by Midhun HP News | Mar 28, 2025 | Latest News, കേരളം
തൊടുപുഴ: ക്വട്ടേഷന്‍ നല്കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളുന്നതിന് മുമ്പ് മൃതദേഹം ഒന്നാം പ്രതി ജോമോന്റെ വീട്ടിലെത്തിച്ചതായി പൊലീസ് കണ്ടെത്തി. ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ജോമോന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മൃതദേഹം വീട്ടില്‍ എത്തിച്ചതിന്റെ തെളിവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജോമോന്റെ വീട്ടിലെ തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഒന്നാം പ്രതി ജോമോന്റെ വെട്ടിമറ്റത്തുള്ള വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
ബിജുവിനെ തട്ടിക്കൊണ്ടുപോയി വാഹനത്തില്‍ വച്ച് മര്‍ദിച്ച ശേഷം ജോമോന്റെ വീട്ടില്‍ എത്തിച്ചുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേര്‍ന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോള്‍ പ്രതികള്‍ നാല് പേരും ചേര്‍ന്നാണ് ബിജുവിന്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കൃറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
ബിജു മരിച്ചെന്നുറപ്പായ ശേഷമാണ് കലയന്താനിയിലെ ഗോഡൗണില്‍ എത്തിച്ച് മാന്‍ഹോളില്‍ തള്ളിയത്. കേസില്‍ ജോമോന്റെ വീട്ടുകാരുള്‍പ്പെടെ മറ്റാര്‍ക്കെങ്കിലും കൂടുതല്‍ പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ജോമോന് ജോസ്, ആഷിക്ക് ജോണ്സണ്, മുഹമ്മദ് അസ്ലം, ജോമിന് എന്നിവരെ കോടതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കേസില്‍ മുഖ്യപ്രതിയായ ജോമോന് ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയാണ്. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് ജോമോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോമോന് ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി.
by Midhun HP News | Mar 28, 2025 | Latest News, കേരളം
തൃശൂര്‍: ഇതര ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയര്‍ത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീര്‍ണ്ണാവസ്ഥയിലുള്ള കൂടുതല്‍ പൊതു ക്ഷേത്രങ്ങള്‍ക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ സഹായം ലഭ്യമാകും. 2025 വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടം തെക്കന്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ക്കാണ്.
മാര്‍ച്ച് 30 ഞായറാഴ്ച രാവിലെ 10 ന് കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന് ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങള്‍ക്കായി 2 കോടി പതിനേഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. 2024 ല്‍ തെക്കന്‍ മേഖലയിലെ 252 ക്ഷേത്രങ്ങള്‍ക്ക് 1 കോടി 40 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയിരുന്നു. സംസ്ഥാനത്തെ മറ്റ് 8 ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായവും വൈകാതെ നല്‍കുന്നതാണ്.
ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് അധ്യക്ഷത വഹിക്കും. എം പിമാരായ ജോസ് കെ മാണി ,അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
ചടങ്ങില്‍ കോട്ടയം ജില്ലയിലെ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ,മോന്‍സ് ജോസഫ്, മാണി സി കാപ്പന്, സി കെ ആശ, ചാണ്ടി ഉമ്മന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദന് രാജ, മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, പി സി ദിനേശന് നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന് ,മനോജ് ബി നായര്‍ ,അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് ആര് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായര്‍ സ്വാഗതവും കെ പി വിശ്വനാഥന് കൃതജ്ഞതയും രേഖപ്പെടുത്തും. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
by Midhun HP News | Mar 28, 2025 | Latest News, കേരളം
കൊച്ചി: കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താന്‍ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നല്കിയ ഞാറയ്ക്കല്‍ എസ്ഐയ്ക്കെതിരെയുള്ള ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്.
പൊലീസ് നോട്ടീസ് നല്‍കിയതിനെതിരെ അഭിഭാഷകന് കെ കെ അജികുമാര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങള്‍ അറിയാന്‍ പൊലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്.
ഫോറിനേഴ്സ് ആക്ടിന്റെ ഉള്‍പ്പെടെ ലംഘനമാരോപിച്ചു ബംഗാള്‍ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കല്‍ പൊലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നല്‍കിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ പൊലീസ് നോട്ടീസ് പിന്‍വലിച്ചിരുന്നു. നോട്ടിസ് പിന്‍വലിച്ചതും കണക്കിലെടുത്താണു ഹര്‍ജി തീര്‍പ്പാക്കിയത്.
by Midhun HP News | Mar 28, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: കത്തോലിക്കാ സഭയ്ക്കും പുരോഹിതന്മാര്ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്പെന്ഷന്. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന് ഹാക്ക്, അനില്‍ ടോക്സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്ഷന്.
കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.
by Midhun HP News | Mar 28, 2025 | Latest News, കേരളം
പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍ നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി.
വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പരാതിക്കാരന്. തുടര്‍നടപടി നിര്‍ത്തിവെക്കുന്നതായി പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2018ലാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരില്‍ കേസെടുത്തിരുന്നത്.
Recent Comments