പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എയും മുന്‍ കെടിഡിസി ചെയര്‍മാനുമായ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാര്‍ട്ടി സിഎംപിയാണ്. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി പറഞ്ഞു.

സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സിപി ജോണ്‍ അറിയിച്ചു. 27ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിഎംപി.യുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷത്തിനുള്ളിലെ കൂടുതല്‍ വിപുലമായ ഒരു രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ തുടക്കമാണ് ഈ ലയനമെന്ന് സിപി ജോണ്‍ വിശേഷിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശശിയെ സിഎംപിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ തദ്ദേശ തെരഞ്ഞെടുപ്പിലെ സഹകരണത്തിന്റെ തുടര്‍ച്ചയാണ് ഈ ലയനമെന്നും ജോണ്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുമ്പോഴും, സിപിഎം കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ ഉപേക്ഷിക്കുകയും ഏകാധിപത്യ പ്രവണതകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെന്ന് ജോണ്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ ഇടം വീണ്ടെടുക്കുകയാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപി ജോണ്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു പുതിയ രാഷ്ട്രീയ വേദി ആവശ്യമാണെന്നും സിഎംപി-ഡിഎംഎഫ് സഖ്യം വിശ്വസനീയമായ ഒരു ബദലായി ഉയര്‍ന്നുവരുമെന്നും പി കെ ശശി പറഞ്ഞു.

ഗാസയില്‍ ഭരണം ഒഴിഞ്ഞതായി ഹമാസ്, ആയുധം താഴെവെക്കില്ലെന്ന് പ്രഖ്യാപനം; അടുത്തത് എന്ത്?

ഗാസയില്‍ ഭരണം ഒഴിഞ്ഞതായി ഹമാസ്, ആയുധം താഴെവെക്കില്ലെന്ന് പ്രഖ്യാപനം; അടുത്തത് എന്ത്?

ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ ഭരണം അവസാനിപ്പിക്കുന്നതായും ഭരണം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക് (ടെക്‌നോക്രാറ്റിക് കമ്മിറ്റി) കൈമാറാന്‍ ഒരുങ്ങുകയാണെന്നും സായുധ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം. എന്നാല്‍, തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ താഴെവെക്കാനോ സുരക്ഷാ ചുമതലകള്‍ അന്താരാഷ്ട്ര സേനയ്ക്ക് കൈമാറാനോ ഹമാസ് തയ്യാറായിട്ടില്ല. ഹമാസിനെ പൂര്‍ണമായി നിരായുധരാക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം.

ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവനായ മുഹമ്മദ് അല്‍ ഫറാ തന്റെ പദവി രാജിവെക്കുകയും, ഭരണം ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ (എന്‍സിഎജി) എന്ന സമിതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗാസയിലെ ഭരണപരമായ ചുമതലകളില്‍ നിന്ന് ഹമാസ് ഉടനടി പിന്മാറുമെങ്കിലും, പുതിയ സമിതി ചുമതലയേല്‍ക്കുന്നത് വരെ സര്‍ക്കാര്‍ ജീവനക്കാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തങ്ങളുടെ തസ്തികകളില്‍ തുടരും. 2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിയന്ത്രണം ഏറ്റെടുത്ത ഹമാസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയില്‍ ഭരണം നടത്തിവരികയായിരുന്നു. അതിനാല്‍ തന്നെ പുതിയ പ്രഖ്യാപനം ഗാസയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.

ഗാസയിലെ ഭരണസംവിധാനം കൈമാറുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് അല്‍ ഫറാ വ്യക്തമാക്കി. ഭരണപരമായ ഈ മാറ്റം എളുപ്പമാക്കുന്നതിനാണ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ജനറല്‍ ഡയറക്ടര്‍ ഇസ്മായില്‍ അല്‍ തവാബ്തയും അറിയിച്ചു.

എന്താണ് എന്‍സിഎജി?

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ 2025 ഒക്ടോബറില്‍ രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ (സമാധാന സമിതി) പ്രകാരമാണ് എന്‍സിഎജി രൂപീകരിച്ചത്. നിലവില്‍ ഈജിപ്തിലെ കെയ്റോ കേന്ദ്രീകരിച്ചാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനും ഗാസ സ്വദേശിയുമായ എന്‍ജിനീയര്‍ അലി ഷാത്ത് ആണ് ഇതിന്റെ തലവന്‍. യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കുക, പൊതുകാര്യങ്ങള്‍ നിയന്ത്രിക്കുക എന്നിവയാണ് ഈ സമിതിയുടെ ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ രൂപീകരിച്ചത് മുതല്‍ ഈ സമിതി ഗാസയില്‍ പ്രവേശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്.

