by Midhun HP News | Mar 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സജീവമായി ഉപയോഗിക്കാത്ത (ഇനാക്ടീവ്) മൊബൈല്‍ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല. തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് അത്തരം നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും നിര്‍ദ്ദേശിച്ചു.
സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ലെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇനാക്ടീവ് ആയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍ നമ്പര്‍ റീഅസൈന്‍ ചെയ്താലും തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തില്‍ നിന്ന് നിഷ്‌ക്രിയ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.
യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒരു മൊബൈല്‍ നമ്പര്‍ നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍ തട്ടിപ്പ് തടയുന്നതിനായി ആ ഫോണ്‍ നമ്പര്‍ യുപിഐ ലിസ്റ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടും. സമയപരിധിക്ക് മുമ്പ് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ സേവനം നിലനിര്‍ത്താനും അവസരം നല്‍കും.
ആരെയാണ് ഇത് ബാധിക്കുക?
മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ബാങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കള്‍.
ദീര്‍ഘകാലമായി കോളുകള്‍, എസ്എംഎസ് അല്ലെങ്കില്‍ ബാങ്കിങ് അലര്‍ട്ടുകള്‍ക്കായി ഉപയോഗിക്കാത്ത നിഷ്‌ക്രിയ നമ്പറുകളുള്ള ഉപയോക്താക്കള്‍.
ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ നമ്പര്‍ സറണ്ടര്‍ ചെയ്ത ഉപയോക്താക്കള്‍.
പഴയ നമ്പര്‍ മറ്റൊരാള്‍ക്ക് വീണ്ടും അസൈന്‍ ചെയ്ത ഉപയോക്താക്കള്‍.
മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്
യുപിഐ എങ്ങനെ സജീവമായി നിലനിര്‍ത്താം?
ആരെയെങ്കിലും വിളിച്ചോ സന്ദേശമയച്ചോ മൊബൈല്‍ നമ്പര്‍ സജീവമാണോ എന്ന് പരിശോധിക്കുക.
ബാങ്കില്‍ നിന്ന് എസ്എംഎസ് അലര്‍ട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നെറ്റ് ബാങ്കിങ്, യുപിഐ ആപ്പുകള്‍, എടിഎമ്മുകള്‍ എന്നിവ വഴിയും ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചും യുപിഐ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക.
യുപിഐയ്ക്ക് ഒരു മൊബൈല്‍ നമ്പര്‍ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒടിപി സ്ഥിരീകരണത്തിനായാണ് മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്നത്. അത് നിഷ്‌ക്രിയമാവുകയും വീണ്ടും അസൈന്‍ ചെയ്യപ്പെടുകയും ചെയ്താല്‍, ഇടപാടുകള്‍ പരാജയപ്പെടാം. അല്ലെങ്കില്‍ പണം തെറ്റായ അക്കൗണ്ടിലേക്ക് പോകാം.
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം. പല ഘട്ടങ്ങളിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും ഒന്നും ഇനിയും യാഥാർഥ്യമായില്ല. ജില്ലാപ്പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ടൊഴിവാക്കാൻ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി.
നിലവിൽ വരണ്ട നിലയിലാണെങ്കിലും വേനൽമഴ പെയ്യുന്നതോടെ സ്റ്റേഡിയം വെള്ളക്കെട്ടാവും. വേനലിലെ ഏതാനും മാസങ്ങളിൽ മാത്രമാണ് ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്നത്. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും നല്ല മഴക്കാലമാവുമ്പോൾ ചെളിയും നിറയും. പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമാണങ്ങൾക്കായി നീക്കംചെയ്യുന്ന മണ്ണുകൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇതു ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്. കൊണ്ടിട്ട മണ്ണ് കൂട്ടിയിട്ടനിലയിൽ വശങ്ങളിൽ പലയിടത്തായി കിടപ്പുണ്ട്.
പോങ്ങനാട് ഗവ. യുപി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദേശിക്കപ്പെട്ടിരുന്നത്. സ്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ടു പിന്നിട്ടു. പുതിയ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ വരുകയും ചെയ്തു. കളിസ്ഥലം മാത്രം ഇതുവരെ നവീകരിക്കപ്പെട്ടില്ല. സ്കൂളിൽ കവാടം, കളിസ്ഥലം ഉൾപ്പെടെ നിർമിക്കാൻ ജില്ലാപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിൽ കുറച്ചു തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു.
നിർമാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിൽ ശൗചാലയമടക്കം നിർമിക്കുന്നതിനാണ് ചെലവിട്ടത്. പോങ്ങനാട് ജങ്ഷനോടുചേർന്ന് ഉണ്ടായിരുന്ന വലിയ കുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായതോടെയാണ് നികത്തി കളിസ്ഥലമുണ്ടാക്കാൻ 35 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. താഴ്ന്ന സ്ഥലമായതിനാൽ തുടക്കംമുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു.
എന്നാൽ കളിസ്ഥലത്തിനായി നികത്തിയ കുളം ഉപയോഗപ്രദമാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല. ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറെടുക്കാൻ ആരുമുണ്ടായില്ല. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായനിലയിൽ സ്റ്റേഡിയം നവീകരിക്കാൻ പര്യാപ്തമായ തുക ഇനി ആര് അനുവദിച്ചുനൽകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
by Midhun HP News | Mar 21, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അഗ്നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി.
പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യമായ ചീഫ് ജസ്റ്റിസ് ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയില്‍നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തില്‍ അംഗവുമാണ്.
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
മുടപുരം:-ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ അവതരിപ്പിച്ചു. 59,37,89519 രൂപ വരവും, 58,79,92134 രൂപ ചെലവും, 57,97,385 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയ്ക്ക് 36 ലക്ഷവും, മൃഗസംരക്ഷണവും ക്ഷീര വികസനവും മേഖലയിൽ 36 ലക്ഷത്തി അമ്പതിനായിരം രൂപയും, നൈപുണ്യ പരിശീലനത്തിന് 5,68,334രൂപയും, പ്രകൃതി സംരക്ഷണത്തിന് 34,93500 രൂപയും, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തികൾക്ക് 1,25,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പി എം എ വൈ, ആവാസ് പ്ലസ്, ലൈഫ് ഭവന പദ്ധതി, ഭിന്നശേഷിക്കാർ, വയോജനങ്ങൾ കുട്ടികൾ എന്നീ മേഖലയ്ക്കായി 13,88,53,144 രൂപയും പശ്ചാത്തല മേഖലയിൽ വിവിധ മാർക്കറ്റുകൾ, കുളം നവീകരണം, റോഡ് റീ ടാറിങ്, അംഗണവാടി കെട്ടിടം എന്നിവയ്ക്കായി 1,86,43,500രൂപയും, എംജി എൻ ആർ ഇ ജി എസ് പദ്ധതിക്ക്42,78,98,000 രൂപയുടെ ലേബർ ബഡ്ജറ്റ് തുകയും വകയിരുത്തിയിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം, കേരള സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് മുടപുരം,, തൊപ്പി ചന്തഎന്നീ മാർക്കറ്റുകളുടെ നവീകരണം, പൊതു കിണർ ശുചീകരണം, കുളം നവീകരണം, എന്നീ പദ്ധതികൾക്കും തുക മാറ്റി വച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ വി ലൈജു, ആർ രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, പി കരുണാകരൻ നായർ, ആർ പി നന്ദുരാജ്, ജി ശ്രീകല, രാധികാ പ്രദീപ്, പി അജിത, ജയ ശ്രീരാമൻ, ബിഡിഒ സ്റ്റാർലി ഒ എസ് എന്നിവർ പങ്കെടുത്തു
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിദ്യാരംഗം കലാസാഹിത്യ വേദി, ആറ്റിങ്ങൽ ഉപജില്ലയുടെ നേതൃത്വത്തിൽ കായിക്കര കുമാരനാശാൻ സ്മാരകത്തിൽ വച്ച് സാർത്ഥകം 2025 എന്ന പേരില്‍ യാത്രയയപ്പ് സംഗമം നടത്തി. പത്തിലധികം വർഷങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറായും തിരുവനന്തപുരം ജില്ലാകൺവീനറായും പ്രവർത്തിച്ചിരുന്ന, ആറ്റിങ്ങൽ ഉപവിദ്യാഭ്യാസജില്ലാ ഓഫീസറായി ഈ വർഷം വിരമിക്കുന്ന പി സജി, ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ദിനേഷ് കെ, വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷീബ എസ് ജെയിംസ് എന്നിവർക്കാണ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്.
യാത്രയയപ്പ് സംഗമത്തിന് വിദ്യാരംഗം ജോയിന്റ് കൺവീനർ കുമാരി ഷിലു ആര്‍ അധ്യക്ഷത വഹിച്ചു. സുജാദേവി എ എസ് പ്രാർത്ഥന ചൊല്ലി. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ കോ-ഓർഡിനേറ്റര്‍ ഷാജി എ സംഗമത്തിന് സ്വാഗതം പറഞ്ഞു.
സാര്‍ത്ഥകം 2025 പരിപാടി, ആറ്റിങ്ങൽ ഗവ.മോഡല്‍ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഈ വർഷം ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന മൂന്നുപേർക്കും സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് വിദ്യാരംഗത്തിന്റെ മുൻ ഉപജില്ലാ കൺവീനർ സുജ കെ, വിദ്യാരംഗത്തിന്റെ ഉപജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വി പി, അനീഷ എസ് ഇ, രാജി ആർ എസ്, ശാരിക എസ്, വിനു വി എസ്, ഷീജു ബി. ജി, രമ്യ ആര്‍ നായര്‍, റിന്‍ബിള്‍സ് ആര്‍ എസ് ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍മാരായ – സര്‍വ്വശ്രീ ദിനേഷ് കുമാർ കെ, ശ്രീലേഖ പ്രസാദ്, ഹിമ. ജി,ശാരിക പി എ, സജ എസ്, സുനിത എസ്.ഒ, ബിസ്മി എല്‍ എസ്, ഷൈനി ഒ.എം, അരുണ്‍ദാസ് എ എസ്, സുമി ബി.എസ്, ത്വയ്യിബ് മുഹമ്മദ് എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നെല്ലനാട് സ്കൂളിലെ സുജാദേവി എ എസ് ആശംസാഗീതം എഴുതി അവതരിപ്പിച്ചു. രശ്മി ഗോപാലകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Recent Comments