by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത, മരണം
അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു. സംസ്ക്കാര ചടങ്ങ് നാളെ രാവിലെ 9:30ന് വർക്കല തച്ചോട് പൈപ്പിൻ മൂട്ടിലുള്ള “തണൽ” വീട്ട് വളപ്പിൽ നടത്തും.
ഭാര്യ: ജിഷ,
മക്കൾ: വേദ ശരത്ത്, ദക്ഷ ശരത്ത്
അച്ഛൻ: ബി.ശശിധരൻ
അമ്മ:കെ. ലീല,
സഹോദരി: ശാലി
സഹോദരി ഭർത്താവ് സനൽ.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം കൂടണം, നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കണം. അതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല. വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ വിഭാഗം ജനങ്ങളുടേയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ വികസനം വരണമെങ്കില്‍ എന്‍ഡിഎ അധികാരത്തിലെത്തണം. വോട്ടുശതമാനം ഉയര്‍ത്തുക എന്നതാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കില്‍ യുവാക്കള്‍ക്ക് അവസരമില്ലെന്ന് തിരിച്ചറിയണം. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് നമുക്ക് വേണ്ടത്. പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനവും സന്തോഷമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് കേരളം പിന്നോട്ടു പോകുന്നത്. എന്തുകൊണ്ടാണ് കടം വാങ്ങി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി വന്നു. എന്തുകൊണ്ട് സംസ്ഥാനത്തെ കുട്ടികള്‍ ഇവിടെ അവസരം ലഭിക്കാത്തതുകൊണ്ട് പുറത്തു പോയി ജോലി നോക്കുന്നു. എന്തുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും മികച്ച ഭാവിയും സൃഷ്ടിക്കണം. ഇതാണ് ബിജെപി കേരളയുടെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബലിദാനികളുടെ സ്മരണയിലായിരിക്കും തന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ മുന്‍ അധ്യക്ഷന്മാരടക്കം മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട്, പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കുന്നു. എന്‍ഡിഎയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. എന്‍ഡിഎയെ അധികാരത്തിലെത്തിച്ചശേഷമേ സംസ്ഥാനത്തു നിന്നും മടങ്ങിപ്പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്‍രെയും വികസന കാഴ്ചപ്പാട് മാറ്റിമറിക്കുന്ന തരത്തിലുള്ള ചിന്ത കൊണ്ടു വരണം. അത് എല്ലാ വീടുകളിലും എത്തിച്ച് എല്ലാ ആളുകളേയും ബിജെപിയുടെ വികസന സങ്കല്‍പ്പം അറിയിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വരും കാലത്ത് ഇന്ത്യ വികസിത ഭാരതമാകും. അതില്‍ സംശയമില്ല. അതുപോലെ നമ്മുടെ കേരളവും വികസിത കേരളമാകണം. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകണം. എല്ലാ സമുദായങ്ങള്‍ക്കും നേട്ടം ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ദൗത്യം. യുവാക്കള്‍ തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോയാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ പൂര്‍ണസമയം വികസിത കേരളത്തിനായി സമര്‍പ്പിക്കുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും പ്രസംഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കുട്ടികളെ കായിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പരിശോധന കര്‍ശനമാക്കണം. പൊലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. ലഹരിവില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്നിഫര്‍ ഡോഗ് സാന്നിധ്യം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് നീങ്ങണം. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം. അതിര്‍ത്തികളിലെ പൊലീസ് പരിശോധന ശക്തമാക്കണം.കൊറിയറുകള്‍, പാഴ്സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ മന്ത്രിമാര്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, എം ബി രാജേഷ്, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ ജയതിലക്, കെ ആര്‍ ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, പി വിജയന്‍, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Mar 24, 2025 | Latest News, കേരളം
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും.
അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
നിയമവിരുദ്ധമായി താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫോണും അന്‍വര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്ന് കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
by Midhun HP News | Mar 24, 2025 | Latest News, കേരളം
ആലപ്പുഴ: വിനോദസഞ്ചാര മേഖലക്ക് മറ്റൊരു തിലകക്കുറി ചാര്‍ത്തി സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഉദ്ഘടനത്തിനൊരുങ്ങുന്നു. തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിര്‍മ്മിച്ച പടഹാരം പാലം ആലപ്പുഴയുടെ പാലപ്പെരുമക്ക് വീണ്ടും പകിട്ടേകും.
കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്ന പടഹാരം പാലം. 2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 63.35 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റര്‍ നീളമുള്ള മൂന്ന് സെന്റര്‍ സ്പാനുകളും 35 മീറ്റര്‍ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റര്‍ നീളമുള്ള ഒന്‍പത് സ്പാനുകളുമാണ് പാലത്തിനുള്ളത്.
കുട്ടനാടിന്റെ ജീവനാഡിയാകാന്‍ ഒരുങ്ങുന്ന പാലം രൂപകല്‍പ്പനയുടെ പ്രത്യേകതകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. സാധാരണ പാലങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി 7.5 മീറ്റര്‍ വീതിയിലുള്ള പാലത്തിന്റെ സ്പാനുകള്‍ക്ക് താഴെ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമായാണ് കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത (പാത്ത് വേ) രൂപകല്പന ചെയ്തിരിക്കുന്നത്. മുകളിലെ നിലയില്‍ റോഡും താഴെ നിലയില്‍ പാത്ത് വേയും സജ്ജീകരിച്ച് രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്.
കേരളീയ വാസ്തുവിദ്യയില്‍ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളില്‍ നിന്നുകൊണ്ട് കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. പാലത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യത്യസ്തമായ ഈ നിര്‍മിതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു. ഭാവിയില്‍ ചമ്പക്കുളവും നെടുമുടി – കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോള്‍ എ സി റോഡില്‍ നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള ബൈപ്പാസ് ആയും പടഹാരം പാലം മാറും.
Recent Comments