മരുമകളെ ബലാത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടി; ഭര്‍തൃപിതാവ് അറസ്റ്റില്‍

മരുമകളെ ബലാത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടി; ഭര്‍തൃപിതാവ് അറസ്റ്റില്‍

ഫരീദാബാദ്: ഹരിയാന ഫരീദാബാദിലെ യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കൊന്നു കുഴിച്ചുമൂടുന്നതിന് മുന്‍പ് യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. യുവതിയുടെ ഭര്‍തൃമാതാവും കൊലപാതകത്തില്‍ പങ്കാളിയാണ്. കൊലപാതക കേസില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനായി പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്.

ഭര്‍തൃപിതാവ് ഭൂപ് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായ വിവരം ലഭിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഭൂപ് സിങ് കുറ്റസമ്മത മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 24കാരിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ഏപ്രില്‍ 15നാണ്. ഇതില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃമാതാവും പങ്കാളിയാണ്. കൊലപാതക പ്ലാന്‍ അനുസരിച്ച് ഏപ്രില്‍ 15ന് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി ഭര്‍തൃമാതാവ് ഉത്തര്‍പ്രദേശിലേക്ക് പോയി. ഏപ്രില്‍ 21 ന് രാത്രിയാണ് കൊലപാതകം നടന്നതെന്ന് ഭൂപ് സിങ് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവദിവസം യുവതിയുടെ ഭര്‍ത്താവ് അരുണ്‍ ഭാര്യയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇതിന് പിന്നാലെ ഇരുവരും രണ്ടുമുറികളിലായി ഉറക്കത്തിലായി. പ്ലാന്‍ അനുസരിച്ച് കൊല്ലാന്‍ ഭൂപ് സിങ് യുവതിയുടെ മുറിയിലേക്ക് പോയി. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ അബോധാവസ്ഥയിലായ മരുമകളെ കൊല്ലുന്നതിനുമുമ്പ്, ഭൂപ് സിങ് ബലാത്സംഗം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത കാര്യം ഭൂപ് സിങ് ഭാര്യയോടും മകനോടും പറഞ്ഞിരുന്നില്ലെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കുറച്ച് സമയത്തിന് ശേഷം, ഭൂപ് സിങ് അരുണിനെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. തെരുവില്‍ കുഴി ഉണ്ടാക്കി അതിലിട്ടാണ് മൃതദേഹം മൂടിയത്. തുടര്‍ന്ന് കുഴി മലിനജല സംവിധാനത്തിനാണ് നിര്‍മ്മിച്ചതെന്ന് പറഞ്ഞു അയല്‍വാസികളെ പ്രതികള്‍ വിശ്വസിപ്പിച്ചു. യുവതിയെ കാണാതായ രണ്ടുമാസക്കാലം ഇക്കാര്യം ഭര്‍തൃവീട്ടുകാര്‍ മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു അരുണുമായുള്ള യുവതിയുടെ വിവാഹം.

ജൂലൈ ഏഴ് ദേശീയ അവധി; സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

ജൂലൈ ഏഴ് ദേശീയ അവധി; സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

ഡൽ‌ഹി: റമദാന്‍ കഴിഞ്ഞാല്‍ ഇസ്ലാം അവരുടെ രണ്ടാമത്തെ പുണ്യ മാസമായി കണക്കാക്കുന്നത് മുഹറമാണ്. ഇസ്ലാമിക് കലണ്ടറായ ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമില്‍ നാലു പുണ്യ മാസങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്നാണ് മുഹറം.

ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭം കുറിക്കുന്ന മുഹറം, ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ച് ഇന്ത്യയില്‍ ജൂലൈ 6 അല്ലെങ്കില്‍ 7 തീയതികളിലാണ് ആചരിക്കുക. നിലവില്‍ ഔദ്യോഗിക തീയതി ജൂലൈ 6 ആണ്. എന്നാല്‍ ചന്ദ്രക്കല കാണുന്നത് അനുസരിച്ച് അവധി ജൂലൈ 7 ലേക്ക് മാറിയെന്നും വരാം. മുഹറം ആചരിക്കുന്ന ദിവസം രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയ്ക്ക് അവധിയായിരിക്കും.

