ഒന്നും രണ്ടുമല്ല, കൊച്ചിയിൽ കൊതുകിനെ കൊല്ലാൻ 12 കോടി രൂപ!

ഒന്നും രണ്ടുമല്ല, കൊച്ചിയിൽ കൊതുകിനെ കൊല്ലാൻ 12 കോടി രൂപ!

കൊച്ചി: കൊതുകിനെ കൊല്ലാൻ കൊച്ചി കോർപറേഷൻ ഇത്തവണ നീക്കിവച്ച തുക ഒന്നും രണ്ടുമല്ല 12 കോടി രൂപ! കഴിഞ്ഞ രണ്ട് ബജറ്റുകളിലും 20 കോടി രൂപയാണ് കൊതുകു നിയന്ത്രണത്തിനു നീക്കിവച്ചത്. ഇത്തവണയും കൊതുകു നിയന്ത്രണവുമായി ബന്ധപ്പെട്ട് മറ്റൊന്നും കോർപറേഷൻ പറയുന്നില്ല.

കൊതുകു പ്രജനനത്തിനും വ്യാപനത്തിനും അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ന​ഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒഴുകി പോകാതെ കെട്ടിക്കിടക്കുന്ന ജല സ്രോതസ്സുകളും കൊതുകു പെരുകുന്നതിനു ആക്കം കൂട്ടുന്നുവെന്നു ബജറ്റിൽ കോർപറേഷൻ തുറന്നു സമ്മതിക്കുന്നു. കൊതുകു പ്രജനനം കണ്ടെത്താൻ ജിഐഎസ് സാങ്കേതിക വിദ്യ, ലാബ്, പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ചിന്റെ സേവനം തുടങ്ങി കൊതുകിനെ തുരത്താനുള്ള സ്ഥിരം ആവകാശ വാദങ്ങൾ ഇത്തവണത്തെ ബജറ്റിലും ആവർത്തിക്കുന്നു.

വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടർക്കു ദാരുണാന്ത്യം

വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടർക്കു ദാരുണാന്ത്യം

കൊല്ലം: വിദേശത്തു നിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കൽ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാർ ഡ്രൈവർ ബൈജു ജോർജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

10 വർഷമായി ദുബായിൽ ​ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി.

മെയ് നാലിനു കൂ​ദാശ നടത്താൻ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്കായി നാല് ദിവസത്തെ അവധിക്കാണ് അവർ നാട്ടിലേക്ക് വന്നത്. ഭർത്താവ് അജി പി വർ​ഗീസ് രണ്ട് വർഷം മുൻപ മരിച്ചു.

മക്കൾ: എയ്ഞ്ചലീന (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിനി, ദുബായ്), വീനസ് അജി (ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി, എസ്‍യുടി മെഡിക്കൽ കോളജ്, തിരുവന്തപുരം). സംസ്കാരം നാളെ 11നു ചന്ദനപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

‘ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ ട്രാക്കിന് കുറുകെ തല വെച്ച് കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത

‘ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ ട്രാക്കിന് കുറുകെ തല വെച്ച് കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ ഐ ടി ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകള്‍ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരം. സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ട്രെയിന്‍ തട്ടി ഫോണ്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്.

പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.

അബുദാബിയിൽ വാഹനാപകടത്തിൽ  യുവാവ് മരണപെട്ടു

അബുദാബിയിൽ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു

അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു. സംസ്ക്കാര ചടങ്ങ് നാളെ രാവിലെ 9:30ന് വർക്കല തച്ചോട് പൈപ്പിൻ മൂട്ടിലുള്ള “തണൽ” വീട്ട് വളപ്പിൽ നടത്തും.

ഭാര്യ: ജിഷ,
മക്കൾ: വേദ ശരത്ത്, ദക്ഷ ശരത്ത്
അച്ഛൻ: ബി.ശശിധരൻ
അമ്മ:കെ. ലീല,
സഹോദരി: ശാലി
സഹോദരി ഭർത്താവ് സനൽ.

നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം കൂടണം, നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കണം. അതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല. വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ വിഭാഗം ജനങ്ങളുടേയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തില്‍ വികസനം വരണമെങ്കില്‍ എന്‍ഡിഎ അധികാരത്തിലെത്തണം. വോട്ടുശതമാനം ഉയര്‍ത്തുക എന്നതാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കില്‍ യുവാക്കള്‍ക്ക് അവസരമില്ലെന്ന് തിരിച്ചറിയണം. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് നമുക്ക് വേണ്ടത്. പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനവും സന്തോഷമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കേരളം പിന്നോട്ടു പോകുന്നത്. എന്തുകൊണ്ടാണ് കടം വാങ്ങി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി വന്നു. എന്തുകൊണ്ട് സംസ്ഥാനത്തെ കുട്ടികള്‍ ഇവിടെ അവസരം ലഭിക്കാത്തതുകൊണ്ട് പുറത്തു പോയി ജോലി നോക്കുന്നു. എന്തുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും മികച്ച ഭാവിയും സൃഷ്ടിക്കണം. ഇതാണ് ബിജെപി കേരളയുടെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബലിദാനികളുടെ സ്മരണയിലായിരിക്കും തന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ മുന്‍ അധ്യക്ഷന്മാരടക്കം മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട്, പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കുന്നു. എന്‍ഡിഎയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. എന്‍ഡിഎയെ അധികാരത്തിലെത്തിച്ചശേഷമേ സംസ്ഥാനത്തു നിന്നും മടങ്ങിപ്പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്‍രെയും വികസന കാഴ്ചപ്പാട് മാറ്റിമറിക്കുന്ന തരത്തിലുള്ള ചിന്ത കൊണ്ടു വരണം. അത് എല്ലാ വീടുകളിലും എത്തിച്ച് എല്ലാ ആളുകളേയും ബിജെപിയുടെ വികസന സങ്കല്‍പ്പം അറിയിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വരും കാലത്ത് ഇന്ത്യ വികസിത ഭാരതമാകും. അതില്‍ സംശയമില്ല. അതുപോലെ നമ്മുടെ കേരളവും വികസിത കേരളമാകണം. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകണം. എല്ലാ സമുദായങ്ങള്‍ക്കും നേട്ടം ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ദൗത്യം. യുവാക്കള്‍ തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോയാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ പൂര്‍ണസമയം വികസിത കേരളത്തിനായി സമര്‍പ്പിക്കുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും പ്രസംഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.