by Midhun HP News | May 31, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി. കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപിയാണ് പരാതി നൽകിയത്.
അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിലാണ് ഷാഹിദ് അഫ്രീദി എത്തിയത്. പഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കെയാണ് ഷാഹിദ് അഫ്രീദി, മലയാളികൾ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയത്. ദുബായ് പാകിസ്ഥാൻ അസോസിയേഷൻ ഓഡിറ്ററിയത്തിൽ ആയിരുന്നു പരിപാടി. നേരത്തെതന്നെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഉള്ളയാളാണ് അഫ്രീദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യക്ക് മേൽ ഐതിഹാസിക ജയം നേടിയെന്നവകാശപ്പെട്ട് പാകിസ്ഥാനിൽ റോഡ്ഷോ വരെ അഫ്രീദി നടത്തിയിരുന്നു.
ദുബായിലെ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായി. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണം എന്ന പേരിൽ പാക് മാധ്യമങ്ങളും ഇത് വാർത്തയാക്കി. ഇതോടെയാണ് രൂക്ഷമായ വിമർശനം സംഘാടകർക്കെതിരെ ഉയർന്നത്. സംഭവം വിവാദമായതോടെ മറ്റു പരിപാടികൾക്കായി എത്തിയ അഫ്രീദി അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തുകയായിരുന്നു എന്ന വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. എന്നാൽ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം സംഘാടകർക്കെതിരെ നടക്കുന്നത്.
by Midhun HP News | May 31, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഒരു ജില്ലയിലും ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)
കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)
കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)
കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)
തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | May 31, 2025 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും കോടതി പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി അഭിജിത്താണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് എന്ന് കോടതി നിരീക്ഷിച്ചു. പൗരന്മാരെ മാത്രമല്ല, ഭരണഘടനാപരമായ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു.
അധികാരികളുടെ ഓഫീസിലേക്ക് അനാവശ്യമായ ഭീഷണി സന്ദേശങ്ങള്‍ അയച്ചും ഇവര്‍ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു. പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഭീഷണി സന്ദേശങ്ങളും അയക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഇത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
by Midhun HP News | May 31, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവില്‍ രാജ്യത്ത് 2,710 പേര്‍ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളില്‍ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള കോവിഡ് റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍.
1147 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 424 പേര്‍ക്കും ഡല്‍ഹിയില്‍ 294 പേര്‍ക്കും ഗുജറാത്തില്‍ 223 പേര്‍ക്കും തമിഴ്‌നാട്ടിലും കര്‍ണാടകയിലും 148 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 116 പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2025 ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഏഴ് പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ അഞ്ചു പേരും ഡല്‍ഹിയില്‍ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
by Midhun HP News | May 31, 2025 | Latest News, കേരളം
മലപ്പുറം: അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടരും. അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും. എന്നാല്‍ മത്സരം കടുക്കും. അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിനും സര്‍ക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അന്‍വറിലേക്ക് യുഡിഎഫിനെ ആകര്‍ഷിച്ചത്. യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള അന്‍വറിന്റെ തീരുമാനങ്ങളും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. ഇപ്പോഴും അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകും. അതില്‍ തര്‍ക്കമൊന്നുമില്ല. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ്, സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നതായി അന്‍വര്‍ പറഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ സതീശന്‍ തന്നെ കൈപിടിച്ചു കൊണ്ടു വന്നേനെയെന്ന് സുധാകരന്‍ പറഞ്ഞു.
യുഡിഎഫില്‍ ഞങ്ങള്‍ക്കാര്‍ക്കും അന്‍വറിനോട് വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അദ്ദേഹം വരുമെന്ന് അറിയിച്ചാല്‍ കൂടെ നിര്‍ത്തുന്നതിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. പ്രതിപക്ഷ നേതാവ് അയഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. പ്രതിപക്ഷ നേതാവ് അയഞ്ഞതു കൊണ്ട് മാത്രം കാര്യമില്ല. പ്രതിപക്ഷ നേതാവ് അയയുമ്പോള്‍, അന്‍വര്‍ കൂടെ അയയണം. ഒരാള്‍ അയഞ്ഞതുകൊണ്ട് കാര്യമില്ല. രണ്ടുപേരും അയഞ്ഞാലേ തീരുമാനമാകൂ എന്നും കെ സുധാകരന്‍ പറഞ്ഞു.
യുഡിഎഫ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുമ്പോള്‍, ആ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നയാളുടെ ഒപ്പം പോകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?. അന്‍വറിന്റെ വികാരത്തെ ഒന്നു മയപ്പെടുത്തി കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ അതിനെല്ലാം വിലങ്ങുതടിയായി മാറിയത് ആര്യാടന്‍ ഷൗക്കത്തിനെതിരായ അന്‍വറിന്റെ തന്നെ പ്രതികരണങ്ങളാണെന്ന് കെ സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും കെ സുധാകരന്‍ പറഞ്ഞു.
Recent Comments