അതിനിടെ മുഹറം പ്രമാണിച്ച് ജൂലൈ 7 ( തിങ്കളാഴ്ച) ഇന്ത്യയില്‍ ദേശീയ അവധിയായി പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുകയാണ്. ഇത് വിശ്വസിച്ച് പലരും വീട്ടിലേക്ക് പോകാനും മറ്റും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രകള്‍ പ്ലാന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ജൂലൈ 7 ദേശീയ അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

താജ് മഹലില്‍ ചോര്‍ച്ച, പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി

താജ് മഹലില്‍ ചോര്‍ച്ച, പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്‌കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്.

ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ആറുമാസമെങ്കിലും വേണ്ടിവരും പണി പൂര്‍ത്തിയാകാന്‍ എന്നാണ് നിഗമനം. നിലവില്‍ താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഎസ്‌ഐ അറിയിച്ചു.

താജ് മഹലിന്റെ പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാധമിക നിഗമനം. താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തിനെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നിര്‍മിതിയുടെ സമ്മര്‍ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ടെന്നുമാണ് ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനയിലെ വിലയിരുത്തല്‍.

ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും, തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുപണി ആരംഭിക്കുമെന്നും താജ് മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയ് അറിയിച്ചു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പാലക്കാട്: ഗായത്രിപ്പുഴയില്‍ തരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നില്‍ ഭാരതപ്പുഴയിലെ കടവില്‍ ആണ് മൃതദേഹം അടിഞ്ഞത്. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകന്‍ പ്രണവാണ് (21) മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് അന്‍പത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാന്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.

തരൂര്‍ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രണവ് അപകടത്തില്‍പ്പെട്ടത്. ആലത്തൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് പ്രണവ്.

പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രണവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.

സംഭവ സ്ഥലത്ത് ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു?; ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്

സംഭവ സ്ഥലത്ത് ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു?; ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്

കൊച്ചി: ഇടക്കൊച്ചിയില്‍ യുവാവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. ഈ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.

ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ഭര്‍ത്താവ് ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഈ സംശയങ്ങള്‍ക്ക് പിന്നാലെ പോയതാണ് കേസ് തെളിയിക്കാന്‍ സഹായകമായതെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാനിന്റെ മുന്‍സീറ്റില്‍ ആഷിഖിനെ മരിച്ച നിലയില്‍ കണ്ടത്. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിഖ് മത്സ്യ വിതരണ വാഹനത്തിന്റെ ഡ്രൈവറാണ്. സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോള്‍ ഓടിയെത്തിയവരാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്.

അടുത്തെത്തിയവരോട് ഷഹാന പറഞ്ഞത്, അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടയിലും കാല്‍പാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം.

തുടര്‍ന്നാണ്, ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയില്‍ കഥകള്‍ പ്രചരിച്ചത്. ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യര്‍ഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങി. അത് മുടക്കാന്‍ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിക്കുകയായിരുന്നു.

തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാന്‍ ഷഹാന ആഷിഖിന്റെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.

കേസില്‍ ഷഹാനയും ശിഹാബുമാണ് പ്രതികള്‍. ഷഹാനയും ആഷിഖും തമ്മിലുള്ള അടുപ്പം ശിഹാബിന് അറിയാമായിരുന്നു. അതില്‍നിന്നു പിന്മാറണമെന്ന് ശിഹാബ് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തയാറായില്ല. തുടര്‍ന്ന് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ ശിഹാബ് പീഡന പരാതി കൊടുപ്പിച്ചു.

21 ദിവസം ആഷിഖ് ജയിലില്‍ കഴിഞ്ഞു. പിന്നീടും ഇരുവരും അടുപ്പം തുടര്‍ന്നെങ്കിലും ആഷിഖ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പ്രശ്‌നമായി. ഷഹാന ഇതിന്റെ പേരില്‍ ആഷിഖിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഷഹാനയുടെ നഗ്‌നചിത്രങ്ങളടക്കം തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ആഷിഖ് പറഞ്ഞതോടെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചെന്നാണ് പൊലീസിന്റെ നിഗമനം.