by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്, 1893പേര്‍. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സ്കൂള്‍.
ഗള്‍ഫ് മേഖലയില്‍ 682പേരും ലക്ഷദ്വീപ് മേഖലയില്‍ 447 പേരും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) എട്ട് പേരും പരീക്ഷ എഴുതി. എസ്എസ്എല്‍സി പരീക്ഷ എഴുതിയവരില്‍ 2,17,696 പേര്‍ ആണ്‍കുട്ടികളും 2,09,325 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,42,298പേരും എയിഡഡ് സ്‌കൂളുകളില്‍ 2,55,092പേരും അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 29,631പേരും പരീക്ഷയെഴുതിയതായും മന്ത്രി പറഞ്ഞു.
by Midhun HP News | Apr 29, 2025 | Latest News, കേരളം
നഗരൂർ ചെമ്മരത്തും മുക്ക് ഊന്നം കല്ല് ജംഗ്ഷനിൽ കെ എസ് ഇ ബി ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു. ആറ്റിങ്ങൽ അഗ്നിരക്ഷാ സേന പൂർണ്ണമായും കെടുത്തി. കെ എസ് ഇ ബി നഗരൂർ സബ് എഞ്ചിനീയർ, നഗരൂർ പോലീസ് ഓഫീസർ എന്നിവർ സംഭവ സ്ഥലത്തുണ്ടായിരുന്നു.
by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: സമൂഹവിരുദ്ധരുടേയും മോഷ്ടാക്കളുേടയും ശല്യത്തിൽ പൊറുതിമുട്ടുകയാണ് പുരവൂർ പ്രദേശം. കിഴുവിലം പഞ്ചായത്തിലെ ഒന്നാം വാർഡായ പുരവൂരിലെ വെളിയിടങ്ങൾ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളതു തള്ളാനുള്ള ഇടമായി മാറി. പോരാത്തതിനു മോഷ്ടാക്കളുടെ ശല്യവും.
പകൽ സമയത്താണു ഇവിടെ മോഷണം. സ്‌കൂൾ വിദ്യാർഥികളേയും പൊതുജനത്തിനെയും വാഹനയാത്രക്കാരേയും ബുദ്ധിമുട്ടിലാക്കി മാസംേതാറുമാണ് റോഡിനു സമീപമുള്ള ഒഴിഞ്ഞ പുരയിടങ്ങളിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത്. ആറുമാസത്തിനിടയിൽ ആറുതവണയാണ് ഇവിടെ കക്കൂസ് മാലിന്യം ഒഴുക്കിയത്.
നിരവധിതവണ ഹോട്ടൽ വേസ്റ്റും പ്ലാസ്റ്റിക് വേസ്റ്റുകളും ചാക്കുകണക്കിനു കൊണ്ടുവന്ന് പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞു കടന്നുകളയുന്നു. രാത്രിയിലാണ് സമൂഹവിരുദ്ധരുടെ ഈ അക്രമം.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചാണ് ഇവർ എത്താറുള്ളത്. സ്‌കൂളിലേക്കുള്ള വഴിയോരത്തെ മാലിന്യം കൊണ്ടിടുന്നതിനെതിരേ പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടും ഫലമില്ല. പഞ്ചായത്ത് ആരോഗ്യ സ്‌ക്വാഡോ ആരോഗ്യ പ്രവർത്തകരോ ഇതു സംബന്ധിച്ച് അന്വേഷിക്കാൻപോലും തയ്യാറാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
പാതയോരങ്ങളിൽ മാലിന്യം നിറയുന്നതോടെ തെരുവുനായശല്യവും കൂടിവരുന്നു. സ്‌കൂൾ, അങ്കണവാടി എന്നിവയുടെ മുന്നിൽ തെരുവു നായകളുടെ വിഹാരകേന്ദ്രമാണ്. ഇത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തുകയാണ്.
ഇതിനൊക്കെ പുറമെയാണ് പ്രദേശത്തു വ്യാപിച്ചുവരുന്ന പകൽ മോഷണം. ആളൊഴിഞ്ഞ പുരയിടത്തിലെ ഗേറ്റ്, താമസക്കാരുള്ളതും അല്ലാത്തതുമായ വീടുകളിലെ പമ്പ് സെറ്റുകൾ, മറ്റ് വിലകൂടിയ വൈദ്യുത വിളക്കുകൾ, സൈക്കിൾ തുടങ്ങിയവ പകൽസമയത്ത് കയറി മോഷ്ടിച്ചുകൊണ്ടുപോവുകയാണ്. മോഷ്ടാക്കളെയും വാഹനത്തേയും സംബന്ധിച്ച് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഉൾപ്പെടെ നൽകി പോലീസിൽ പരാതി നൽകിയിട്ടും പ്രാഥമിക അന്വേഷണം പോലും നടത്താൻ പോലീസ് തയ്യാറായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പുരവൂരിലെ ഒഴിഞ്ഞ പുരയിടങ്ങളിലെ മാലിന്യനിക്ഷേപവും പ്രദേശത്തെ പകൽ മോഷണത്തെ സംബന്ധിച്ചും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. അതുകൊണ്ടുതന്നെ സമൂഹവിരുദ്ധശല്യം ആവർത്തിക്കപ്പെടുന്നു.
by Midhun HP News | Apr 29, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമാണ് രൂപയ്ക്ക് തുണയായത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് കൊണ്ട് ഓഹരി വിപണിയില്‍ റാലി തുടരുകയാണ്. ഇതിന് പുറമേ ഇന്ത്യയിലെ വ്യാവസായിക ഉല്‍പ്പാദനം മൂന്ന് ശതമാനം വര്‍ധിച്ചതായുള്ള കണക്കുകളുമാണ് പ്രധാനമായി രൂപയ്ക്ക് കരുത്തായത്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിച്ചാല്‍ അത് രൂപയെ ബാധിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രൂപ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.23 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65.41 ഡോളര്‍ എന്ന നിലയിലാണ്. അതിനിടെ ഓഹരി വിപണിയും നേട്ടം ഉണ്ടാക്കി. സെന്‍സെക്‌സ് 442 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്. റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
by Midhun HP News | Apr 29, 2025 | Latest News, കേരളം
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.
മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ 2 പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി രണ്ടു മണിക്കൂറിനകം കുത്തിവയ്‌പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.
ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിയയെ രണ്ടു ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പു പനി വന്നത്. തുടര്‍ന്ന് രണ്ടു ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ചു പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ല.
Recent Comments