by Midhun HP News | May 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും സ്വാധീനത്തില്‍ നടക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. 2024 ല്‍ മാത്രം ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ 120%ത്തിലധികം വര്‍ധവുണ്ടായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2024 ല്‍ മാത്രം മയക്കുമരുന്നിന്റേയോ മദ്യത്തിന്റേയോ സ്വാധീനത്തില്‍ കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം,മറ്റ് ആക്രമണം എന്നിവയുള്‍പ്പെടെ 88 ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023ല്‍ അത്തരം 37 കേസുകളും 2022ല്‍ 28 കേസുകളും 2021 ല്‍ വെറും 16 കേസുകളുമാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 23 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനുവരിയില്‍ താമരശ്ശേരിയില്‍ 53 വയസുള്ള ഒരു സ്ത്രീയെ 24വയസുള്ള മകന്‍ ആഷിഖ് വെട്ടിക്കൊന്നു. ആഷിഖ് മയക്കുമരുന്നിനടിമയായിരുന്നു. കഴിഞ്ഞ മാസം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ 25 വയസുള്ള ഒരാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മറ്റൊരു കേസില്‍ മലപ്പുറത്തെ താനൂരില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 35 കാരന്‍ വയോധികരായ മാതാപിതാക്കളെ ഉപദ്രവിച്ചു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.
യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും ദുരുപയോഗത്തിലെ വര്‍ധനവും അക്രമ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരി പറയുന്നു. മകന്‍ മാതാപിതാക്കളെ ആക്രമിക്കുന്നതും ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുന്നതുമായ കേസുകള്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ ഒതുങ്ങുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ മാത്രമാണ് പുറത്തു വരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. മയക്കുമരുന്ന് കടത്തും ലഹരി വസ്തുക്കളുടെ ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ഒറ്റപ്പെടല്‍, ശരിയായ രീതിയിലല്ലാത്ത പേരന്റിങ്, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി എന്നിവയാണ് യുവാക്കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ദുരുപയോഗവും വര്‍ധിക്കുന്നതിന് കാരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി പ്രൊഫ. ഡോ. അരുണ്‍ ബി നായര്‍ പറഞ്ഞു. മയക്കുമരുന്ന് തീരുമാനമെടുക്കാനും ക്രിയാത്മകമായി പ്രതികരിക്കാനുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ അക്രമാസക്തമായ പ്രതികരണങ്ങളിലേയ്ക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ യുവാക്കള്‍ക്ക് വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും മാതാപിതാക്കളോട് ഒരു അവഗണനാ മനോഭാവം സൃഷ്ടിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ശരിയായ വിദ്യാഭ്യാസം ആവശ്യമാണ്.
പ്രതിരോധ ശേഷിയും വൈകാരിക നിയന്ത്രണവും പഠിപ്പിക്കുന്ന ജീവിത നൈപുണ്യ വിദ്യാഭ്യാസം സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണം. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കായിക വിനോദങ്ങളിലും സാംസ്‌കാരിക പരിപാടികളിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഡിജിറ്റല്‍ മയക്കുമരുന്ന് ആസ്തികള്‍ കുറയ്ക്കാന്‍ സ്‌പോര്‍ട്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രവര്‍ത്തനരഹിതമായ ക്ലബുകളെ സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കുകുയും അവരുടെ താല്‍പ്പര്യങ്ങളേയും കഴിവുകളേയും അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | May 5, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകൾ വി മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പുത്തൻനട ആറാംവാർഡിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകളാണ് മുൻ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ സന്ദർശിച്ചത്.
അഞ്ചുതെങ്ങിൽ സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ അപകടാവസ്‌ഥയിലായത് താമസക്കാരുടെ ജീവന് ഭീഷണിയാകുന്നത് ചൂണ്ടിക്കാട്ടി ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയാണ് സന്ദർശനപരിപാടിക്ക് നേതൃത്വം നൽകിയത്.
