പത്മനാഭസ്വാമിക്ഷേത്രത്തിലെ അതീവ സുരക്ഷാമേഖലയിലെ നിരീക്ഷണക്യാമറകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

പത്മനാഭസ്വാമിക്ഷേത്രത്തിലെ അതീവ സുരക്ഷാമേഖലയിലെ നിരീക്ഷണക്യാമറകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്

ലോകത്തെ അമൂല്യമായ നിധിശേഖരമുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ അതീവസുരക്ഷാമേഖലയിലെ ഉൾപ്പടെ 10 നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീകോവിലി​ന്റെ വാതിലി​ന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ 13 പവൻ വരുന്ന സ്വർണ്ണ ദണ്ഡ് കാണാതായതോടെയാണ് ആരംഭിച്ച അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. ഇത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചു കിട്ടിയെങ്കിലും ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സ്വർണദണ്ഡ്. സ്ട്രോങ് റൂമിൽ നിന്ന് ഒരു തുണി സഞ്ചിയിൽ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത് കാണാതായതെന്ന് റിപ്പോർട്ടുണ്ട്. ഇത് മോഷ്ടിക്കാൻ ശ്രമിച്ചതാണോ അതോ ആകസ്മികമായോ അബദ്ധത്തിലോ ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്ഷേത്രത്തി​ന്റെ കിഴക്ക് ഭാ​ഗത്തെ പ്രവേശന കവാടവും ശ്രീകോവിലിനു ചുറ്റുമുള്ള പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തി.

വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. 24 മണിക്കൂറും പരിസരം നിരീക്ഷിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെങ്കിലും, അവർ തകരാർ റിപ്പോർട്ട് ചെയ്തില്ല എന്നത് പ്രോട്ടോക്കോളിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ക്യാമറ അറ്റകുറ്റപ്പണികൾക്ക് ചുമതലയുള്ള സ്വകാര്യ കരാറുകാരനെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉത്തരവാദികളായ പോലീസിന് ഈ തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.

കാണാതായ ശേഷം സ്വർണ്ണം തിരിച്ചു കിട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് 32 പേരെ ചോദ്യം ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണർ വി. പ്രദീപ് പറഞ്ഞു. അവരിൽ ചിലർ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായും സംശയമുള്ളവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ ദണ്ഡ് കാണാതായതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളിലെ ക്രമം പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അടുത്തിടെ പുനർനിർമ്മിച്ച മേൽക്കൂരയും താഴികക്കുടവും സഹിതം സ്വർണ്ണം പൂശിയ ശ്രീകോവിലിന്റെ വാതിൽ ജൂൺ രണ്ടിനും എട്ടിനും ഇടയിൽ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകളിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേൽക്കൂരയുടെയും താഴികക്കുടത്തി​ന്റെയും പണി ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും കോവിഡ് ലോക്ക്ഡൗൺ സമയത്ത് തടസ്സപ്പെട്ടു. മെയ് 25 നകം വാതിൽ സ്വർണ്ണം പൂശൽ പൂർത്തിയാക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിരീക്ഷണ സംവിധാനത്തിന്റെ പൂർണ്ണമായ സാങ്കേതിക ഓഡിറ്റിന് പോലീസ് ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ ക്യാമറകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവെച്ചതായി തെളിവുകൾ ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോ​ഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കും. രണ്ട് മണിക്കൂറോളം ചടങ്ങ് നീളും. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാകും മാർപാപ്പ കുർബാനയ്ക്കെത്തുക. സ്പാനിഷ് ഭാഷയിലാകും കുർബാനയിലെ ആദ്യ 2 വായനകൾ. സുവിശേഷവായന ലത്തീനിലും ഗ്രീക്കിലും.

തുടർന്ന് ഡീക്കന്മാർ, വൈദികർ, മെത്രാന്മാർ എന്നിവരെ പ്രതിനിധീകരിച്ച് കുർബാനയിൽ പങ്കെടുക്കുന്ന 3 കർദിനാൾമാരിൽ ആദ്യത്തെയാൾ പാലിയം ധരിപ്പിക്കും. രണ്ടാമത്തെയാൾ പാപ്പയ്ക്കായി പ്രത്യേക പ്രാർഥന ചൊല്ലും. മൂന്നാമത്തെയാൾ ‘ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് നീ’ എന്ന പത്രോസിന്റെ സാക്ഷ്യം ചൊല്ലി മാർപാപ്പയെ മോതിരം അണിയിക്കും. കുർബാന തുടരുന്ന മാർപാപ്പ അതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സെന്റ് പീറ്റേഴ്സ് ചത്വരത്തോടു ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും.

ശശി തരൂരിന് സ്വന്തം അഭിപ്രായം ഉണ്ടാകാം, പാര്‍ട്ടിക്ക് മുകളിലല്ല; അടൂര്‍ പ്രകാശ്

ശശി തരൂരിന് സ്വന്തം അഭിപ്രായം ഉണ്ടാകാം, പാര്‍ട്ടിക്ക് മുകളിലല്ല; അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂരിന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ അത് പാര്‍ട്ടി ലൈനില്‍ നിന്നുകൊണ്ടായിരിക്കണം. പാര്‍ട്ടിക്ക് വിരുദ്ധവും വ്യത്യസ്തവുമായ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.

