by Midhun HP News | Jul 7, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വായനവാരത്തിൻറെ ഭാഗമായി വർഷങ്ങളായി നടക്കുന്ന ആറ്റിങ്ങൽ ഉപജില്ലാതല പുസ്തക ക്വിസ് ഈ വർഷവും ചൊവ്വാഴ്‌ച (07-07-26) കുന്നുവാരം യു.പി. എസ്സിൽ വച്ചു നടന്നു. വിവിധ സ്കൂളുകളിൽ നിന്നുളള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
ആറ്റിങ്ങൽ ഗവ. ടൗൺ യു പി എസിലെ ആഷ്‌ന ഒന്നാം സ്ഥാനവും ഗവ യു.പി. എസ് മുടപുരത്തെ അക്ഷിത്. എ എസ് രണ്ടാം സ്ഥാനവും ഡയറ്റ് ആറ്റിങ്ങലിലെ അമലേന്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി ടി എ ഷാജി ബി. ജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ്മെമ്പർ രമ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരം: മുന്‍ഗണനാ പിങ്ക് റേഷന്‍ കാര്‍ഡ് (പിഎച്ച്എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 1200 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള വീട്, 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തില്‍ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡ് നല്‍കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
മാനദണ്ഡങ്ങള്‍ പുതുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ കെ ഹിമയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുന്‍ഗണനാ കാര്‍ഡ് അനുവദിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.
നിലവില്‍ 1000 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉള്ളവര്‍ക്കും ( സ്വയം ഓടിക്കുന്ന ടാക്‌സി ഒഴികെ) മുന്‍ഗണനാ കാര്‍ഡ് ലഭിക്കില്ല. 1000 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള വീടുള്ള ഒട്ടേറെ പട്ടികജാതി കുടുംബങ്ങളടക്കം മുന്‍ഗണനാ കാര്‍ഡിന് അപേക്ഷിക്കാനാവാതെ വലയുകയാണ്. ഇതില്‍ പലരുടെയും വീടിന്റെ സ്ഥിതി പരിതാപകരമാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.
വീടിന്റെ വിസ്തീര്‍ണത്തില്‍ ഇളവു നല്‍കുന്നതില്‍ പട്ടികജാതിവര്‍ഗ, തദ്ദേശ വകുപ്പുകളും അനുകൂലമാണ്. ഒരേക്കറിലേറെ സ്ഥലമുണ്ടെങ്കിലും വെള്ളക്കെട്ടും മറ്റുമായി കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ കുട്ടനാട്ടിലും മറ്റുമുണ്ട്. വീട്ടിലെ കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും മറ്റും കൊണ്ടുപോകാന്‍ സെക്കന്‍ഡ് ഹാന്‍ഡ് സ്വകാര്യവാഹനം ഉപയോഗിക്കുന്നതിന്റെ പേരില്‍ മുന്‍ഗണനാ കാര്‍ഡില്‍നിന്നു തഴയപ്പെടുന്നതാണു മറ്റൊരു സ്ഥിതി. ഇതെല്ലാം കണക്കിലെടുത്താണ് മുന്‍ഗണനാ പിങ്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിലവില്‍ അയോഗ്യതയ്ക്കുള്ള മാനദണ്ഡങ്ങള്‍ താഴെ
1. കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാരാണെങ്കില്‍
2. ആദായനികുതിദായകരാണെങ്കില്‍
3. സര്‍വീസ് പെന്‍ഷനറാണെങ്കില്‍
4. 1000 ചതുരശ്രയടി വീട് ഉണ്ടെങ്കില്‍
5. നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉണ്ടെങ്കില്‍ ( സ്വയം ഓടിക്കുന്ന ടാക്‌സി ഒഴികെ)
6.ഒരേക്കറില്‍ അധികം ഭൂമി ഉണ്ടെങ്കില്‍ ( എസ്ടി വിഭാഗത്തിന് ഇത് ബാധകമല്ല)
7. വിദേശ മലയാളിയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ചേര്‍ന്നുള്ള വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍
8. ഡോക്ടര്‍, എന്‍ജിനീയര്‍, അഡ്വക്കേറ്റ്, ഐടി വിദഗ്ധന്‍, നഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പോലുള്ള പ്രഫഷനലുകളാണെങ്കില്‍

by Midhun HP News | Jul 7, 2026 | Latest News, കേരളം
കല്‍പ്പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്, തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ആറു പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉടന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തും.പ്രിയങ്ക ഗാന്ധി എംപി വയനാട് കലക്ടറുമായി ഫോണിൽ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിന്റെ വിവരങ്ങൾ തേടി. തുരങ്കപാതയുടെ നിർമാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയതു കൊണ്ടാണ് ദുരന്തമുണ്ടായതെന്ന് മന്ത്രി ടി.സിദ്ദിഖ്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിരണ്‍കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
മന്ത്രിമാരായ ടി സിദ്ദിഖും എപി അനില്‍ കുമാറും സംഭവസ്ഥലത്തെത്തും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കുടങ്ങിയിട്ടുണ്ട്. ഇതിനടുത്ത് നിര്‍മാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. പാലത്തിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലില്‍ പെട്ടുപോയിട്ടുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ആര്‍ആര്‍ടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാന്‍ മന്ത്രി ടി. സിദ്ദിഖ് നിര്‍ദേശം നല്‍കി.

by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില നിർദ്ദിഷ്ട മേഖലകളിൽ സമീപവർഷങ്ങളിൽ പോക്സോ കേസുകൾ വൻതോതിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് പഠനം നടത്തുന്നതിനായി എഐജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
ജില്ലയിൽ പോക്സോ കേസുകൾ താരതമ്യേന വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ കേസുകളാണ് ടാസ്‌ക് ഫോഴ്‌സ് പ്രധാനമായും പരിശോധിക്കുക. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസ് എന്നിവയുടെ പ്രതിനിധികളും വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്നതായിരിക്കും ഈ പ്രത്യേക പാനൽ.