വീടുകളുടെ തകർച്ചയിൽ വില്ലേജ്, ഗ്രാമ പഞ്ചായത്ത്, ഫിഷറീസ് ഓഫീസ്കളെ ദുരിതബാധിതർ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഈ കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമായില്ല. വീടുകളുടെ കാലപ്പഴക്കത്താലുള്ള തകർച്ചയ്ക്ക് പ്രകൃതിക്ഷോഭം, ദുരിതാശ്വാസ സഹായങ്ങൾ തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം വീടുകളുടെ അറ്റകുറ്റപ്പണകൾക്കായി ഈ 14 വർഷ കാലയളവിനുള്ളിൽ ഒരുതവണമാത്രമാണ് വീടുകളുടെ മെയ്ന്റനനസ് വകയിൽ തുക ലഭ്യമായിട്ടുള്ളത്. ഇതൊഴിച്ചാൽ നാളിതുവരെയും അറ്റക്കുറ്റപ്പണിക്കായി മറ്റ് സഹായങ്ങൾ ലഭ്യമായിട്ടില്ലെന്നും തമസക്കാർ പറയുന്നു. നിലവിൽ തീരപരിധിയ്ക്ക് പുറത്താണ് താമസം എന്നതിനാൽ ഇവിടുത്ത് കാർക്ക് പുനർഗേഹം പദ്ധതിയിലും ഉൾപ്പെടാൻ കഴിയാത്ത അവസ്ഥയുമാണ്.
നിലവിൽ ഇവിടുത്തെ വീടുകൾ വാസയോഗ്യമല്ലെന്നത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ഇന്ന് വരെയും യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഓരോ തവണ അപകടങ്ങൾ സംഭവിക്കുമ്പോഴും തങ്ങൾ അധികൃതരെ സമീപിക്കാറുണ്ടെന്നും എന്നാൽ വാസ യോഗ്യമല്ലാത്ത വീടുകളിൽ നിന്ന് മാറി താമസിക്കാനുള്ള നിർദ്ദേശം മാത്രമാണ് ഉദ്യോഗസ്ഥർ നൽകുന്ന തെന്നും എന്നാൽ വാടക വീട് പോലുള്ള മറ്റ് സംവിധാനങ്ങളിലേക്ക് പോകുവാനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവരല്ല തങ്ങളെന്നും തമസക്കാർ വി മുരളീധരനോട് പറഞ്ഞു. കോളനി നിവാസികളായ നൂറോളം കുടുംബങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ചുകൊണ്ട് തയ്യാറാക്കിയ നിവേദനം സന്ദർശനവേളയിൽ കോളനിയിലെ താമസക്കാരിയായ ട്രീസാ ആന്റോ മുരളീധരന് കൈമാറി.
തുടർന്ന്, വീടുകളിൽ, കോൺക്രീറ്റ് പാളികൾ ഇളകിവീണ് ചോർന്നൊലിക്കുന്ന മേൽക്കൂരകളും, തകർന്ന ശുചിമുറികളും, അദ്ദേഹം നേരിൽകണ്ട് സ്ഥിതിഗതികൾ താമസക്കാരായ കുടുംബങ്ങളിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി.
കോളനി നിവാസികളുടെ ആവിശ്യം ന്യായമാണെന്നും നിങ്ങളുടെ ആവിശ്യം നേടി എടുക്കുന്നതിനായി സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും, ഈ ശ്രമങ്ങൾക്കായി താൻ കോളനി നിവാസികൾക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് ജില്ലാ പ്രസിഡന്റ് ആർ എസ് റെജികുമാർ, പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ അശോകൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ,, സെക്രട്ടറി എൻ എസ് സജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പൂവണത്തുംമൂട് മണികണ്ഠൻ, അനീഷ് പത്മനാഭൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, മണ്ഡലം കമ്മറ്റി അംഗങ്ങളായ ബിജു, ജോസഫ്, എസിസൻ പെൽസിയാൻ, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി രേഖ സുരേഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജോൺ സക്കറിയാസ് കമ്മറ്റി അംഗം കേട്ടുപുര മൃണാൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
2011 മാർച്ച് (14 വർഷങ്ങൾക്ക് മുൻപ്) മാസത്തിൽ സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം, വരാന്ത, അടുക്കള ഉൾപ്പെടെ 94 വീടുകളാണ് അഞ്ചുതെങ്ങിൽ നിർമ്മിച്ചുനൽകിയത്.
