by Midhun HP News | Apr 12, 2025 | Latest News, കേരളം
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്‌റ്റേറ്റ് ഭൂമിയില്‍ ജില്ലാ കലക്ടര്‍ നോട്ടീസ് പതിച്ചു. 64.4705 ഹെക്ടര്‍ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.
ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കലക്ടറുടെ നടപടി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുമെന്ന് കലക്ടര്‍ സൂചിപ്പിച്ചു.
എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നുണ്ടായത് സര്‍ക്കാരിന് ആശ്വാസമായ വിധിയാണ്. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഉടന്‍ തന്നെ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി അഭിപ്രായപ്പെടട്ടിരുന്നു.
by Midhun HP News | Apr 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. തുടർന്ന് കേസിൽ വിധി പറയാനായി മാറ്റും.
ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.
by Midhun HP News | Apr 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിങ് പാലം കോവളത്തേക്ക് മാറ്റിയേക്കും. വര്‍ക്കല ബീച്ച് ഫ്‌ലോട്ടിംഗ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാധ്യമായതിനാല്‍, ടൂറിസം വകുപ്പ് അത് കോവളത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നു. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
കുട്ടികളുള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റ അപകടത്തെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിംഗ് പാലം അടച്ചത്. വെള്ളിയാഴ്ചയുണ്ടായ ശക്തമായ തിരമാലകളില്‍ പാലം വീണ്ടും തകര്‍ന്നു. വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധനയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ ശരിയാക്കിയ പാലമാണ്, ശക്തമായ തിരമാലയില്‍ തകര്‍ന്നത്.
ഇതോടെയാണ് വര്‍ക്കലയിലെ പാലത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നത്. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, വര്‍ക്കലയില്‍ മുമ്പ് അപകടം നടന്ന സ്ഥലത്തു തന്നെ വീണ്ടും ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എന്‍ഐടിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് പറഞ്ഞു.
ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നാല് വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപകടത്തിന് ശേഷം ഫ്‌ലോട്ടിംഗ് പാലം പ്രവര്‍ത്തിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. ഫ്‌ലോട്ടിംഗ് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാതെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വി ജോയ് പറഞ്ഞു.
കാലാവസ്ഥ അനുകൂലമെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഏഴ് മാസത്തേക്ക് ഫ്‌ലോട്ടിംഗ് പാലങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് കോവളം. വര്‍ക്കല പാപനാശം കടപ്പുറം പാലത്തിന് യോഗ്യമല്ലെങ്കില്‍, അത് കോവളത്തേക്ക് മാറ്റും. ഇതിനായി മന്ത്രിതലത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2023 ല്‍ അടിമലത്തുറയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് വര്‍ക്കലയിലേക്ക് മാറ്റിയത്.
by Midhun HP News | Apr 11, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
by Midhun HP News | Apr 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നേരത്തെ മുന്ന് ജില്ലകളില്‍ മാത്രമായിരുന്നു യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments