by Midhun HP News | Jun 12, 2025 | Latest News, ജില്ലാ വാർത്ത
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും, എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.
നിരവധി പുരസ്കാരങ്ങൾ നേടിയ ചാമ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഇരുപത്തി മൂന്നുകാരനായ സംബ്രാജ് തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറ് ആണുങ്ങൾ”. ചാമയുടെ രചയിതാവായ യെസ് കുമാർ തന്നെയാണ് പുതിയ ചിത്രത്തിന്റേയും രചയിതാവ്.
ആണിനേയും, പെണ്ണിനേയും, ഇന്ന് സമൂഹത്തിൽ വേർതിരിച്ച് കാണേണ്ട ഒന്നല്ല. എഴുത്തിലും, വാക്കുകളിലും ആണും, പെണ്ണും സമമാണെന്ന് പറയുകയും, പ്രവൃത്തികളിൽ രണ്ടായി കാണുകയും ചെയ്യുന്നു. ഇതിനെതിരെ, സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പ്രതികരിക്കുകയാണ് “ആറ് ആണുങ്ങൾ “എന്ന ചിത്രം.
പ്രത്യേക സംരക്ഷണം, പ്രത്യേക ആനുകൂല്യം, പ്രത്യേക നിയമം, ഇങ്ങനെ വേർതിരിവിൽ, സ്ത്രീ പുരുഷനേക്കാൾ ഒരുപിടി മുന്നിലെത്തുന്നു. അപ്പോഴും പറച്ചിലിൽ,ധൈര്യവാനും കൊമ്പൻ മീശക്കാരനുമൊക്കെയായ ആണ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, ദുരിതങ്ങൾ, പലതാണ്. ഒരു സ്ത്രീ ഒന്ന് വിളിച്ചു പറഞ്ഞാൽ ആണിന് മേൽ നിയമ കുരിക്കിടാൻ ഇന്ന് കഴിയും.
ബാല്യം മുതൽ വാർദ്ധ്യകം വരെ ആണുങ്ങൾ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകളോടുള്ള പൂർണ ബഹുമാനം നിലനിറുത്തികൊണ്ട് തന്നെ, സ്ത്രീജനങ്ങളുടെ തന്നെ മകൻ, ഭർത്താവ്, അച്ഛൻ എന്നിവർ കടന്നുപോയ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ് “ആറ് ആണുങ്ങൾ “എന്ന ചിത്രം.
വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന “ആറ് ആണുങ്ങൾ” എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ജൂൺ മാസം തിരുവനന്തപുരത്ത് നടക്കും. തുടർന്ന് ചിത്രം തീയേറ്ററിലെത്തും.
മഞ്ജുസല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന “ആറ് ആണുങ്ങൾ”, സം ബ്രാജ് എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. രചന – യെസ് കുമാർ, ക്യാമറ – ഗോഗുൽ കാർത്തിക്, ഗാന രചന – വഞ്ചിയൂർ ശശി, ധന്യ സുനീഷ്, സംഗീതം – അടൂർ ഉണ്ണികൃഷ്ണൻ, ജിനോ എസ്.എൽ, ആലാപനം – സുധീപ് കുമാർ, ആദി ശ്രീകുമാർ, പശ്ചാത്തല സംഗീതം – ജിനോ എസ്.എൽ, അസോസിയേറ്റ് ഡയറക്ടർ – സുനീഷ് സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ – സിംസാർ പ്രേമ്, കല സംവിധാനം – പി.ജി.എസ്.നായർ, ചമയം – വിഷ്ണു എസ്, വസ്ത്രാലങ്കാരം – നിരഞ്ജന, പ്രൊഡഷൻ മാനേജർ – ഫെബിൻ സി. സാമുവൽ, സ്റ്റിൽ – അശ്വിൻ കമ്മത്ത്, പബ്ലിസിറ്റി ഡിസൈൻ – ക്വിൻ പെൻ ഡിസൈൻസ്, പി.ആർ. ഒ – അയ്മനം സാജൻ, സ്റ്റുഡിയോ – റെഡ് ആർക് സ്റ്റുഡിയോ, ട്രാവൻ കോർപിക്ച്ചേഴ്സ്, ബെൻസൺ ക്രീയേഷൻസ്, എസ്.എസ്. ഡിജിറ്റൽ, ഐറീസ് ഡിജിറ്റൽ, തരംഗ് മീഡിയ, ദിൽരുപ സ്റ്റുഡിയോ.
ശിവ മുരളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, സജിത് ലാൽ നന്ദനം, രാധാകൃഷ്ണൻ നായർ രാഗം, നസീഫ് ഒതായി, ആദിൽ മുഹമ്മദ്, ബാലുകൈലാസ്, മുരളി കാലോളി, ആദിത്യ ഹരി, ദീപ, ജിനി ഇളക്കാട്, ഗീത, സനൂജ എന്നിവർ അഭിനയിക്കുന്നു.
by Midhun HP News | Jun 12, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.
16 വരെ ഇത് തുടരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്നു ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്.
വനത്തിനുള്ളിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിങ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിങ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സ്റ്റാഫുകളും 7 എആര്‍ഒമാരും ഉള്‍പ്പെടെ 91 കൗണ്ടിങ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി – വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.ഇവിഎം കമ്മിഷനിങ്ങിനുള്ള പരിശീലനം ജൂണ്‍ 13 നും ഇവിഎം കമ്മീഷനിങ് 14 നും നടക്കും. ജൂണ്‍ 16ന് വോട്ടിങ് മെഷീന്‍ വിതരണ ഉദ്യോഗസ്ഥര്‍ക്കും റൂട്ട് ഓഫിസര്‍മാര്‍ക്കും ട്രെയിനിങ് നല്‍കും. മണ്ഡലത്തിലെ ഓരോ പോളിങ് ബൂത്തുകളിലും പരാതികള്‍ക്ക് ഇടവരാത്ത വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങള്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18 ന് രാവിലെ 8 മണി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.
വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് ഇവിടെ തന്നെ ഒരുക്കിയ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇതിനുള്ള ക്രമീകരണം സ്‌കൂളില്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍ എന്നിവര്‍ സ്‌കൂളിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരംനല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എന്‍ഡിഎംഎ) ദുരന്തനിവാരണ നിയമത്തിന്റെ 13ാം വകുപ്പ് പ്രകാരം അധികാരമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയത്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു ഷിബിന്‍ ലാല്‍ പറഞ്ഞിരുന്നത്.
തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരന്‍ പുറത്തിറങ്ങിയ സമയത്ത് ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു എന്നതാണ് കേസ്.
by Midhun HP News | Jun 12, 2025 | Latest News, കേരളം
മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോർഡിലേക്ക്. ബുധനാഴ്ച പൈനാപ്പിൾ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങൾ കഴിയും മുമ്പാണ് വില കുതിച്ചുയർന്നത്. വില ഇനിയും വർധിക്കുമെന്നാണു സൂചന.പച്ചയ്ക്ക് 58 രൂപയായാണ് വർധിച്ചത്. ഉൽപ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാൻഡാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനക്കു കാരണമായി. വില വർധന കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
Recent Comments