by Midhun HP News | May 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം പേ വിഷബാധയേറ്റ കുട്ടി മരിക്കാനുള്ള കാരണമെന്ന് കരുതുന്നതായി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍. പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഫലപ്രദമാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. നായയുടെ പല്ല് നാഡിയില്‍ പതിച്ചതാകാം വൈറസ് തലച്ചോറില്‍ എത്താന്‍ കാരണമെന്നും ഡിഎംഇയും എസ്എടി സൂപ്രണ്ട് ഡോ എസ് ബിന്ദുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘വാക്‌സിന്‍ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുന്‍പ് തന്നെ വൈറസുകള്‍ തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കുട്ടിക്ക് സംഭവിച്ചത് ഇതാകാം. കുട്ടിയെ കടിച്ചിരിക്കുന്നത് ആഴത്തിലാണ്. നാഡിയില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്‌സിന്റെ ഗുണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇത് തലച്ചോറില്‍ എത്താം. റാബിസ് വൈറസ് നാഡി വഴി തലച്ചോറിലും നട്ടെല്ലിലും എത്തുന്ന വൈറസ് ആണ്. മുഖം, കഴുത്ത്, കൈ എന്നിവിടങ്ങള്‍ നാഡിയുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇവിടെ നായയുടെ ആക്രമണം ഉണ്ടായാല്‍ ഡയറക്ട് ആയി നാഡിയില്‍ കടി കിട്ടാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് വൈറസ് പ്രോഗസ് ചെയ്യുകയാണ് ചെയ്യുന്നത്. 50 മുതല്‍ 100 മില്ലി മീറ്റര്‍ വെച്ചിട്ടാണ് ഈ വൈറസ് പ്രോഗസ് ചെയ്ത് തലച്ചോറിലും നട്ടെല്ലിലും എത്തുന്നത്. വാക്‌സിന്‍ ആക്ട് ചെയ്യാന്‍ അല്‍പ്പം സമയമെടുക്കും. നാഡിയില്‍ കടിയേല്‍ക്കുക എന്നത് അപൂര്‍വ്വ സംഭവമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് സംഭവിക്കാം’- ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്ക് ക്വാ റന്‍റൈന്‍ ആവശ്യമില്ല എന്നും ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍മാര്‍ പറഞ്ഞു.
‘കുട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ച് കൈയിലും മുഖത്തും കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടിയുടെ അമ്മ പറയുന്നത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത് എന്നാണ്. പട്ടിയുടെ പല്ല് നേരിട്ട് നാഡിയിലേക്ക് പതിക്കുകയാണെങ്കില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്‌സിന്‍ കൊണ്ടുള്ള ആന്റിബോഡി ഉപയോഗിച്ച് വൈറസിനെ തടയാന്‍ സാധിക്കില്ല. കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുന്നത്. വാക്‌സിന്‍ കൊടുക്കുമ്പോള്‍ ആന്റി ബോഡി ജനറേറ്റ് ചെയ്യും. ജനറേറ്റ് ചെയ്യുന്നതിന് സമയം ഉണ്ട്.അതിനാണ് നാലു ഡോസായി വീതിച്ച് നല്‍കുന്നത്. ആന്റിബോഡി ഫോം ചെയ്ത് വേണം ഇതിനെ അറ്റാക് ചെയ്യാന്‍. അതിന് മുന്‍പ് വൈറസ് തലച്ചോറില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. വൈറസിനെ ന്യൂട്രലൈസ് ചെയ്യാനാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. അവിടെയും കടി ആഴത്തിലുള്ളതാണെങ്കില്‍ പ്രശ്‌നമാണ്.’- ഡോക്ടര്‍മാര്‍ പറഞ്ഞു.
