by Midhun HP News | Jul 8, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണം ബംപര്‍ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു. ഒന്നാം സമ്മാനത്തിന് നിലവിലുള്ള 25 കോടി രൂപയ്ക്ക് പകരം 30 കോടിയായി സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം.
ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കുമെന്ന് ഡയറക്ടര്‍ അഞ്ജു കെഎസ് അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.
90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണ് ടിക്കറ്റ് സീരീസ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണെന്നും ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നും സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ അറിയിച്ചു.
സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍:
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

by Midhun HP News | Jul 8, 2026 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ കേരളം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിലാണ് തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. കിഴക്കന്‍ മധ്യപ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദ മേഖല ഉണ്ട്. വരും മണിക്കൂറുകളില്‍ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടര്‍ന്ന് ശക്തി കുറയാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Jul 8, 2026 | Latest News, ജില്ലാ വാർത്ത
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയിൽ കെ ദാമോദരൻ, പി എൻ പണിക്കർ, ഐ വി ദാസ് എന്നിവരുടെ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിവർക്ക് അനുമോദനവും സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ എൻ സായികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അനുമോദനയോഗം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ എസ് സജികുമാർ അധ്യക്ഷനായി. യോഗത്തിൽ ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗം ബി രാമഭായ്, സെക്രട്ടറി കെ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് കെ, രവികുമാർ എന്നിവർ സംസാരിച്ചു. എസ് രാജശേഖരൻ നന്ദിയും അറിയിച്ചു.

by Midhun HP News | Jul 8, 2026 | Latest News, കേരളം
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ വിവാദ ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍, ഐഎഎസ് ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് എന്ന രീതിയിലാണ് വിവാദ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റായ വിവരമാണെന്നും കോടതിയെ പൊതുമധ്യത്തില്‍ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.
കേസിലെ പ്രതികളായ ഉദ്യോഗസ്ഥരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കനത്ത കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനും കോര്‍പറേഷന്‍ മുന്‍ എംഡി കെഎ രതീഷുമാണ് മുഖ്യപ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആണ് കോടതിയെ സമീപിച്ചത്.
കോടതി ഇടപെട്ടിട്ടും അപേക്ഷയില്‍ തീരുമാനമെടുക്കാതിരുന്നതിന് 2025ല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയിരുന്നു. തുടര്‍ന്ന് ഈമാസം രണ്ടിനാണ് കോടതി നിര്‍ബന്ധിച്ചതുപ്രകാരം അനുമതി നല്‍കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിലെ അപകടം മനസിലാക്കി അഡ്വക്കറ്റ് ജനറല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആദ്യ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അതിനകം ആദ്യ ഉത്തരവ് ഉയര്‍ത്തിക്കാട്ടി പ്രതികള്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
by Midhun HP News | Jul 8, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം 1. 6 ലക്ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ലിങ്കുകള്‍ പങ്കുവച്ച അക്കൗണ്ടുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മെറ്റ കണ്ടെത്തി നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഇത്തരത്തിലുള്ള 40 ലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകളും കുട്ടികളെ ചൂഷണം ചെയ്യുന്ന 3.6 കോടി ഉള്ളടക്കങ്ങളും മെറ്റ നീക്കം ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ തങ്ങള്‍ ബോധപൂര്‍വ്വം തല്‍പര കക്ഷികളിലേക്ക് എത്തിക്കുന്നു എന്ന തരത്തിലുള്ള ആരോപണം തെറ്റാണെന്ന് മെറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ ചില പരസ്യങ്ങള്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അത്തരം അക്കൗണ്ടുകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.
കുട്ടികള്‍ ഉള്‍പ്പെടുത്ത അശ്ലീല ഉള്ളടക്കമുള്ള പെയ്ഡ് പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. ഇത്തരം പരസ്യങ്ങള്‍ അടിയന്തരമായി നീക്കാനും ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനോടുള്ള ഔദ്യോഗിക പ്രതികരണം മെറ്റയില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാട്ട്‌സ്ആപ്പ് യൂസെര്‍നെയിമുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ മെറ്റയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

Recent Comments