by Midhun HP News | Jun 19, 2025 | Latest News, കേരളം
കണ്ണൂര്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി. കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച അബുദാബിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള രണ്ട് വിമാനങ്ങളും ഷാര്‍ജയ്ക്കും കോഴിക്കോടും ഇടയിലുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സര്‍വീസുകള്‍ വീതം റദ്ദാക്കി.
നിരവധി വിമാനങ്ങളും വൈകി. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടിക്കറ്റുനിരക്കുകളിലും വര്‍ധനയുണ്ടായി.
കെഎംസിസി, കേരള പ്രവാസി സംഘം എന്നിവയുള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ടിക്കറ്റ് നിരക്കുകളിലെ കുത്തനെയുള്ള വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് അമിതമായ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. കേരളത്തിനും ജിസിസി രാജ്യങ്ങള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള നിരവധി വിമാനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കുകയാണ്. ഏറ്റവും കൂടുതല്‍ ബാധിച്ചത് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളാണ്. ഈ റദ്ദാക്കലുകള്‍ കാരണം നിരവധി മലയാളികള്‍ ഗള്‍ഫിലും സംസ്ഥാനത്തും കുടുങ്ങി. യാതൊരു അറിയിപ്പുമില്ലാതെയാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗം സൈനുദ്ദീന്‍ ചേലേരി പറഞ്ഞു.
ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു
നേരത്തെ 1,000 മുതല്‍ 12,000 രൂപ വരെ വിലയുണ്ടായിരുന്ന അബുദാബി-കണ്ണൂര്‍ ടിക്കറ്റ് ഇപ്പോള്‍ 34,321 രൂപയായി ഉയര്‍ന്നു, ജൂലൈയോടെ 47,625 മുതല്‍ 55,171 രൂപ വരെയാകും. ദുബായ്-കണ്ണൂര്‍ നിരക്ക് 29,402 രൂപയായി ഉയര്‍ന്നു, ജൂണ്‍ അവസാന വാരത്തോടെ 38,772 രൂപയിലും ജൂലൈയില്‍ ഇത് 62,000 രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച 33,736 രൂപയായിരുന്ന ദുബായ്-കൊച്ചി നിരക്ക് ജൂലൈ അവസാനത്തോടെ 46,152 രൂപയില്‍ നിന്ന് 53,414 രൂപയായി ഉയരുമെന്ന് കരുതുന്നു. സൗദി അറേബ്യ ഉള്‍പ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും ഉയര്‍ന്നിട്ടുണ്ട്.
by Midhun HP News | Jun 19, 2025 | Latest News, കേരളം
പാലക്കാട്: കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്ന് കാരന്‍ മരിച്ചത്. മൂണ്ടൂര്‍ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം.
വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവാസമേഖലയില്‍ ആണ് ആന ഇപ്പോഴുമുള്ളത്. ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ജീവനെടുക്കുന്ന നിലയിലേക്ക് സംഭവം മാറുന്നത്.
by Midhun HP News | Jun 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷന്‍ സിന്ധു’ എന്നു പേരിട്ട ദൗത്യത്തിലെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയത്. അര്‍മേനിയയിലെ യെരേവനില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്‌റാനില്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എല്ലാം ടെഹ്‌റാനില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ടെഹ്‌റാനില്‍ നിന്നും അര്‍മേറിനയയില്‍ എത്തി അവിടെ നിന്നും ഖത്തര്‍ വഴിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചത്’ ടെഹ്‌റാനിലെ ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പറയുന്നു.
സംഘര്‍ഷമേഖലയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മടങ്ങിയെത്തിവര്‍ പറയുന്നു. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ന്യൂഡല്‍ഹിയില്‍ എത്തിയത് എന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിലെ വ്യോമ പാത അടച്ചതോടെ വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ സാധ്യമായിരുന്നില്ല. ഇതോടെ റോഡ്മാര്‍ഗമാണ് ടെഹ്‌റാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അര്‍മേനിയയില്‍ എത്തിച്ചത്.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്റെ അയല്‍രാജ്യങ്ങളില്‍ ഒന്നാണ് അര്‍മീനിയ. അടുത്തിടെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറിനു’ ശേഷം ഇറാന്റെ മറ്റ് അയല്‍രാജ്യങ്ങളായ തുര്‍ക്കി, അസര്‍ബൈജാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദപരമായ ബന്ധമില്ല. ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jun 19, 2025 | Latest News
കൊച്ചി: ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം(ATM) വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.
എടിഎമ്മുകളില്‍ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയപരിധി നല്‍കിയത്. സെപ്റ്റംബര്‍ 30നകം എല്ലാ ബാങ്കുകളും എടിഎമ്മില്‍ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാര്‍ച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം. എടിഎമ്മുകളില്‍ പണം വെക്കുന്ന ‘കസറ്റു’കളില്‍ ഒന്നില്‍ വീതമെങ്കിലും പൂര്‍ണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.
ഇതോടെ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 30 ആകാന്‍ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും 100, 200 നോട്ട് എത്തിയതായാണ് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.
by Midhun HP News | Jun 19, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് ( Sabarimala Rope way ) സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്.
നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിർമിക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം.
അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. വർഷം 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാം. അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു.
Recent Comments