by Midhun HP News | May 24, 2025 | Latest News, കേരളം
മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡബ്സി (മുഹമ്മദ് ഫാസിൽ) അറസ്റ്റിൽ. ചങ്ങരംകുളം പൊലീസ് ആണ് ഡബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഫാരിസ്, റംഷാദ്, അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കാഞ്ഞിയൂർ സ്വദേശി ബാസിൽ എന്നയാളുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡബ്സി വിദേശത്ത് ഷോ ചെയ്തതിന്റെ ദൃശ്യങ്ങൾ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇവർക്കിടയിൽ നിലനിന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഡബ്സിയും സുഹൃത്തുക്കളും ബാസിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു എന്നാണ് ബാസിലിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
കിണറ്റിൽ വീണ് മധ്യവയസ്കൻമരണപെട്ടു. കരവാരത്ത് 7 ആം വാർഡിൽ നെടുംപറമ്പ് കല്ലവിള വീട്ടിൽ പ്രദീപ്(52) എന്ന ആൾ ആണ് ഏകദേശം 75 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ഫയർ ഫോഴ്സ് എത്തി കരയിലെത്തിച്ച് ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
by Midhun HP News | May 24, 2025 | Latest News, കേരളം
കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് ജോസിനുള്ളത്. ഇതില്‍ പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വിഡിയോയുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ മുടിയില്‍ പിടിച്ച് നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. കൈയില്‍ കത്തിയെടുത്ത് വെട്ടാന്‍ ഓങ്ങുമ്പോള്‍ ‘അച്ഛാ’ എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. ‘എന്നെ തല്ലല്ലേ’ എന്നും കുട്ടി പറയുന്നു. ‘അമ്മേ പേടിയാകുന്നു, ഒന്ന് വാ’ എന്ന് വീഡിയോയില്‍ കുട്ടികള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
by Midhun HP News | May 24, 2025 | Latest News, കേരളം
ബേപ്പൂര്‍: കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വലപ്പണിക്കാരനാണ് സോളമന്‍. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സോളമന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയം.
കഴിഞ്ഞ ദിവസം കുളിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് സോളമന്‍ മുറിയില്‍ നിന്ന് ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്‌ഐമാരായ എംകെ ഷെനോജ് പ്രകാശ്, എം.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.
തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. പരുക്കേറ്റ ഉടൻ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛർദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വീണ്ടും എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി.രണ്ട് മാസം മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ തുടർച്ചയായി പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് അധികൃതർ.
Recent Comments