ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ലഖ്നൗ: ഹജ്ജ് തീര്‍ഥാടകരുമായ വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. എസ് വി3112 എന്ന വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്നുള്ള സൗദിയ എയര്‍ലൈന്‍സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. SV 312 വിമാനത്തില്‍ തീ കണ്ട ഉടന്‍ ഗ്രൗണ്ട് സ്റ്റാഫ് എയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയര്‍ലൈന്‍സ് ടെക്‌നിക്കല്‍ ടീമിന്റെ സഹകരണത്തോടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

ഇറാന്റെ ഇൻ്റലിജൻസ് മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു

ഇറാന്റെ ഇൻ്റലിജൻസ് മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു

ടെൽഅവീവ്: ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് തലവൻ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസൻ മോഹഖിയെയുമാണ് വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ 10 പേർ ഇതുവരെ കൊല്ലപ്പെട്ടു.

ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് കഴിഞ്ഞ രാത്രി ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിട്ടത്. തെഹ്റാനിൽ ഇറാന്റെ സൈനിക കേന്ദ്രം തകർക്കുന്ന ദൃശ്യം ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. പാർച്ചിൻ, ഫോർദോ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇറാന്റെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയ ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വടക്കൻ ഇറാനിലെ മാഷാദ് വിമാനത്താവളവും ഇസ്രയേൽ ആക്രമിച്ചു. ഇസ്രായേലിലെ ഹൈഫ, ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫയിലെ ഇസ്രായേലി റിഫൈനറിയിലും ആക്രമണം നടന്നു. ടെൽ അവീവിൽ നിരവധി കെട്ടിടങ്ങളും തകർന്നു.

മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി; പത്തുവയസുകാരി 30 അടി താഴ്ചയിലേക്ക് വീണു, അപകട ദൃശ്യങ്ങള്‍ പുറത്ത്

മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി; പത്തുവയസുകാരി 30 അടി താഴ്ചയിലേക്ക് വീണു, അപകട ദൃശ്യങ്ങള്‍ പുറത്ത്

മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്നുള്ള തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ തൃഷയുടെ മാതാപിതാക്കള്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചത്.

സിപ്‌ലൈന്‍ കേബിള്‍ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛന്‍ പ്രഫുല്ല ബിജ്വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തൃഷ. വീഴ്ചയില്‍ തൃഷയുടെ കാലില്‍ ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ആദ്യം മണാലിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി ചണ്ഡീഗഡിലെ മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റി. ഇപ്പോള്‍ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാന്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

മണാലിയിലെ പ്രധാന ആകര്‍ഷണമാണ് രണ്ടുമലകള്‍ക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വലിച്ചിട്ടുള്ള സിപ് ലൈന്‍. പ്രകൃതിഭംഗി ആസ്വദിച്ച് പുഴയ്ക്ക് കുറുകെയുള്ള ലൈനിലൂടെ ഒരു മലയില്‍നിന്ന് എതിര്‍ഭാഗത്തുള്ള മലയിലേക്ക് പറന്നിറങ്ങുന്നതുപോലെയുള്ള യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.

ആറന്മുളയില്‍ പുതിയ പദ്ധതി?, വിമാനത്താവളത്തിനായി പരിഗണിച്ച സ്ഥലത്ത് ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന് നീക്കം, എതിര്‍പ്പുമായി കൃഷിവകുപ്പ്

ആറന്മുളയില്‍ പുതിയ പദ്ധതി?, വിമാനത്താവളത്തിനായി പരിഗണിച്ച സ്ഥലത്ത് ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന് നീക്കം, എതിര്‍പ്പുമായി കൃഷിവകുപ്പ്

പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിന് പരിഗണിച്ച സ്ഥലത്ത് ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിക്ക് നീക്കം. നിര്‍ദിഷ്ട സ്ഥലത്ത് ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെ ജി എസ് ഗ്രൂപ്പ് ഐടി വകുപ്പിന് അപേക്ഷ നല്‍കി. 344 ഏക്കറില്‍ വരുന്ന പദ്ധതിയെ എതിര്‍ത്ത് കൃഷിവകുപ്പ് രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്. ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിക്ക് ആവശ്യമായ 344 ഏക്കറില്‍ 90 ശതമാനവും നിലമാണ്. അതുകൊണ്ട് തണ്ണീര്‍ത്തടത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കില്‍ ദൂപരിഷ്‌കരണ ചട്ടത്തില്‍ ഇളവും വേണ്ടിവരും.

ടിഒഎഫ്എല്‍ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് കെജിഎസ് ഗ്രൂപ്പ് ഒരുങ്ങുന്നത്. ഉടമസ്ഥാവകാശം ടിഒഎഫ്എല്‍ കമ്പനിക്ക് നല്‍കി ഇലക്ട്രോണിക്‌സ് സിറ്റി രൂപീകരിക്കാനാണ് കെജിഎസ് ലക്ഷ്യമിടുന്നത്. ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതി എന്നാണ് അപേക്ഷയില്‍ പറയുന്നത്. തണ്ണീര്‍ത്തടമായത് കൊണ്ട് റവന്യൂവകുപ്പിന്റെ അനുമതി അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.

യാത്രാമധ്യേ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ട് – ഹൈദരാബാദ് ലുഫ്താന്‍സ വിമാനം തിരിച്ചു പറന്നു

യാത്രാമധ്യേ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ട് – ഹൈദരാബാദ് ലുഫ്താന്‍സ വിമാനം തിരിച്ചു പറന്നു

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഹൈദരാബാദ് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനം തിരിച്ചുപറന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന എല്‍എച്ച് 752 വിമാനം തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിലയില്‍ ആയിരുന്നു സര്‍വീസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇമെയില്‍ ആയി ലഭിച്ച ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം തിരിച്ചു പറക്കുകയായിരുന്നു.

ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുന്നതായി യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. വിമാന സര്‍വീസ് ഇന്നത്തേക്ക് റീഷെഡ്യൂള്‍ ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചതായി യാത്രക്കാരനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ ഇറങ്ങാന്‍ തങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതിനാലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ തിരിച്ചിറക്കിയതെന്നാണ് ലഭിച്ച വിശദീകരണം എന്നും യാത്രക്കാര്‍ പറയുന്നു.

സുരക്ഷ മുന്‍നിര്‍ത്തി, പുറപ്പെട്ടിടത്തേക്ക് തിരിച്ചുപറക്കാനോ സമീപത്തെ വിമാനത്താവളത്തില്‍ ഇറങ്ങാനോ നിര്‍ദേശിക്കുകയായിരുന്നെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. യാത്ര മുടങ്ങിയ യാത്രക്കാര്‍ത്ത് താമസ സൗകര്യ ഉള്‍പ്പെടെ കമ്പനി ഒരുക്കിയതായും തിങ്കളാഴ്ച ഇതേ വിമാനം ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.