്‍, 54,788 വന്ധ്യം കരണങ്ങള്‍ നടന്നു ഇതില്‍ 299 എന്‍എസ്‌വികള്‍ ഉണ്ടായിരുന്നു. 2022-23 സമയത്ത് എന്‍എസ് വിയില്‍ ചെറിയ ഉയര്‍ച്ച രേഖപ്പെടുത്തുകയും 635 എണ്ണത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ 2023-24 ല്‍ വീണ്ടും 457 ആയി കുറഞ്ഞു.
ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ആധുനിക രീതികളുടെ വര്‍ധനവ് ഉള്‍പ്പെടെ വന്ധ്യംകരണ കണക്കുകളില്‍ പ്രകടമാണ്. അതേസമയം, ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷ വന്ധ്യംകരണം വേഗത്തില്‍ നടപ്പാക്കാവുന്നതും സുരക്ഷിതവുമായ നടപടി ആണെങ്കിലും സമൂഹത്തില്‍ ഇപ്പോഴും തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. 10-15 മിനിറ്റ് മാത്രം നീളുന്ന ലളിതമായ നടപടികളാണ് എന്‍എസ്വികള്‍ക്കുള്ളത്. മുറിവുകളോ തുന്നലുകളോ ആവശ്യമില്ല.
ഉദ്ധാരണത്തെയും സ്ഖലനത്തെയും ഇത് ബാധിക്കുകയുമില്ല. എന്നാല്‍ പുരുഷത്വം, ലൈംഗികതയോടുള്ള താത്പര്യം എന്നിവ നഷ്ടപ്പെടുമെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ശശി കുമാര്‍ പറയുന്നു. വന്ധ്യംകരണം സംബന്ധിച്ച് സാമൂഹിക മനോഭാവം പ്രധാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കിടയിലാണ് പുനര്‍വിവാഹം കൂടുതല്‍ സാധാരണമാണ്. വന്ധ്യംകരണം രണ്ടാം വിവാഹത്തിനുള്ള സാധ്യതയെ ദോഷകരമായി ബാധിക്കുമെന്ന് പല പുരുഷന്മാരും വിശ്വസിക്കുന്നു. ആ ഭയവും പുരുഷത്വത്തെ ബാധിക്കുമെന്ന മിഥ്യാധാരണകളുമാണ് വന്ധ്യംകരണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.
സംസ്ഥാനത്ത് പ്രസവങ്ങളില്‍ സിസേറിയനില്‍ ഉണ്ടായ വര്‍ധനയും സ്ത്രീകളിലെ വന്ധ്യംകരണ നിരക്ക് വര്‍ധിക്കാന്‍ ഇടാക്കിയിട്ടുണ്ടെന്ന് കൊല്ലത്തെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ ഡോ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍ പ്രസവങ്ങള്‍ക്കൊപ്പം വന്ധ്യംകരണവും നടത്തുന്ന രീതി വ്യാപകമാണ്. അധിക നടപടികള്‍ക്ക് വേണ്ടെന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ കുടുംബാസൂത്രണം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന നിലയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത് എന്നും ഡോക്ടര്‍ പറയുന്നു.
by Midhun HP News | Jul 9, 2025 | Latest News, കേരളം
കണ്ണൂര്‍: ഓണക്കാലത്ത് ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്ന് കേരഫെഡ്. ഉടന്‍ സര്‍ക്കാര്‍ അനുമതിയാകുമെന്നും കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലേതുപോലെ കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും തുടങ്ങും. തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളില്‍ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം. വിപണി വിലയേക്കാള്‍ കിലോഗ്രാമിന് ഒരു രൂപ അധികം നല്‍കും.
ഓണവിപണിയില്‍ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താന്‍ 4500 ക്വിന്റല്‍ കൊപ്രയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കേര ഫെഡിന്റെ പ്ലാന്റില്‍ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിന് കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Recent Comments