by Midhun HP News | Mar 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകു്പ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് അലർട്ട്. യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 8 ആണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്.പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ യെല്ലോ അലർട്ടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും. അതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകപ്പ് അറിയിച്ചു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
കണ്ണൂർ: നാറാത്ത് ടിസി ഗേറ്റിൽ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികൾ വാടക വീടെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പ്രദേശവാസികൾക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകൾ. ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് എൽഎസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാരിൽ ചിലർ പ്രതികളെ കൈയേറ്റം ചെയ്തു. ഇതിനിടെയാണ് പ്രതികളെ എക്സൈസ് വാഹനത്തിൽ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് റെയ്ഡിനെത്തുമ്പോൾ വീടിൻ്റെ ഒന്നാം നിലയിലായിരുന്നു യുവാക്കൾ വാടകയ്ക്കെടുത്ത ആഡംബര വീടാണ് ഇതെന്നാണ് സൂചന. രാപ്പകൽ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നി നാട്ടുകാർ താക്കീത് നൽകിയെങ്കിലും യുവാക്കൾ ഗൗനിച്ചിരുന്നില്ല. മയക്കുമരുന്ന് വിൽപ്പന തുടർന്നതിനെ തുടർന്നാണ് എക്സൈസിനെ വിവരമറിയിച്ചത്.
by Midhun HP News | Mar 7, 2025 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴി വഴിയിടത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത് വന്നു. വഴിയിടത്തിന്റെ (ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ) പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവിശ്യവുമായി ചിറയിൻകീഴ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയ്ക്ക് നിവേദനം നൽകി.
ടേക്ക് എ ബ്രേക്ക് കെട്ടിടം നിലവിൽ യാതൊരു സമയക്രമങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്, മാത്രവുമല്ല, ഈ കെട്ടിടം ഇതിനോടകം മുന്നറിയിപ്പ് ഇല്ലാതെ, ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയിലുമായിരുന്നു. ശുചിമുറികൾ തുറന്നു പ്രവർത്തിക്കാത്ത അവസ്ഥയിൽ ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കും ഹാർബറിൽ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും പ്രദേശവാസികൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
മാത്രവുമല്ല, ഈ കെട്ടിടം യാതൊരു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിൽ വിൽപ്പന നടത്തുന്ന ആഹാരപദാർത്ഥങ്ങളുടെ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിടത്തിന് സമീപത്തു തന്നെ അലക്ഷ്യമായി തള്ളുന്ന അവസ്ഥയിലാണുള്ളത്. ഇത് പരിസര മലിനീകരണത്തിനും കാരണമാകുന്നുണ്ട്.
അതിനാൽ, ഈ കെട്ടിടം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (സമയക്രമത്തിനും അവധി ദിനങ്ങൾക്കും ശുചിത്വത്തിനും) പ്രവർത്തിപ്പിക്കുവാൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും ആവിശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചിട്ടുള്ളത്.
by Midhun HP News | Mar 7, 2025 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈനാകുന്നു. ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോഗം ഇക്കാര്യം തീരുമാനിച്ചത്.
മേൽപ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും ജിഎസ്ടിയും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.
ഇതിൽ ഭരണ സമിതി അംഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശപ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തെ നടന്നിട്ടുണ്ടാകും. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂൾ ഓഫ് ഡാൻസ് പ്രമോട്ടർ വിവി പീതാംബരൻ ദേവസ്വം മന്ത്രി വിഎൻ വാസവനു നിവേദനം നൽകിയിരുന്നു.
Recent Comments