ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു

കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം.

ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.

കുടുംബാസൂത്രണം ആരുടെ ഉത്തരവാദിത്തം?, കഴിഞ്ഞ വര്‍ഷം വന്ധ്യംകരണം നടത്തിയത് 457 പുരുഷന്മാര്‍ മാത്രം

കുടുംബാസൂത്രണം ആരുടെ ഉത്തരവാദിത്തം?, കഴിഞ്ഞ വര്‍ഷം വന്ധ്യംകരണം നടത്തിയത് 457 പുരുഷന്മാര്‍ മാത്രം

കൊല്ലം: കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് സ്ത്രീ – പുരുഷ അന്തരം വര്‍ധിച്ചതായി കണക്കുകള്‍. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷന്‍മാരുടെ എണ്ണം വളരെ കുറവെന്ന് ആരോഗ്യ വകുപ്പ്. 2023-24 കാലത്ത് സംസ്ഥാനത്ത് 51,740 സ്ത്രീകള്‍ വിവിധ തരത്തിലുള്ള വന്ധ്യംകരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചപ്പോള്‍ 457 പുരുഷന്‍മാര്‍ മാത്രമാണ് ഇതിന് തയ്യാറായതെന്ന് ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫോര്‍മേശന്‍ സിസ്റ്റം (എച്ച്എംഐഎസ്) ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ആണ് സംസ്ഥാനത്ത് പുരുഷ വന്ധ്യംകരണ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷ വന്ധ്യംകരണം ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. എട്ട് പേര്‍ മാത്രമാണ് 2023-24 കാലത്ത് ജില്ലയില്‍ വന്ധ്യംകരണത്തിന് തയ്യാറായത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 11 പേരും ഇടുക്കിയില്‍ 15 പുരുഷന്‍മാരും ഇക്കാലയളവില്‍ വന്ധ്യംകരണത്തിന് വിധേയരായി.

കുടുംബാസൂത്രണത്തിനുള്ള സ്ഥിരമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന നിലയുള്ള മനോഭാവത്തിന്റെ വ്യക്തമായ സൂചനകളാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ബോധവത്കരണം ഉള്‍പ്പെടെ ഗുണം ചെയ്തിട്ടില്ലെന്നും ഡാറ്റകള്‍ അടിവരയിടുന്നു. ലാപ്രോസ്‌കോപ്പിക്, മിനി-ലാപ്, പോസ്റ്റ്-പാര്‍ട്ടം സ്റ്റെറിലൈസേഷന്‍ (പിപിഎസ്), പോസ്റ്റ്-അബോര്‍ഷന്‍ സ്റ്റെറിലൈസേഷന്‍ (പിഎഎസ്) എന്നിവയിലൂടെയാണ് സ്ത്രീകളില്‍ പ്രധാനമായും ജനന നിയന്ത്രണം നടപ്പാക്കുന്നത്.

2014-15 വര്‍ഷത്തില്‍ സംസ്ഥാനത്ത് 91,471 വന്ധ്യംകരണങ്ങളാണ് നടന്നത്. ഇതില്‍ 1,262 പുരുഷന്‍മാര്‍ എന്‍എസ്‌വി എന്നറിയപ്പെടുന്ന നോ-സ്‌കാല്‍പല്‍ വാസക്ടമിക്ക് വിധേയരായി. പിന്നീട് എന്‍എസ്വികള്‍ ക്രമാതീതമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഏറ്റവും കുറവ് വന്ധ്യംകരണങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ 53,461 വന്ധ്യംകരണങ്ങള്‍ നടന്നപ്പോള്‍ 73 എണ്ണം മാത്രമായിരുന്നു എന്‍എസ്‌വികള്‍. 2021-22 ല്‍, 54,788 വന്ധ്യം കരണങ്ങള്‍ നടന്നു ഇതില്‍ 299 എന്‍എസ്‌വികള്‍ ഉണ്ടായിരുന്നു. 2022-23 സമയത്ത് എന്‍എസ് വിയില്‍ ചെറിയ ഉയര്‍ച്ച രേഖപ്പെടുത്തുകയും 635 എണ്ണത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ 2023-24 ല്‍ വീണ്ടും 457 ആയി കുറഞ്ഞു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ആധുനിക രീതികളുടെ വര്‍ധനവ് ഉള്‍പ്പെടെ വന്ധ്യംകരണ കണക്കുകളില്‍ പ്രകടമാണ്. അതേസമയം, ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷ വന്ധ്യംകരണം വേഗത്തില്‍ നടപ്പാക്കാവുന്നതും സുരക്ഷിതവുമായ നടപടി ആണെങ്കിലും സമൂഹത്തില്‍ ഇപ്പോഴും തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. 10-15 മിനിറ്റ് മാത്രം നീളുന്ന ലളിതമായ നടപടികളാണ് എന്‍എസ്വികള്‍ക്കുള്ളത്. മുറിവുകളോ തുന്നലുകളോ ആവശ്യമില്ല.

