by Midhun HP News | Mar 22, 2025 | Latest News, കേരളം
കോഴിക്കോട്: തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊത്ത് കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയത്.
എന്നാല്‍ ഇത് പാകമല്ലാത്തത്തിനെ തുടര്‍ന്നാണ് കുട്ടി രക്ഷിതാവിനൊപ്പം വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായാണ് വിവരം. സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.
by Midhun HP News | Mar 22, 2025 | Latest News, കേരളം
കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
കേസില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവര്‍ ധനേഷിനെ കഴിഞ്ഞ ദിവസമാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി.
പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ധനേഷ് ബന്ധമുണ്ടാക്കിയത്.
പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതല്‍ അടുത്തു. പിന്നീട് ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി. ധനേഷ് ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനോട് വെളിപ്പെടുത്തി. സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്.
by Midhun HP News | Mar 22, 2025 | Latest News, കേരളം
പാലക്കാട്: പച്ച വിരിച്ച നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു ഗ്രാമം. പാലക്കാട് എന്നു കേൾക്കുമ്പോൾ ഈയൊരു ചിത്രമായിരിക്കും മനസിൽ വരിക. ആ പച്ചപ്പു നിറഞ്ഞ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ദിനോസറുകളെ വളർത്തുന്ന നാട്ടുകാർ! അങ്ങനെയൊന്നു ഉണ്ടായാൽ എന്തു സംഭവിക്കും. പശുക്കളെ വളർത്തുന്നതു പോലെ ദിനോസറുകളെ വളർത്തുന്ന ഗ്രാമം. പാലക്കാട്ടെ ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തെക്കുറിച്ചുള്ള ഒന്നേകാൽ മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഏതാണ്ട് 1.18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ ഷോട്ടോടെയാണ് തുടങ്ങുന്നത്. ദിനോമുക്കിലെ പ്രധാന കൃഷിയാണ് ദിനോസറുകൾ. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികൾ ദിനോസറുകളാണെന്നു വിഡിയോയിൽ പറയുന്നു. ദിനോസറുകൾ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നും വിഡിയോയിൽ വ്യക്തമാക്കുന്നു.
ദിനോസറിനു തീറ്റ കൊടുക്കുന്ന സ്ത്രീ, തലയിൽ കൂറ്റൻ ദിനോസർ മുട്ടയുമായി പോകുന്ന ഒരാൾ, ദിനോസറിന്റെ ഇറച്ചിയും ഓംലെറ്റും വിൽക്കുന്ന കടകൾ എന്നിയവയൊക്കെ വിഡിയോയിലുണ്ട്. കുട്ടികൾക്കൊപ്പം ദിനോസർ ഫുട്ബോൾ കളിക്കുന്നതും ആളുകൾക്കൊപ്പം നടക്കുന്നതും കുട്ടികൾ ദിനോസറിനെ ചുംബിക്കുന്നതുമൊക്കെ വിഡിയോയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
സിനിമ മേഖലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് കൈയടി നേടുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരംഭിച്ച അവരുടെ യാത്ര പിന്നീട് പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലേക്ക് വ്യാപിച്ചു. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് വൈറലായി മാറിയ ഈ വിഡിയോ. ദൂരദർശന്റെ ക്ലാസിക്ക് ഷോകളിൽ ഒന്നായ കൃഷി ദർശന്റെ മാതൃകയിലാണ് വിഡിയോ ചിത്രീകരിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.
കൃഷി എന്നതിനപ്പുറം ദിനോസറുകളും മനുഷ്യരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണിത്. മനുഷ്യ- മൃഗ സഹവാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ ഈ ദിനോമുക്ക്- വിഡിയോയിൽ പറയുന്നു.
വിഡിയോയിൽ മനോഹരൻ എന്നൊരു വ്യക്തി സംസാരിക്കുന്നുണ്ട്. ദിനോസർ കൃഷി എളുപ്പവും ലാഭകരവുമാണെന്ന തന്റെ അനുഭവമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വർഷം 300 ദിനോസർ മുട്ടകൾ വരെ ഉത്പാദിപ്പിക്കുന്നതായി മനോഹരൻ എന്ന സാങ്കൽപ്പിക കഥാപാത്രം പറയുന്നു. എഐ സൃഷ്ടിച്ച മാധവൻ എന്ന മറ്റൊരു കഥാപാത്രം വന്നു പറയുന്നത് രസകരമാണ്. ദിനോസറുകൾക്കു സ്ഥിരമായി പച്ചപ്പുലും വെള്ളവും കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രശ്നമാണ്. ഇടയ്ക്കിടെ അമറുന്നതും കേൾക്കാമെന്നാണ് ഈ കഥാപാത്രം പറയുന്നത്.
by Midhun HP News | Mar 22, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
കാക്കനാട് തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടര്‍ന്ന് വിദ്യാര്‍ഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയിരുന്നു. നിലവില്‍ ചികിത്സിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.
by Midhun HP News | Mar 22, 2025 | Latest News, കേരളം
തൊടുപുഴ: കഴിഞ്ഞ ആറ് വർഷമായി, കുട്ടികൾക്ക് മലയാള ഭാഷയിൽ അടിത്തറയുണ്ടാക്കാൻ പഴയ കാലത്തെ നിലത്തെഴുത്തു കളരി വിജയകരമായി നടത്തുന്ന ഒരു സ്കൂൾ. അടിമാലിയിലെ വിവേകാനന്ദ വിദ്യാസദൻ സ്കൂളിലാണ് മണലിലും പനയോലയിലും എഴുതി മലയാളം ഭാഷ പഠിപ്പിക്കുന്നത്. അടിമാലി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള അൺ എയ്ഡഡ് ഹൈസ്കൂളാണ് വിവേകാനന്ദ വിദ്യാസദൻ. 1979ലാണ് സ്കൂൾ സ്ഥാപിതമായത്.
2019ലാണ് നിലത്തെഴുത്ത് കളരി ആരംഭിക്കുന്നത്. അന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് കളരി ഉദ്ഘാടനം ചെയ്തത്. അതേ വർഷം തന്നെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാള പഠനത്തിന്റെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ കവിതകൾ സ്കൂൾ പാഠ്യപദ്ധയിൽ നിന്നു പിൻവലിക്കണമെന്നു അധികാരികളോടു അഭ്യർഥിച്ചതെന്നു സ്കൂൾ മാനേജർ ശ്രീകാന്ത് പി പറഞ്ഞു.
‘ചുള്ളിക്കാട് ഇക്കാര്യം ചൂണ്ടിക്കാട്ടും മുൻപു തന്നെ ഞങ്ങൾക്ക് അതു മനസിലായിരുന്നു. മലയാളം അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിനു ക്ഷണിച്ച ഉദ്യോഗാർഥികളുടെ ഭാഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവില്ലായ്മ പ്രകടമായി തന്നെ ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചു. ഇതേ തുടർന്നു എന്റെ പിതാവാണ് കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഭാഷാ അടിത്തറ നൽകുന്നതിനായി നിലത്തെഴുത്തു കളരി ആരംഭിക്കുക എന്ന ആശയം മുന്നോട്ടു വച്ചത്.’
‘നിലത്തെഴുത്തു പഠിപ്പിക്കുന്നവർ പരമ്പരാഗതമായി ‘ആശാൻ’, ‘ആശാട്ടി’ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. എന്നാൽ അത്തരം അധ്യാപകർ ഇന്നില്ല. ഇപ്പോൾ മലയാള ഭാഷയിൽ നല്ല പ്രാവീണ്യമുള്ള ബിരുദാന്തര ബിരുദമുള്ള അധ്യാപകനെയാണ് കളരിയിൽ ഞങ്ങൾ നിയമിച്ചിരിക്കുന്നത്.’
‘പ്ലേ സ്കൂൾ, കിന്റർഗാർടൻ പോലെ കളരിയിലെ ക്ലാസുകൾ ജൂണിൽ ആരംഭിച്ച് ഒരു വർഷം വരെ നീണ്ടു നിൽക്കും. രണ്ടര വയസ് മുതൽ കുട്ടികളെ കളരിയിൽ പ്രവേശിപ്പിക്കും. പരമ്പരാഗത പഠന രീതികൾക്കു പുറമേ കിന്റർഗാർട്ടനിൽ പോകുന്ന വിദ്യാർഥികൾക്ക് പെൻസിൽ ഉപയോഗിച്ച് സ്ലേറ്റുകളിലും പുസ്തകങ്ങളിലും എഴുതാനും പരിശീലനം നൽകുന്നു.’
‘മണലിൽ അക്ഷരങ്ങൾ എഴുതി തുടങ്ങുന്നതു മുതലാണ് പഠന പ്രക്രിയ. ‘ചിന്തം വര’യിലാണ് പഠനം അവസാനിക്കുന്നത്. നാരായം ഉപയോഗിച്ചു കുട്ടികൾ താളിയോല എഴുതുന്നതും പഠനത്തിന്റെ തുടർ പ്രക്രിയയിലുണ്ട്. ‘ചിന്തം വര’ എന്നത് ബിരുദദാന ചടങ്ങ് പോലെയാണ്. ആ ദിവസം അവർക്ക് താളിയോലയിൽ തയ്യാറാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് സമ്മാനിക്കും. കുട്ടിയുടെ കഴിവുകളനുസരിച്ച് മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ ചിന്തം വര പൂർത്തിയാക്കാൻ സാധിക്കും.’
‘ഇംഗ്ലീഷ് ഭാഷാ പഠനത്തിന് മുൻഗണന നൽകുന്ന സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാഭ്യാസത്തിന് പിന്നാലെയാണ് മിക്ക രക്ഷിതാക്കളും ഇപ്പോൾ പോകുന്നത്. അടിസ്ഥാന വിദ്യാഭ്യാസ കാലത്ത് കുട്ടികൾക്ക് നല്ല മലയാള ഭാഷ കിട്ടണമെന്നു ആഗ്രഹിക്കുന്നവരെ നിലത്തെഴുത്ത് കളരിയിൽ പ്രവേശിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രായപരിധിയില്ല. അവധിക്കാലത്ത് ഹൈസ്കൂൾ വിദ്യാർഥികളടക്കം പഠിക്കാനെത്തുന്നുണ്ട്. എല്ലാ വർഷവും കുറഞ്ഞത് 10 മുതൽ 15 വരെ കുട്ടികൾ കളരിയിൽ പ്രവേശനം നേടുന്നു. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്ലാസുകൾ നടക്കുന്നത്’- ശ്രീകാന്ത് വ്യക്തമാക്കി.
Recent Comments