by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും കേന്ദ്രം ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചാൽ ഓണറേറിയം വർധിപ്പിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിൽ പറഞ്ഞു. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പദ്ധതിയാണ്.
ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ നേതാക്കളും ആർജെഡിയെ പിന്തുണച്ചു. സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി.
ആശ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
by Midhun HP News | Mar 21, 2025 | Latest News, കേരളം
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മന്ത്രി എം ബി രാജേഷ്. സമരക്കാരുടെ പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണം. സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 2023 ഡിസംബറില്‍ 7000 രൂപയായി വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന പതിനായിരം രൂപയില്‍ 8,200 രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ബാക്കി തുകയില്‍ കേന്ദ്രം കുടിശ്ശിക വരുത്തുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നത്.
ആശ വര്‍ക്കര്‍മാരുടെ തൊഴില്‍ഘടന പരിഷ്‌കരിക്കണമെന്നത് അടക്കമുള്ള സിഐടിയു-ഐഎന്‍ടിയുസി-എസ്ടിയു- എഐടിയുസി തുടങ്ങിയ എല്ലാ തൊഴിലാളിയൂണിയനുകളും ഉന്നയിക്കുന്ന നിലപാടിനൊപ്പമാണ് കേരളസര്‍ക്കാരും നിലകൊള്ളുന്നത്. ആശമാരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സായി അംഗീകരിക്കണം. 2013 ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഏകകണ്ഠമായി ആശ പ്രവര്‍ത്തകരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സായി അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നതാണ്. അങ്ങനെയെങ്കില്‍ വോളണ്ടിയേഴ്‌സ് എന്ന നിലയിലല്ലാതെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചേനെ.
മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരു തവണ മാത്രമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നടന്നത്. 2015 ല്‍ നടന്ന കോണ്‍ഫറന്‍സും ഏകകണ്ഠമായി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളും ഇവരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കൂട്ടിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ കഴിഞ്ഞ ദിവസവും ഇന്‍സെന്റീവ് കൂട്ടുന്നതിനെക്കുറിച്ച് ഒരു ഉറപ്പും നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല. ആദ്യം കൂട്ടുമെന്ന പറഞ്ഞ അദ്ദേഹം, പിന്നീട് ഇപ്പോള്‍ വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും ഭാവിയില്‍ ആലോചിക്കാമെന്നുമാണ് പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് 1800 രൂപ മാത്രമാണ്. ആ 1800 രൂപയില്‍ ഒരു പൈസ വര്‍ധിപ്പിക്കാന്‍ തയ്യാറല്ലാത്ത കേന്ദ്രത്തിനെതിരെ ഒരു പ്രതിഷേധവും ഈ സമരത്തില്‍ ഇല്ല എന്നത് ആലോചിക്കേണ്ടതാണ്. അതുകൊണ്ടാണ് എല്ലാ യൂണിയനുകളും സമരത്തിന് ഒപ്പം നില്‍ക്കാത്തത്. നേരത്തെ ഓണറേറിയം ലഭിക്കണമെങ്കില്‍ 10 മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കണമായിരുന്നു. അതില്‍ മാറ്റം വരുത്തി ഈ മാസം 12 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രി രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെ ആവശ്യം ന്യായമാണെന്നും, സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതേച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു.
by Midhun HP News | Mar 21, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനിയുമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സുമായി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ അനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.
ഈ കരാറിന്റെ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.അമേരിക്കന്‍ കമ്പനിയെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി.
44,210 കോടി രൂപയുടെ വായ്പ ബിസിനസ് ആണ് മണപ്പുറം കൈകാര്യം ചെയ്യുന്നത്. അനുബന്ധ സ്ഥാപനമായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXV, ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXIV എന്നിവ വഴിയാണ് ബെയിന്‍ ക്യാപിറ്റല്‍ ഏഷ്യ ഓഹരികള്‍ വാങ്ങുക. മുന്‍ഗണന ഓഹരികള്‍ അനുവദിക്കുന്നതോടെ, ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ബെയിനിന് ലഭിക്കും.
