പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടിയിലേക്ക്; ചരിത്ര നേട്ടവുമായി കേരളം

പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടിയിലേക്ക്; ചരിത്ര നേട്ടവുമായി കേരളം

കൊച്ചി: കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം (എന്‍ആര്‍ഐ) പുതിയ ഉയരങ്ങളിലേക്ക്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി പിന്നിടും. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 2,86,063 കോടി രൂപയാണ് കേരളത്തിലെ പ്രവാസി നിക്ഷേപം. ഇതിന് ശേഷമുള്ള 2025 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ ഇത് മൂന്ന് ലക്ഷം കോടി പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രവാസി നിക്ഷേപങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24,000 കോടിയുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 9.4 ശതമാനമാണ് വര്‍ധന. പ്രവാസികള്‍ കുടുംബങ്ങള്‍ക്ക് അയയ്ക്കുന്ന വ്യക്തിഗത പണത്തിന് അപ്പുറത്ത് പരിപാലിക്കപ്പെടുന്ന വിദേശ കറന്‍സി അക്കൗണ്ടുകളാണ് നിക്ഷേപങ്ങളായി കണക്കാക്കുന്നത്. പലിശ നിരക്ക്, വിദേശ വിനിമ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം വര്‍ധിച്ചതാണ് നിക്ഷേപ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇത്തരം നിക്ഷേപങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2014 ലാണ് പ്രവാസി നിക്ഷേപങ്ങള്‍ ഒരു ലക്ഷം കോടി എന്ന നാഴികകല്ല് പിന്നിടുന്നത്. 2020 ഓടെ ഇത് ഇരട്ടിയായി. എന്നാല്‍ കഴിഞ്ഞ ആഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപങ്ങള്‍ അടുത്ത ഒരു ലക്ഷം കോടിയും പിന്നിടുകയായിരുന്നു. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രവാസി നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 75.71 രൂപയായിരുന്നു. നിലവില്‍ ഇത് 85.45 രൂപയാണ്. 14 ശതമാനമാണ് അഞ്ച് വര്‍ഷത്തിന് ഇടയില്‍ വന്ന വ്യത്യാസം.

കോവിഡ് കാലത്ത് ഇടിഞ്ഞ വിദേശത്ത് നിന്നുള്ള പണമയക്കല്‍ വീണ്ടും ശക്തമായതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം ഏകദേശം 19 ശതമാനം മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് ഈ ഇനത്തില്‍ ഉണ്ടായിട്ടുള്ളത്. 2020-21 ല്‍ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായി ആയി കുറഞ്ഞു. 2023-24 ല്‍ ആണ് പിന്നീട് മുന്നേറ്റം ഉണ്ടായത്. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ 19.7 ശതമാനവും കേരളത്തിലായിരുന്നു. 2020-21 കാലത്ത് വന്ന ഇടിവിന്റെ വലിയൊരു പങ്കും ഇവിടെ നികത്തപ്പെട്ടു.

2025 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം, 2023-24 ല്‍ 11870 കോടി ഡോളറാണ് (118.7 ബില്ല്യണ്‍) ഇന്ത്യയിലേക്ക് എത്തിയത്. 2010-11 ല്‍ ഈ കണക്ക് 5560 കോടിയായിരുന്നു. ഒന്നര പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കണക്കില്‍ രേഖപ്പെടുത്തുന്നത്്. പുതിയ കണക്കുകളിലെ 2339 കോടിയും എത്തിയത് കേരളത്തിലേക്കാണ്.

പ്രവാസി നിക്ഷേപങ്ങളില്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. 27.7 ശതമാനമാണ് ഈ വിഹിതം. 19.2 ശതമാനമാണ് യുഎഇയില്‍ നിന്നുള്ള വിഹിതം. 2016 -17 ല്‍ 26.9 ശതമാനം വിഹിതവുമായി യുഎഇ ആയിരുന്നു മുന്നില്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആകെ വിദേശ നിക്ഷേപ വിഹിതം 37.9 ശതമാനമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവ് കുറയുകയും യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ ഉയരുന്നതുമായ പ്രവണത വരും വര്‍ഷങ്ങളിലും തുടുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിലെ കെ വി ജോസഫ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരം കുറവായതാണ് ഈ ഇടിവിന് കാരണമെന്നും കെവി ജോസഫ് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളും വിദഗ്ധ തൊഴിലാളികളും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോഴും മലയാളികള്‍ക്ക് ഗള്‍ഫ് നിര്‍ണായകമായി തുടരുമെന്ന് അവര്‍ പൂനെയിലെ ഫ്‌ലെയിം യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ ബാലന്‍ പറയുന്നു.

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയല്‍ രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ നല്‍കി.

പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നീക്കം കര്‍ശനമാക്കാന്‍ കാരണം. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരിട്ടോ, ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുന്നതിനു തിരിച്ചറിയല്‍ രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ യാത്രാ വേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ വേണം.

ടിക്കറ്റ് പരിശോധകരും റെയില്‍വേ പൊലീസും ആര്‍പിഎഫും പരിശോധന നടത്തും. പ്രധാന സ്റ്റേഷനുകളില്‍ പ്രവേശന കവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നുണ്ട്.

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതികള്‍ക്കായി അന്വേഷണം

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതികള്‍ക്കായി അന്വേഷണം

കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ, കാറ്റ്; കാലവർഷം 27ഓടെ എത്തിയേക്കും, ചൂടും കുറയില്ല

15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ, കാറ്റ്; കാലവർഷം 27ഓടെ എത്തിയേക്കും, ചൂടും കുറയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബം​ഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.

നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബം​ഗാൾ ഉൾക്കടൽ ഭാ​ഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബം​ഗാൾ ഉൾക്കടൽ ഭാ​ഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം.

മഴ പരക്കെ പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ്: മാധ്യമ പ്രവർത്തകൻ്റെ വീട്ടിൽ റെയ്ഡ്

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ്: മാധ്യമ പ്രവർത്തകൻ്റെ വീട്ടിൽ റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസിൻ്റെ റെയ്ഡ്. ഐ ബി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇവിടെനിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു. റിജാസിനെ കഴിഞ്ഞദിവസം നാഗ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് ഇയാൾ. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ഇയാൾക്കെതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഈ കേസിൻ്റെ വിശദാംശങ്ങളും മഹരാഷ്ട്ര എടിഎസ് ശേഖരിച്ചു.