by Midhun HP News | Sep 17, 2026 | Latest News, കേരളം
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറും. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനെ സുരേഷ് ഗോപി പുകഴ്ത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപിന്തുണയാണ് നല്‍കുന്നത്.
മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായും അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ഇവിടുത്തെ സാധാരണപൗരന്റെ വീട്ടില്‍ കയറുമ്പോള്‍ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ?. അയാളുടെ ഫോണ്‍ ഒന്നും വാങ്ങിച്ചുവെക്കാറില്ലല്ലോ? നിങ്ങളാരാ.. മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്‍മാര്‍ മാത്രമേയുള്ളു.
ഇവിടുത്തെ വമ്പന്‍ മുതലാളിയുടെ വീട്ടില്‍ കയറിയാലും ആദ്യം ഫോണ്‍ പിടിച്ചുവാങ്ങിച്ച് വയ്ക്കും. അവരുടെ അടുക്കള വരെ കയറും, അടുക്കളയില്‍ കയറും, ഫോള്‍ സീലിങ്ങ് ഉണ്ടെങ്കില്‍ കുത്തിപ്പൊളിച്ച് നോക്കും അതിനകത്ത് ഉണ്ടോയെന്ന്. ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയില്‍ വന്നിട്ടുണ്ടോ? അന്ന് തുടങ്ങിയതാണ് ഇത്. ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ താന്‍ എന്റെ കുട്ടിക്കാലം മുതല്‍ കണ്ടതാണ്.അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലും’ സുരേഷ് ഗോപി പറഞ്ഞു.

റെഡ് ബുക്കിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍; പുതിയ ഭരണം വന്ന ശേഷം രക്ഷപ്പെട്ട് നടക്കുന്നയാളാണ് താന്‍. വീണ്ടും എന്നെ പിടിച്ച് ആ സ്ലോട്ടിലേക്ക് ഇടാതെ. നിങ്ങള്‍ക്ക് വലിയ പുതിയ പ്ലാനും ഉണ്ടോ?. പുതിയ സര്‍ക്കാര്‍ വന്ന ശേഷം മുഖ്യമന്ത്രി നല്ല സഹകരണമാണ്. കഴിഞ്ഞ പത്തുവര്‍ഷം കിട്ടാത്തതതാണ് കിട്ടുന്നത്. ഇക്കാര്യം പറയുമ്പോള്‍ ദുര്‍വ്യംഗ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കരുത്. റെഡ് ബുക്കുകാര്‍ പറയുന്ന വഴിക്ക് വളച്ചൊടിച്ച് മാധ്യമങ്ങള്‍ വഴി മാറരുതെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Sep 17, 2026 | Latest News, കേരളം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു. എന്നാൽ ഇതാ ഇപ്പോൾ വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പവൻ 440 രൂപ കുറഞ്ഞ് 1,12,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് നിലവിൽ 14,010 രൂപയാണ്. 55 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു.



by Midhun HP News | Sep 17, 2026 | Latest News, കേരളം
കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ബോർഡിന്റെ കടന്നുവരവ്. 18 പുതിയ അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്
ചില മുൻകാല അംഗങ്ങൾ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി കഴിയുകയോ മരിക്കുകയോ ചെയ്തതിനെത്തുടർന്ന് ബോർഡിന്റെ പുനഃസംഘടന ഏറെക്കാലമായി വൈകുകയായിരുന്നു എന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി ഓരോ മൂന്ന് വർഷത്തിലുമാണ് ബോർഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോർഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്.

പുതിയ അംഗങ്ങൾ
സംവിധായകൻ പ്രിയദർശൻ, പ്രമുഖ നടന്മാരായ മനോജ് ജോഷി, സുനിൽ ഷെട്ടി, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, പ്രൊസെൻജിത് ചാറ്റർജി, സംഗീതസംവിധായകൻ റിക്കി കേജ്, വിനോദ് അനുപം, അഭിഷേക് ജെയ്ൻ, ഹൻസ് രാജ് ഹൻസ്, സുപ്രിയ യർലഗഡ്ഡ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നീല മാധബ് പാണ്ഡ, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രെ, രമേഷ് പടാങ്കെ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സർട്ടിഫിക്കേഷൻ വിവാദങ്ങളും പുതിയ ബോർഡും സർട്ടിഫിക്കേഷൻ പ്രക്രിയകളിലെ കാലതാമസവും തർക്കങ്ങളും അടുത്തിടെ വലിയ ചർച്ചയായിരുന്നു.

ദിൽജിത് ദോസഞ്ജ് നായകനായ ‘പഞ്ചാബ് 95’ എന്ന ചിത്രം പിന്നീട് ‘സത്‌ലജ്’ എന്ന പേരിൽ റിലീസ് ചെയ്തത് ഇതിന് ഉദാഹരണമാണ്. 2022ൽ സെൻസർ ബോർഡിന് സമർപ്പിച്ച ചിത്രം മൂന്ന് വർഷത്തോളമാണ് സർട്ടിഫിക്കേഷൻ നടപടികളിൽ കുടുങ്ങിക്കിടന്നത്. ബോർഡ് 127 കട്ടുകൾ ആവശ്യപ്പെട്ടതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരോപിച്ചിരുന്നു. പുതിയ പേരിൽ ഒടുവിൽ ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും മണിക്കൂറുകൾക്കകം ഇന്ത്യയിൽ നിന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. ‘വെൽക്കം ടു ദി ജംഗിൾ’ ഉൾപ്പെടെയുള്ള മറ്റ് ചില ചിത്രങ്ങളും സമാനമായ പരിശോധനകളും മാറ്റങ്ങളും നേരിട്ടിരുന്നു.


by Midhun HP News | Sep 17, 2026 | Latest News, കേരളം
കോട്ടയം: ഔദ്യോഗികപദവിയിലിരിേക്ക വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലന്‍സ് കോടതി. 2013ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസിലാണ് കോടതി വിധി പറഞ്ഞത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസില്‍ ശിക്ഷ വിധിക്കും എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണെന്നും രണ്ട് ദിവസം മുന്‍പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞു. തച്ചങ്കരി പദവി ദുരുപയോഗം ചെയ്‌തെന്നും പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ല്‍ തച്ചങ്കരി ഡിഐജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ആഭ്യന്തരവകുപ്പ് മുന്‍ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി., ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സര്‍വീസിലിരിേക്ക വീടുകള്‍, ഫ്‌ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.


by Midhun HP News | Sep 17, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസ് ആയി ആചരിക്കും. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കാനും സേവന പ്രവർത്തനങ്ങൾ ഏർപ്പെടാനുമാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ മോദി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സേവാ സങ്കൽപ്പ് അഭിയാന് ബി.ജെ.പി.ഇന്ന് തുടക്കം കുറിക്കും.

ഒരുമാസം നീണ്ടുനിൽക്കുന്ന ക്ഷേമ, സേവന പ്രവർത്തനങ്ങളാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി വീടുകളിൽ ദീപം തെളിയിച്ച് പ്രാർഥിക്കാൻ നേരത്തെ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തിരുന്നു.മോദിയുടെ ജന്മദേശമായ ഗുജറാത്തിലെ വഡ്നഗറിൽ ഇന്ന് നടക്കുന്ന മഹാ ആരതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. അഹമ്മദാബാദിൽ വൈഷ്ണോദേവി സർക്കിളിന് സമീപം പ്രത്യേക പരിപാടി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ ഏകദേശം 5,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.


Recent Comments