ഓഹരി ഒന്നിന് 236 രൂപ എന്ന നിലയിലാണ് ഓഹരി കൈമാറ്റം നടക്കുക. ആറ് മാസത്തെ ശരാശരി ട്രേഡിങ് വിലയേക്കാള്‍ 30 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ കൈമാറാനാണ് ധാരണയായത്. ഇതിന് പുറമേയാണ് മൂലധന അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് 26 ശതമാനം അധിക ഓഹരികള്‍ വാങ്ങാമെന്ന വാഗ്ദാനം ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ചത്. ഇത് ഓപ്പണ്‍ ഓഫറിലേക്ക് നയിക്കും.ഓപ്പണ്‍ ഓഫര്‍ വില ഒരു ഓഹരിക്ക് 236 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഓപ്പണ്‍ ഓഫര്‍ സബ്സ്‌ക്രിപ്ഷന്‍ കൂടി നടപ്പിലാകുന്നതോടെ, ബെയിനിന്റെ ഓഹരി പങ്കാളിത്തം 18 ശതമാനം മുതല്‍ 41.7% എന്ന തലത്തില്‍ വ്യത്യാസപ്പെടും. നിക്ഷേപത്തിനുശേഷം നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 28.9 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
75 വര്‍ഷം പഴക്കമുള്ള മണപ്പുറത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ഇത് കരുത്തുപകരുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുക, നേതൃത്വം ശക്തിപ്പെടുത്തുക, പ്രധാന വിഭാഗങ്ങളിലുടനീളം സാന്നിധ്യം വികസിപ്പിക്കുക എന്നിവയിലൂടെ മാറ്റം കൊണ്ടുവരാനാണ് നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് ബെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
1949-ല്‍ സ്ഥാപിതമായ മണപ്പുറം ഫിനാന്‍സ്, 28 സംസ്ഥാനങ്ങളിലായി 5,357 ശാഖകളിലൂടെ 66 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സ്വര്‍ണ്ണ വായ്പ വിഭാഗത്തിലെ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമാണ്. 50,800 പേര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മണപ്പുറം മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ പറഞ്ഞു.
by Midhun HP News | Mar 21, 2025 | Latest News, കേരളം
കോഴിക്കോട്: നാദാപുരം പേരോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയോടെയാണ് സംഭവം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല തുടങ്ങിയ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം.
മർദനത്തിൽ ജൂനിയര്‍ വിദ്യാർഥിയുടെ ചെവിയുടെ കർണപുടത്തിനടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മര്‍ദനത്തിനും തടഞ്ഞു വെച്ചതിനുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ട കൂടി ലഭിച്ച ശേഷം റാഗിങ് വകുപ്പുകളും ചുമത്തും.
പരീക്ഷയെഴുതാൻ വേണ്ടി സ്കൂളിലെത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. താടിവടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്തു. പിന്നീട് ഇത് വാക്കുതർക്കത്തിലെത്തുന്നു. കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരെന്ന് സംശയിക്കുന്ന എഴുന്നൂറോളം പേര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. ഇതില്‍ ഇരുന്നൂറ് ആളുകളുടെ പട്ടിക തയ്യാറാക്കിയതായും ഉയര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പട്ടികയിലെ ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമല്ല.
നേരത്തെ ഈ എഴുന്നൂറ് പേരില്‍ ഇരുന്നൂറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും അവര്‍ കേസില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശേഷിക്കുന്ന അഞ്ഞൂറ് പേര്‍ക്കെതിരെ അത്തരത്തില്‍ അന്വേഷണമൊന്നും മുന്‍പ് ഉണ്ടായിട്ടില്ല. പക്ഷെ നിലവില്‍ ഇവര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതായാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഭൂരിഭാഗം പേരും റവന്യൂ, തദ്ദേശ സ്വയംഭരണം, വാട്ടര്‍ അതോറിറ്റി, പൊലീസ് വകുപ്പുകളില്‍ നിന്നുള്ളവരാണ്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 23 പേരെ വിജിലന്‍സ്് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 39 പേരായിരുന്നു. ഇത്തവണ അറസ്റ്റിലായവരില്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.
Recent Comments