‘ഹിസ്ബുല്ല മാതൃക’യെന്ന് ഇസ്രായേല്‍

ഹമാസിന്റെ ഈ നീക്കത്തെ ഇസ്രായേല്‍ ശക്തമായി എതിര്‍ത്തു. ലബനനിലെ ‘ഹിസ്ബുല്ല മാതൃക’ ഗാസയിലും നടപ്പിലാക്കാനുള്ള തന്ത്രമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ ആരോപിച്ചു. അതായത്, സിവില്‍ ഭരണവും മാലിന്യ നിര്‍മാര്‍ജനവും പോലുള്ള നഗരസഭാ കാര്യങ്ങള്‍ സാങ്കേതിക സമിതി നോക്കുമ്പോഴും, ഗാസയിലെ പ്രധാന സൈനിക ശക്തിയായി ഹമാസ് തന്നെ തുടരും. ആയുധങ്ങള്‍ ഹമാസിന്റെ കൈകളില്‍ ഇരിക്കുന്നിടത്തോളം കാലം ഏതൊരു സിവില്‍ ഗവണ്‍മെന്റും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഇസ്രായേല്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഹമാസ് പൂര്‍ണമായും ആയുധം താഴെവെക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്.

അടുത്തത് എന്ത്?

ഹമാസിന്റെ പ്രഖ്യാപനം കേവലം ‘പ്രതീകാത്മകം’ മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രധാന തര്‍ക്കവിഷയം. ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതിനാലും ആയുധം ഉപേക്ഷിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഹമാസ്.

മറുവശത്ത്, ഈ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാഗ്ദാനങ്ങളേക്കാള്‍ ഹമാസിന്റെ പ്രവൃത്തികളെ നോക്കിയായിരിക്കും തീരുമാനമെന്നും ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ സമിതി അറിയിച്ചു. ഗാസയിലെ മുഴുവന്‍ ആയുധങ്ങളും എന്‍സിഎജി സമിതിയുടെ കീഴിലേക്ക് കൊണ്ടുവരണമെന്നും എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഭരണമാറ്റം സാധ്യമാകൂ എന്നും സമാധാന സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ഗാസയുടെ ഭാവി ഭരണം എങ്ങനെയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

വയനാട് കള്ളാടി മണ്ണിടിച്ചിൽ;2 മരണം, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടി മണ്ണിടിച്ചിൽ;2 മരണം, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി, റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും ഉടൻ വയനാട്ടിലേക്ക് തിരിക്കാൻ നിർദേശിച്ചു.

മീനങ്ങാടിയിൽ നിലയുറപ്പിച്ചിരിക്കുന്ന എൻ.ഡി.ആർ.എഫ് യൂണിറ്റിനോട് ഉടൻ സംഭവസ്ഥലത്തെത്താനും കോഴിക്കോട്ടുള്ള സംഘത്തോടും വയനാട്ടിലേക്ക് തിരിക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മണ്ണിടിച്ചിലിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്ര മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുരങ്കപാത നിർമ്മാണത്തിനായി നിർമിച്ചിരുന്ന കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയെ തുടർന്ന് ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നതായും അധികൃതർ അറിയിച്ചു.

സംഭവസമയത്ത് സമീപത്തുകൂടി പോയിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണിടിച്ചിലിൽ നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി അറിയിച്ചു. ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

വയനാട്ടിലും കോഴിക്കോട്ടും റെഡ് അലര്‍ട്ട്

വയനാട്ടിലും കോഴിക്കോട്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച വരെയും കര്‍ണാടക തീരത്ത് ഈ മാസം 10 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി.

തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിര്‍മാണ പ്രവര്‍ത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിന്റെ മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു.

അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണ്. പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാര്‍മല സ്‌കൂളുകളിലെ കുട്ടികള്‍ മേപ്പാടി ടൗണിലാണ് പഠിക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ മറുവശത്താണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും അടക്കം ആശങ്കയിലാണ്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി തിരുവമ്പാടി എംഎല്‍എ സി.കെ.കാസിം പറഞ്ഞു. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നു സംശയിക്കുന്നതായി മുന്‍ പഞ്ചായത്ത് അംഗം അബ്ദുള്‍സലാം പറഞ്ഞു. ബസ് സ്റ്റോപ്പ് തകര്‍ന്നു. പാലത്തിനു മുകളില്‍ മണ്ണ് നിറഞ്ഞു. പാലം ഇടിയാന്‍ സാധ്യതയുണ്ട്. താഴെയുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു എന്നും അബ്ദുള്‍ സലാം പറഞ്ഞു.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.