വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത ഡിപിആറിന് അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ ഡിപിആറിന് ( വിശദ പദ്ധതി രേഖ) മന്ത്രിസഭായോഗം അനുമതി നല്‍കി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുമ്പേ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍പാതയില്‍ 9.5 കിലോമീറ്റര്‍ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം – ബാലരാമപുരം റോഡിന്റെ അതേ അലൈന്‍മെന്റില്‍ ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക.

‘ഇനി ‘മാപ്ര’യൊന്നും വേണ്ടടാ, ഉവ്വേ!’; പൂര്‍ണമായും എഐയില്‍ തയാറാക്കിയ ഇറ്റാലിയന്‍ പത്രം, ലോകത്ത് ആദ്യം

‘ഇനി ‘മാപ്ര’യൊന്നും വേണ്ടടാ, ഉവ്വേ!’; പൂര്‍ണമായും എഐയില്‍ തയാറാക്കിയ ഇറ്റാലിയന്‍ പത്രം, ലോകത്ത് ആദ്യം

റോം: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രപ്രവര്‍ത്തന മേഖലയിലും നിത്യജീവിതത്തിലും എഐ സ്വധീനം എടുത്തു കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്നും പത്രാധിപര്‍ കാലുഡിയോ സെറാസ പറഞ്ഞു.

ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എഐയെ ഉപയോഗപ്പെടുത്താന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സ്വന്തം കണ്ടന്റുകള്‍ക്ക് എഐ ഉപയോഗിക്കാന്‍ ബിബിസി ന്യൂസ് ഉദ്ദേശിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ന്യൂസ്സ്റ്റാന്‍ഡുകളിലെ ലോകത്തിലെ ആദ്യത്തെ ദിനപത്രമായിരിക്കും ഇല്‍ ഫോഗ്ലിയോയെന്ന് കാലുഡിയോ സെറാസ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇല്‍ ഫോഗ്ലിയോയുടെ എഐ നിര്‍മ്മിത പതിപ്പിന്റെ ഒന്നാം പേജില്‍ തന്റെ ഇറ്റാലിയന്‍ പിന്തുണക്കാരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുടിന്റെ 10 വഞ്ചനകള്‍ എന്ന തലക്കെട്ടോടെയുള്ള കോളവും ഒന്നാം പേജില്‍ ഉണ്ട്. പുടിന്‍ നടപ്പാക്കിയതും റദ്ദാക്കിയതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നത്.

യുവ യൂറോപ്യന്മാര്‍ പരമ്പരാഗത ബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് രണ്ടാം പേജില്‍ കൊടുത്തിരിക്കുന്നത്. പത്രത്തിന്റെ അവസാന പേജില്‍ എഡിറ്റര്‍ക്കുള്ള എഐ നിര്‍മ്മിത കത്തുകളാണ് ഉള്ളത്. ഒരു വായനക്കാരന്‍ എഐ മനുഷ്യര്‍ക്ക് പകരമാകുമോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.

വാര്‍ത്തകള്‍, സംവാദങ്ങള്‍, വിശകലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ ഒരു ‘യഥാര്‍ത്ഥ പത്രം’ എന്നാണ് എഡിറ്റര്‍ സെറാസ ‘ഇല്‍ ഫോഗ്ലിയോ എഐയെ’ വിശേഷിപ്പിച്ചത്. ദൈനംദിന പത്രപ്രവര്‍ത്തനത്തില്‍ എഐ യുടെ പങ്ക് ചൂണ്ടിക്കാണിക്കാനുള്ള ഒരു പരീക്ഷണമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവത്തിനിടെ എയര്‍ഗണ്ണുമായി യുവാവിന്‍റെ അഭ്യാസം; കയ്യോടെ പിടികൂടി പൊലീസ്

ഉത്സവത്തിനിടെ എയര്‍ഗണ്ണുമായി യുവാവിന്‍റെ അഭ്യാസം; കയ്യോടെ പിടികൂടി പൊലീസ്

പാലക്കാട്: ഉത്സവാഘോഷത്തിനിടയില്‍ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ് . പട്ടാമ്പി തൃത്താല വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തോക്ക് കസ്റ്റഡിയിലെടുത്ത തൃത്താല പൊലീസ് ഒതളൂര്‍ സ്വദേശിയായ യുവാവിനെ കേസെടുത്ത് വിട്ടയച്ചു.

വേങ്ങശ്ശേരി ഉല്‍സവാഘോഷ കമ്മിറ്റിയില്‍പ്പെട്ട ദില്‍ജിത്താണ് എയര്‍ഗണുമായി ഉത്സവാഘോഷത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. തൃത്താല കോക്കാട് സെന്ററില്‍ വച്ചാണ് യുവാവിന്റെ കയ്യിലുള്ള തോക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്സവ പരിപാടികള്‍ക്കിടയില്‍ എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതിനും, എയര്‍ഗണ്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. എയര്‍ഗണ്‍ പൊട്ടിയിരുന്നെങ്കില്‍ പൊതുജനങ്ങളുടെ ജീവന് അപായം സംഭവിക്കുമായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. പെരുമ്പിലാവില്‍ നിന്നാണ് യുവാവ് എയര്‍ഗണ്‍ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

പൂട്ടിയിട്ട ഫ്‌ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; 100 കോടി രൂപയുടെ ആഭരണങ്ങളും പണവും

പൂട്ടിയിട്ട ഫ്‌ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; 100 കോടി രൂപയുടെ ആഭരണങ്ങളും പണവും

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പൂട്ടിയിട്ട ഫ്‌ളാറ്റില്‍ നിന്നും 100 കോടി രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സുമായി സഹകരിച്ചാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ 87.9 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍, 19.6 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, കോടിക്കണക്കിന് വിലമതിക്കുന്ന 11 വാച്ചുകള്‍, 1.37 കോടി രൂപ എന്നിവയാണ് കണ്ടെടുത്തത്.പണം എണ്ണുന്ന യന്ത്രം കൊണ്ടുവന്നാണ് നോട്ട് എണ്ണി തിട്ടപ്പെടുത്തിയത്. അഹമ്മദാബാദിലുള്ള ഈ അപ്പാര്‍ട്‌മെന്റ് മേഘ് ഷാ എന്നയാളാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘ് ഷായുടെ പിതാവ് ദുബായില്‍ ബിസിനസുകാരനും സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപനും കൂടിയാണ്. ഇരുവരും കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഫ്‌ളാറ്റിന്റെ താക്കോല്‍ പൊലീസ് എടുക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പരീക്ഷകൾ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്

പരീക്ഷകൾ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തിൽ കോഴിക്കോട് വിദ്യാർഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്. നാളെ പ്ലസ് ടു സയൻസ് പരീക്ഷ അവസാനിക്കുന്നതിനാൽ സിറ്റിയിലെ സ്കൂളുകൾക്ക് മുന്നിൽ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും.

സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികള്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനായി വാക്കുതര്‍ക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളിലും ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ആഘോഷ പരിപാടികള്‍ക്കിടെ ബൈക്ക് റെയ്സിംഗ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ മറ്റ് പരീക്ഷകൾ അവസാനിക്കുന്ന 26, 29 തീയതികളിലും സ്‌കൂളുകളുടെ മുന്നിലും പരിസര പ്രദേശങ്ങളിലും വനിതാ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.