by Midhun HP News | Mar 4, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000ന് മുകളില്‍. പവന് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64,000 കടന്നത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്.
ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച ശേഷമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപ ഇടിഞ്ഞ് 64,000ലും താഴേക്ക് പോയത്. എന്നാല്‍ ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് സ്വര്‍ണവില ഇന്ന് തിരിച്ചുകയറുകയായിരുന്നു.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കാസര്‍കോട്: മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ അരുണ്‍, ബന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിയെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
കൃഷ്ണകുമാറിനെ മംഗലൂരുവിലേക്ക് കൊണ്ടാക്കാന്‍ പോകുമ്പോള്‍ വാമഞ്ചൂരില്‍വെച്ച് ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് മഞ്ചേശ്വരം പൊലീസിന്റെ പ്രാഥമിക നിഗമനം. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കര്‍ണാടക സ്വദേശിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളുടെ സംഘട്ടനത്തിൽ മുഹമ്മദ് ഷഹബാസിനെ മർദ്ദിച്ചത് മുൻപ് ഒരുമിച്ചു പഠിക്കുകയും ഉറ്റ സുഹൃത്തുമായിരുന്ന വിദ്യാർഥി. ഇരുവരും മുൻപ് മറ്റൊരു സ്കൂളിൽ പഠിച്ചിരുന്നുവെന്നും പ്രതിയായ വിദ്യാർഥി തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ വെളിപ്പെടുത്തി. വിദ്യാർഥി സംഘർഷത്തെ തുടർന്നു മർദ്ദനമേറ്റാണ് മുഹമ്മദ് ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
‘എന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത് എന്തു സന്ദേശമാണ് നൽകുന്നത്. ഇവരെ ഈ വർഷം തന്നെ പരീക്ഷണ എഴുതിക്കണമെന്നത് ആരുടെ നിർബന്ധമാണ്. ഇവർ നാളെ കോളജിലെത്തിയാൽ വെടി വയ്ക്കാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ നൽകുന്നത്.’
‘പ്രതിഷേധം മറികടന്നും പരീക്ഷയെഴുതിപ്പിച്ച നടപടി അംഗീകരിക്കാനാവാത്ത നീതികേടും മനസിനേറ്റ മുറിവുമാണ്. കോപ്പിയടിച്ചവരെ പരീക്ഷയെഴുതിക്കാതെ മാറ്റി നിർത്താറുണ്ടെന്നിരിക്കെ കൊലപാതകം ചെയ്തവരെ പരീക്ഷയെഴുതിപ്പിച്ചത് അവർക്കും മറ്റുള്ള വിദ്യാർഥികൾക്കും അക്രമം ചെയ്യാനുള്ള പ്രചോദനമാണ്’- മുഹമ്മദ് ഇഖ്ബാൽ ആരോപിച്ചു.
അതേസമയം സംഭവത്തിൽ പ്രതികളായ 5 പേർക്കു പുറമേ കൂടുതൽ വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനയിലും മർദ്ദനത്തിലും പങ്കുണ്ടെങ്കിൽ അവരേയും പ്രതി ചേർക്കും. സിസിടിവി ദൃശ്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങി.
പ്രതികളിലൊരാളുടെ പിതാവിനു ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടികെ രജീഷുമായുള്ള ബന്ധം ജയിലിൽ നിന്നുള്ളതെന്നാണു പൊലീസിനു കിട്ടിയ വിവരം. രജീഷ് പരോളിൽ ഇറങ്ങിയപ്പോൾ ഇയാൾ കണ്ടിരുന്നു. ആ സമയത്ത് എടുത്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നാണു പൊലീസ് നിഗമനം.
കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കുട്ടികളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിന്റെ തെളിവാണെന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെഇ ബൈജു പറഞ്ഞു. കുട്ടികൾ എന്ന നിലയിലായിരുന്നില്ല മർദ്ദിച്ചവരുടെ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Mar 4, 2025 | Latest News, കേരളം
തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്. ലഹരിക്കടിമപ്പെടുന്ന യുവതയെ അതില്‍ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 999 59 666 66 എന്ന നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ശബ്ദസന്ദേശം,ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നും കേരള പൊലീസ് അറിയിച്ചു.
കുറിപ്പ്:
‘യോദ്ധാവ്’ – മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പദ്ധതി.
ലഹരിക്കടിമപ്പെടുന്ന യുവതയെ അതില്‍ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോര്‍ക്കാം.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‌സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.
ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ശബ്ദസന്ദേശം,ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ.
by Midhun HP News | Mar 4, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഉയർന്ന താപനില. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ
* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Recent Comments