കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ​ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ 2 പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി രണ്ടു മണിക്കൂറിനകം കുത്തിവയ്‌പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.

ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിയയെ രണ്ടു ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പു പനി വന്നത്. തുടര്‍ന്ന് രണ്ടു ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ചു പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ല.

തിരുവനന്തപുരം നാലാഞ്ചിറയിൽ എംസി റോഡരികിൽനിന്ന് കഞ്ചാവുചെടി കണ്ടെത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ എംസി റോഡരികിൽനിന്ന് കഞ്ചാവുചെടി കണ്ടെത്തി

തിരുവനന്തപുരം: നാലാഞ്ചിറയിൽ എംസി റോഡരികിൽനിന്ന് കഞ്ചാവുചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. തിരുവനന്തപുരം എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.

സാധാരണ കഞ്ചാവ് ഉപയോഗിക്കുന്ന ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധനകൾ നടത്താറുണ്ട്. ഇത്തരത്തിൽ ഈ സ്ഥലത്തിനുസമീപം താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളടക്കം കഞ്ചാവ്‌ ഉപയോഗിക്കുന്നതായുള്ള സംശയത്തെത്തുടർന്നായിരുന്നു പരിശോധന. ഇതാരെങ്കിലും നട്ടുവളർത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

അതെല്ലാം കഴിഞ്ഞ കഥ, കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമല്ല: പുട്ട വിമലാദിത്യ

അതെല്ലാം കഴിഞ്ഞ കഥ, കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമല്ല: പുട്ട വിമലാദിത്യ

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തനം നിലച്ച മട്ടിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഐഎസ് ഇപ്പോള്‍ സജീവമല്ല. ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്, കേരള ഭീകരവിരുദ്ധ സ്ക്വാഡ് മുന്‍ തലവന്‍ കൂടിയായ കമ്മിഷണര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ കൊച്ചി ഡലലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരം വിഭാഗങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. എന്നാല്‍ ഐഎസിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. എന്നുവച്ച് അതിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്തെന്നു പറയാനുമാവില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളും സജീവമല്ല. ഭീകരവാദ ആശയം പ്രചരിപ്പിക്കുകയും തക്കം പാര്‍ത്തിരുന്ന് അടിക്കുകയും ചെയ്യുന്നവരെയാണ് സ്ലീപ്പര്‍ സെല്ലുകള്‍ എന്നു പറയുന്നത്. എങ്കിലും കുറെപ്പേര്‍ ഇപ്പോഴും നിരീക്ഷണത്തിണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് കേസുകളില്‍ അറസ്റ്റിലായ ചില വ്യക്തികള്‍ ഇപ്പോഴും എറണാകുളത്തുണ്ട്. മാവോയിസം ഒരു പ്രത്യയശാസ്ത്രമാണ്. അതിനെ ഇല്ലായ്മ ചെയ്യാനാവില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 18 പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡറുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടുകള്‍ ഇപ്പോള്‍ ഏതാണ്ട് മാവോയിസ്റ്റ് മുക്തമായിട്ടുണ്ട്. എന്നാല്‍ നഗരങ്ങളില്‍ ഇപ്പോഴും മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരുണ്ട്. മറ്റു ചില സംഘടനകളുടെ മറവിലും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുമൊക്കെയാണിത്. ഇതെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്- കമ്മിഷണര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ പ്രധാനമായും പൊലീസ് നേരിടുന്ന വെല്ലുവിളി മയക്കുമരുന്നാണ്. ഭൂരിപക്ഷം ആളുകള്‍ വാടകയ്ക്കായിരിക്കും താമസിക്കുന്നുണ്ടാകുക. പഴയ കേസുകള്‍ പരിശോധിക്കുമ്പോള്‍ പലരുടേയും വിലാസം തെറ്റായിരിക്കാം. പലരും താമസം മാറി പോയിട്ടുണ്ടാകും. മൂന്നു നാല് വര്‍ഷം സമയമെടുക്കും പലപ്പോഴും വിചാരണ പൂര്‍ത്തിയാകാന്‍. കൊച്ചിയിലെ ഗുണ്ടാപ്രവര്‍ത്തനം തടയുന്നതിനായുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. അതനുസരിച്ച് 600 പേരെ മാപ്പ് ചെയ്ത് അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിലെ ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സാധിക്കൂ. വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സാധിക്കൂ. മയക്കു മരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് നല്‍കി വിട്ടയക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ആക്രമണം; ഭീകരരുടെ ചിത്രങ്ങള്‍ മലയാളിയുടെ കാമറയില്‍, എന്‍ഐഎക്ക് കൈമാറി

പഹല്‍ഗാം ആക്രമണം; ഭീകരരുടെ ചിത്രങ്ങള്‍ മലയാളിയുടെ കാമറയില്‍, എന്‍ഐഎക്ക് കൈമാറി

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍. പുനെയില്‍ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് രമേശന്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്.

ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരെ ശ്രീജിത്ത് തിരിച്ചറിഞ്ഞത്. വിവരം എന്‍ഐഎയെ അറിയിക്കുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ഏപ്രില്‍ 18ന് ശ്രീജിത്ത് രമേശന്‍ കുടുംബവുമായി കശ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബവുമായുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുവഴി കടന്നുപോയ ഭീകരരും ഫോണില്‍ പതിഞ്ഞത്. പഹല്‍ഗാം ടൗണില്‍ നിന്ന് ഏഴര കിലോമീറ്റര്‍ മാറി ബേതാബ് വാലിയെന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇവിടെവെച്ച് മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആകസ്മികമായി അതുവഴി കടന്നുപോയ ഭീകരര്‍ കാമറയില്‍ പതിയുകയായിരുന്നു.

ഭീകരരുടെ രേഖാചിത്രങ്ങളുമായിസാമ്യമുള്ളതിനാല്‍ ശ്രീജിത്ത് എന്‍ഐഎയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. എന്‍ഐഎ ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പഹല്‍ഗാം താഴ്വരയ്ക്കൊപ്പം മറ്റു സ്ഥലങ്ങളും ആക്രമണത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തിരുന്നുവെന്നാണ് സംശയിക്കുന്നത്. അന്നേദിവസം ആയിരത്തോളം ടിക്കറ്റുകളാണ് പഹല്‍ഗാമില്‍ വിറ്റുപോയത്.

ഫസ്റ്റ് ഗിയറിലിട്ട് വീണ്ടും കുതിപ്പിലേക്ക്; സ്വര്‍ണവില 72,000ലേക്ക്

ഫസ്റ്റ് ഗിയറിലിട്ട് വീണ്ടും കുതിപ്പിലേക്ക്; സ്വര്‍ണവില 72,000ലേക്ക്

കൊച്ചി: ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 71,840 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. 8980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷം ഏപ്രില്‍ 23 മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.