‘ശശി തരൂര്‍ ഉന്നത സ്ഥാനത്തിരിക്കുന്നയാളാണ്. ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. പ്രസിഡന്റിനെതിരെ മത്സരിച്ച ആളാണ്. അദ്ദേഹം അദ്ദേഹത്തിന്റേതായ അഭിപ്രായം പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അനുയോജ്യമായ അഭിപ്രായങ്ങള്‍ വരണം. അത്രേയുള്ളൂ. ഞാന്‍ എംപിയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ് എന്ന് ഞാന്‍ പറയില്ല. ശശി തരൂര്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അവിടെ വര്‍ക്കിങ് കമ്മിറ്റിയുണ്ട്.

അവര്‍ തീരുമാനിക്കട്ടെ. എല്ലാവര്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ട്. ശശി തരൂരിന് ഉള്ള കഴിവുകള്‍ ചിലപ്പോള്‍ അടൂര്‍ പ്രകാശിന് കാണില്ല. സുധാകരന് ഉണ്ടാവില്ല. ഓരോരുത്തര്‍ക്കും ഓരോ മേഖലയില്‍ കഴിവുകളുണ്ട്. സാധാരണ നിലയില്‍ കേരളത്തില്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്റെ വികാരം കൂടി ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.’- അടൂര്‍ പ്രകാശ് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമല്ല. മത്സരിച്ച് ജയിച്ചിട്ട് ഞങ്ങള്‍ക്ക് ഭൂരിപക്ഷം വരട്ടെ. ഭൂരിപക്ഷം വരുമ്പോള്‍ തീരുമാനിക്കും ആര് വേണമെന്ന്. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ നേതാവ് ആര് എന്ന് തീരുമാനിക്കും. ഞാന്‍ ഇന്നും ഇന്നലെയും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതല്ല. എംഎല്‍എ ആകുന്നതിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതാണ്. 70കളിലാണ് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്.

കെഎസ് യു പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേയ്ക്ക് വരുന്നത്. അന്നുമുതല്‍ ഈ പ്രസ്ഥാനത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ആരൊക്കെ പോയിട്ടുണ്ടെങ്കിലും ഞാന്‍ പോയിട്ടില്ല. ചരിത്രം നോക്കിയാല്‍ അറിയാം. കെഎസ് യു യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ്. അതിന് മുന്‍പ് തന്നെ ഞങ്ങളുടെ കുടുംബത്തിന് ബാര്‍ ഉണ്ട്. അച്ഛന്‍ തുടങ്ങി വെച്ച ബാര്‍ വിറ്റുതുലയ്ക്കാതെ, എന്റെ കാലത്തും ഞാന്‍ നടത്തിക്കൊണ്ടു പോരുന്നു. ബാര്‍ ഉള്ളതുകൊണ്ട് മദ്യപിച്ച് ഞാന്‍ റോഡില്‍ ഒന്നും കിടന്നിട്ടില്ല. ആ ചരിത്രമുള്ള ആളുകള്‍ ഉണ്ട്. ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.’ – ബാര്‍ മുതലാളിയാണ് എന്നതാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാതിരുന്നതിന് കാരണം എന്ന ഒരു വിഭാഗത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്‌.

കനത്ത മഴയിൽ ബെം​ഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്, യെല്ലോ അലർട്ട്

കനത്ത മഴയിൽ ബെം​ഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്, യെല്ലോ അലർട്ട്

ബംഗളുരു: ബം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ന​ഗരത്തിൽ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളിൽ മരം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു.

കനത്ത മഴയെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി – കെകെആർ ഐപിഎൽ മത്സരം റദ്ദാക്കി. ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴ രാത്രിയും തുടർന്നതോടെ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. എംജി റോഡും കബ്ബൺ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. ബെം​ഗളൂരുവിൽ രണ്ട് ദിവസം യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. വൈകുന്നേരം ആറു മണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തിൽ പലയിടങ്ങളിൽ വീണത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം മരങ്ങൾ വീണിട്ടുള്ളത്. മെയ് 22 വരെ ശക്തമായ മഴ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. 23 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സമാനായ സാഹചര്യം രൂപം കൊണ്ടതിനാൽ ആന്ധ്ര പ്രദേശ്, തമിഴ്നാട് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്യ തെക്ക് പടിഞ്ഞാറൻ മൺസൂൺ അറബിക്കടലിലേക്ക് കടക്കുന്നതും കർണാടകയിൽ മഴ കൂടുതലായി ലഭിക്കാനുള്ള കാരണമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ (84) നിര്യാതയായി

ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ (84) നിര്യാതയായി

ആറ്റിങ്ങൽ: ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം മ്യൂസിക് ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ (84) മരണപ്പെട്ടു. നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് ആണ് മകൻ.