ഉദ്ധാരണത്തെയും സ്ഖലനത്തെയും ഇത് ബാധിക്കുകയുമില്ല. എന്നാല്‍ പുരുഷത്വം, ലൈംഗികതയോടുള്ള താത്പര്യം എന്നിവ നഷ്ടപ്പെടുമെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ശശി കുമാര്‍ പറയുന്നു. വന്ധ്യംകരണം സംബന്ധിച്ച് സാമൂഹിക മനോഭാവം പ്രധാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കിടയിലാണ് പുനര്‍വിവാഹം കൂടുതല്‍ സാധാരണമാണ്. വന്ധ്യംകരണം രണ്ടാം വിവാഹത്തിനുള്ള സാധ്യതയെ ദോഷകരമായി ബാധിക്കുമെന്ന് പല പുരുഷന്മാരും വിശ്വസിക്കുന്നു. ആ ഭയവും പുരുഷത്വത്തെ ബാധിക്കുമെന്ന മിഥ്യാധാരണകളുമാണ് വന്ധ്യംകരണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.

സംസ്ഥാനത്ത് പ്രസവങ്ങളില്‍ സിസേറിയനില്‍ ഉണ്ടായ വര്‍ധനയും സ്ത്രീകളിലെ വന്ധ്യംകരണ നിരക്ക് വര്‍ധിക്കാന്‍ ഇടാക്കിയിട്ടുണ്ടെന്ന് കൊല്ലത്തെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ ഡോ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍ പ്രസവങ്ങള്‍ക്കൊപ്പം വന്ധ്യംകരണവും നടത്തുന്ന രീതി വ്യാപകമാണ്. അധിക നടപടികള്‍ക്ക് വേണ്ടെന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ കുടുംബാസൂത്രണം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന നിലയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത് എന്നും ഡോക്ടര്‍ പറയുന്നു.

ബിപിഎലുകാര്‍ക്ക് സന്തോഷിക്കാം; ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ

ബിപിഎലുകാര്‍ക്ക് സന്തോഷിക്കാം; ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ

കണ്ണൂര്‍: ഓണക്കാലത്ത് ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്ന് കേരഫെഡ്. ഉടന്‍ സര്‍ക്കാര്‍ അനുമതിയാകുമെന്നും കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലേതുപോലെ കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും തുടങ്ങും. തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളില്‍ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം. വിപണി വിലയേക്കാള്‍ കിലോഗ്രാമിന് ഒരു രൂപ അധികം നല്‍കും.

ഓണവിപണിയില്‍ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താന്‍ 4500 ക്വിന്റല്‍ കൊപ്രയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കേര ഫെഡിന്റെ പ്ലാന്റില്‍ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിന് കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം; സ്ഥിതി നിരീക്ഷിക്കുന്നതായി കേന്ദ്രം

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം; സ്ഥിതി നിരീക്ഷിക്കുന്നതായി കേന്ദ്രം

ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്.

വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ വധ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.

അതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയര്‍മാനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കെ. ബാബു പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ട്. യെമനില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഗോത്രസമുദായങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. ഈ വിഷയത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സാമുവല്‍ ഇന്നുതന്നെ യെമെനിലേക്ക് പുറപ്പെടുമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

നിമിഷ പ്രിയയുടെ വധ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.

2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. വധ ശിക്ഷ ഒഴിവാക്കാന്‍ ദയാധനമായി 8.57 കോടി രൂപയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കുകളാണിത്. ഇതേകാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മദ്യവില്‍പ്പനയുടെ നികുതിയിനത്തില്‍ നല്‍കിയത് 14,821.91 കോടി രൂപ.

ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി
സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ 24.75 ലക്ഷം ലിറ്റര്‍ മദ്യം ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിനുപുറമേ 763.07 കോടി രൂപയുടെ മദ്യം പുറത്തുനിന്ന് വാങ്ങി.

രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2025 മാര്‍ച്ച് 31 വരെ ബാര്‍ ലൈസന്‍സ് ഫീസിനത്തില്‍ ഖജനാവില്‍ ലഭിച്ചത് 1225.70 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് നിലവില്‍ ബാര്‍ ലൈസന്‍സ് ഫീസ്. എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം. 304.07 കോടി രൂപ. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍നിന്ന് യഥാക്രമം 156.15 കോടി രൂപയും 134.43 കോടി രൂപയും ലഭിച്ചു.

ബാര്‍ ലൈസന്‍സുള്ള 45 ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. ഇവയുടെ ഫീസിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 41.85 കോടി രൂപയാണ്. 19 ഇന്ത്യന്‍നിര്‍മിത വിദേശമദ്യ നിര്‍മാണശാലകളാണ് സംസ്ഥാനത്തുള്ളത്. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.