by Midhun HP News | Apr 24, 2025 | Latest News, കേരളം
കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാന്‍ അമിതിന് നാട്ടിലേക്കുപോകാന്‍ സാധിച്ചില്ല. ഇതും പക വളര്‍ത്തിയെന്നാണ് മൊഴിയില്‍ വ്യക്തമാകുന്നത്.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ (65), ഭാര്യ ഡോ മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ, കൊലപാതകത്തിന്റെ പിറ്റേന്ന് രാവിലെ തൃശൂർ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. അന്തിയുറങ്ങാന്‍ അഭയംതേടിയാണ് പ്രതി അമിത്, സഹോദരൻ ഗുണ്ടുറാങ് ജോലി ചെയ്യുന്ന കോഴിഫാമിലെത്തുന്നത്.
സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിഫാമിലെത്തിയ അമിത് ഒറാങ് ‘ഒരു പ്രശ്‌നമുണ്ടെന്ന്’ മാത്രമാണ് സഹോദരനോട് പറഞ്ഞത്. മൂന്നുമാസം മുമ്പാണ് കോഴി ഫാമിലെ ജോലിക്കായി ഗുണ്ടുറാങ് തൃശൂരെത്തിയത്. കൊല്ലപ്പെട്ട മീരയുടെ ഐ ഫോണ്‍ പ്രതിക്ക് ഓഫാക്കാനായിരുന്നില്ല. സ്വന്തം ഫോണ്‍ ഓഫാക്കി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരെത്തി സഹോദരനെ വിളിക്കാന്‍ അത് ഓണാക്കിയത് പ്രതിയുടെ നീക്കങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പൊലീസിന് സഹായകമായി. ഇതു പിന്തുടർന്നാണ് പൊലീസ് മാളയിലെ സഹോദരന്റെ കോഴിഫാമിലെത്തുന്നത്.
കൊല്ലപ്പെട്ട വിജയകുമാറിന്റെ സ്ഥാപനത്തില്‍ പ്രതിയും, വീട്ടില്‍ പെൺസുഹൃത്തും മാസങ്ങളോളം ജോലിചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസില്‍ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയങ്ങളില്‍ ഇരുവരും വഴക്കടിക്കുകയും താന്‍ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നല്‍കണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതി അമിത്ത് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനായി രണ്ടേമുക്കാല്‍ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോണ്‍ മോഷണം പോയെന്ന വിജയകുമാറിന്റെ പരാതിയിലാണ് ജോലിക്കാരനായ അമിത്ത് പൊലീസിന്റെ പിടിയിലാകുന്നത്.
മോഷണക്കേസിൽ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പൊലീസ് നടത്തിയ തെളിവെടുപ്പിൽ, നിർണായക തെളിവായ ഡിവിആർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ആണ് വീടിനു സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ സി എം എസ് കോളജിന് സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. കൊലപ്പെട്ട വിജയകുമാറും മീരയും ഉപയോഗിച്ചിരുന്ന ഫോണുകളാണ് ഇത്. ജോലി ചെയ്തപ്പോള്‍ മാന്യമായ ശമ്പളം നല്‍കാതിരുന്നതിനാലാണ് ഫോണ്‍ മോഷ്ടിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്തതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരം കോവളം പൊലീസിന്റേതാണ് നടപടി.
മോഡലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു. കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.സാമൂഹിക മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന സംഭവത്തില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു. കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ വീഡിയോ പങ്കുവച്ചതിന് ഉള്‍പ്പെടെയായിരുന്നു കേസുകള്‍. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു കേസുകള്‍.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതി മുമ്പ് മൂന്ന് മൂന്നു കൊലപാതകം നടത്തിയ ആളാണെന്നും, പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു കൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.
118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും കോടതിയില്‍ പരിശോധിച്ചിരുന്നു. പ്രതിയായ രാജേന്ദ്രൻ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു നാലര പവന്റെ സ്വർണമാല മോഷ്ടിക്കാനായി വിനീതയെ കൊലപ്പെടുത്തുന്നത്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും.
ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. അഞ്ചു ഗഡുക്കളാണ് കുടിശികയായത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം മാർച്ചു മുതൽ അതാത് മാസംതന്നെ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർ ത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
Recent Comments