by Midhun HP News | May 5, 2025 | Latest News, കേരളം
തൃശൂര്‍: ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മനയില്‍ ഏഴ് ദിവസമായി നടന്നുവന്നിരുന്ന അഗ്‌ന്യാധാനം-സോമയാഗം സമാപിച്ചു. യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചതോടെയാണു ചടങ്ങുകള്‍ പൂര്‍ത്തിയായത്.
അഗ്‌നിപോയ യാഗശാല ജീവനില്ലാത്ത ശരീരമാകുന്നു എന്ന സങ്കല്‍പ്പത്തിലാണ് യാഗശാലയ്ക്ക് വൈകീട്ട് തീ കൊടുത്തത്. വിവിധ ചടങ്ങുകള്‍ നടന്ന യാഗശാല അഗ്‌നിയിലമര്‍ന്ന് പ്രകൃതിക്ക് സമര്‍പ്പിച്ചതോടെ സോമയാഗ ചടങ്ങുകള്‍ സമാപിച്ചു. 22 വര്‍ഷത്തിനുശേഷമാണ് ജില്ല സോമയാഗത്തിനു വേദിയായത്.ആയിരക്കണക്കിനു ഭക്തര്‍ സമാപനദിവസത്തെ സമര്‍പ്പണത്തിനും സാക്ഷ്യം വഹിച്ചു.
സോമയാഗം പൂര്‍ത്തിയായതോടെ യജമാനന്‍ ആരൂര്‍ വാസുദേവന്‍ അടിതിരിപ്പാട് സോമയാജിപ്പാടായി. സോമയാഗത്തിന്റെ ആദ്യദിനം ദീക്ഷ സ്വീകരിച്ച യജമാനന്‍ ഇരുമുഷ്ടികളും ചുരുട്ടിയിരുന്നു. അവസാനദിനം അവര്യഷ്ടി ചടങ്ങ് പൂര്‍ത്തിയായതോടെയാണ് മുഷ്ടി നിവര്‍ത്തിയത്. ഋത്വിക്കുകള്‍ സോമരസം ഭക്ഷിക്കുന്ന സവനമുഖഭക്ഷണം, ആന്തരികശുദ്ധിക്കു പ്രസാദമായി നല്‍കുന്ന സൗമ്യം സോമരസം മുഴുവനായി ഹോമിക്കുന്ന സോമാഹൂതി, ഋത്വിക്കുകള്‍ പരസ്പരം മന്ത്രം ചൊല്ലി പിരിയുന്ന സഖ്യവിസര്‍ഗ്ഗം, മൂന്ന് കുണ്ഡങ്ങളിലേലെയും അഗ്‌നി യജമാനന്‍ ഗൃഹത്തിലേക്കു കൊണ്ടുപോകുന്ന ത്രേതാഗ്‌നി തുടങ്ങിയവയായിരുന്നു അവസാനദിനത്തിലെ പ്രധാന ചടങ്ങുകള്‍.
കഴിഞ്ഞ മാസം 28നാണ് അഗ്‌ന്യാധാന ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങിന്റെ യജമാനന്‍ വെള്ളാംപറമ്പ് മിഥുന്‍ അടിതിരി പ്പാടായിരുന്നു. യാഗാവസാനം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്‌നിയെ അരണിയിലേക്ക് ആവാഹിച്ച് ജീവിതകാലം മുഴുവന്‍ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്.
by Midhun HP News | May 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കൂടിയ 4000 രൂപ അതേപോലെ തിരിച്ചിറങ്ങുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Recent Comments