നിയമസഭാ സമിതിയുടെ ശുപാർശ; മൂന്ന് ദിവസത്തിനകം സമിതി നിലവിൽ വരും
പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്താൻ ഒരു സമിതിയെ നിയോഗിക്കണമെന്ന് എസ്റ്റിമേറ്റ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.
മൂന്ന് ദിവസത്തിനകം തന്നെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമിതി രൂപീകരിച്ച് മൂന്ന് മാസത്തിനകം വിശദമായ പഠന റിപ്പോർട്ട് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
കേസുകൾ വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രാദേശികവും സാമൂഹികവുമായ ഘടകങ്ങളെക്കുറിച്ച് സമിതി വിശദമായി അന്വേഷിക്കും.ഡിജിറ്റൽ ഉപകരണങ്ങളുടെ സ്വാധീനവും തൊഴിൽ സാഹചര്യങ്ങളും പഠിക്കും. കുട്ടികളുടെ പെരുമാറ്റം, വൈകാരിക സുരക്ഷിതത്വം, മാനസികാരോഗ്യം എന്നിവയിൽ സ്മാർട്ട്‌ഫോണുകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും വ്യാപകമായ ഉപയോഗം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ടാസ്‌ക് ഫോഴ്‌സ് ആഴത്തിൽ പഠിക്കും. വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിലുള്ള കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും പരിശോധിക്കും.
വ്യവസായ മേഖലകളോട് ചേർന്നുനിൽക്കുന്ന വാളയാർ പോലുള്ള പ്രദേശങ്ങളിൽ, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ വീടുകളിൽ തനിച്ചാകുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ സ്മാർട്ട്‌ഫോണുകളെ അമിതമായി ആശ്രയിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സമിതി വിലയിരുത്തും. കുട്ടികൾക്കിടയിലെ സ്മാർട്ട്‌ഫോൺ ഉപയോഗം വരുത്തിയ മാറ്റങ്ങളും കേസുകൾ വർദ്ധിക്കുന്നതിന് പിന്നിലെ സാമൂഹിക ഘടകങ്ങളും പരിശോധിച്ച് കുട്ടികളുടെ സംരക്ഷണം ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരം: ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കൊലപാതകക്കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ദുരൂഹ തിരോധാനത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കുറുപ്പിനെ കണ്ടതായി മുമ്പ് മൊഴി നല്‍കിയ മലയാളി നഴ്‌സിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രത്‌നമ്മയുടെ മൊഴിയാണ് പൊലീസ് എടുത്തത്.
താന്‍ ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ സുകുമാരപ്പുറുപ്പ് എത്തിയിരുന്നതായാണ് രത്‌നമ്മയുടെ വെളിപ്പെടുത്തല്‍. 42 വര്‍ഷം മുമ്പാണ് സുകുമാരക്കുറുപ്പിനെ കാണാതാകുന്നത്. 1984 ല്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു രത്‌നമ്മ. ചാക്കോയുടെ കൊലപാതകത്തിന് ശേഷം മുങ്ങിയ സുകുമാരക്കുറുപ്പിന് നേരിയ പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പരിക്കിനു ചികിത്സിക്കാനായി സുകുമാരക്കുറുപ്പ് എത്തിയെന്ന് രത്‌നമ്മ പറഞ്ഞു.
പത്രവാര്‍ത്തകളിലൂടെ സുകുമാരക്കുറുപ്പിനെക്കുറിച്ച് കേട്ടിരുന്നു. മുറിവുകള്‍ പരിശോധിക്കുന്നതിനിടെ, നിങ്ങള്‍ സുകുമാരക്കുറുപ്പ് അല്ലേയെന്ന് രത്‌നമ്മ ചോദിച്ചു. അതേയെന്ന് അയാള്‍ മറുപടിയും നല്‍കി. മുറിവ് പരിചരിച്ചതിനു പിന്നാലെ സുകുമാരക്കുറുപ്പ് അവിടെ നിന്നും രക്ഷപ്പെട്ടു. അന്ന് കണ്ടതല്ലാതെ പിന്നീട് സുകുമാരക്കുറുപ്പ് എങ്ങോട്ടു പോയി എന്നറിയില്ലെന്നും രത്‌നമ്മ പറഞ്ഞു. സുകുമാരക്കുറുപ്പിനെ കണ്ട കാര്യങ്ങള്‍ വിശദീകരിച്ച് രത്‌നമ്മ അന്നുതന്നെ കേരള പൊലീസിന് കത്തെഴുതിയിരുന്നു.
അതേത്തുടര്‍ന്ന് രത്‌നമ്മയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. രത്‌നമ്മ ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ച് നാട്ടില്‍ കഴിയുകയാണ്. ഇതിനിടെയാണ് ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും രത്‌നമ്മയുടെ മൊഴിയെടുത്തത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പറഞ്ഞ മൊഴി തന്നെയാണ് രത്‌നമ്മ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചതെന്നാണ് സൂചന. 1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്.
ക്രൈംബ്രാഞ്ചിന്റെ പക്കല്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന, ഉത്തരം കണ്ടെത്താത്ത ഒട്ടേറെ ഫയലുകളുണ്ട്. അവയില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന കേസുകള്‍, കോടതിയില്‍ നല്‍കി തീര്‍പ്പാക്കാനായി ഒരു സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സുകുമാരക്കുറുപ്പിന്റെ ഫയല്‍ പൊടിതട്ടിയെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Recent Comments