അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോട്ടയം: ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണം കുടുംബപ്രശ്‌നമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.

തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

ഷൈനിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം.

നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്.

തൊഴില്‍ സമ്മർദം കൂടുതല്‍ ഐടി, മാധ്യമ മേഖലകളിൽ, മദ്യപാന ശീലം കൂടുന്നു

തൊഴില്‍ സമ്മർദം കൂടുതല്‍ ഐടി, മാധ്യമ മേഖലകളിൽ, മദ്യപാന ശീലം കൂടുന്നു

തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ മേഖലകളാണ് തൊഴിൽ സമ്മർദത്തിൽ തൊട്ടുപിന്നിൽ. 30–39 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ തൊഴിൽ സമ്മർദം അനുഭവിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം നേരിടുന്നത്. ഇതുമൂലം മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നതും സ്ത്രീകളാണ്.

ജോലിഭാരം കാരണം തൊഴിൽ–ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണ് കൂടുതൽ. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിൽ സമ്മർദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തി. തൊഴിൽ സമ്മർദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.

ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് രാജേഷ്; എന്തോ മിന്നായം പോലെ ബൈക്കിലേക്ക് ചാടി

ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് രാജേഷ്; എന്തോ മിന്നായം പോലെ ബൈക്കിലേക്ക് ചാടി

മലപ്പുറം: ജോലി സ്ഥലത്തേയ്ക്ക് ബൈക്കില്‍ പോകുമ്പോള്‍ എന്തോ മിന്നായം പോലെ ചാടി. അത് പുലിയാണെന്ന് അറിഞ്ഞപ്പോഴേക്കും ബൈക്കില്‍ നിന്ന് രാജേഷ് മറിഞ്ഞു വീണിരുന്നു. ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഗൂഡല്ലൂര്‍ ക്ഷേത്രവയല്‍ വീട്ടില്‍ രാജേഷ് (45). മറിച്ചായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് ഓര്‍ക്കാന്‍ പോലും രാജേഷ് ഭയപ്പെടുകയാണ്.

ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലമായ എസ്‌റ്റേറ്റിലേക്ക് പോകുമ്പോഴായിരുന്നു ഇരുമ്പുപാലത്ത് തേയിലത്തോട്ടത്തിന് സമീപം പുലി ബൈക്കിലേക്ക് ചാടിയത്. ഇടിയുടെ ആഘാതത്തില്‍ രാജേഷ് ബൈക്കില്‍ നിന്ന് മറിഞ്ഞുവീണതിനൊപ്പം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ച് പുലിയും വീണു. ബൈക്കിന്റെ മറുവശത്താണ് പുലി കിടന്നത്. ഇപ്പുറത്ത് പരുക്കുകളോടെ രാജേഷും. പുലി ഏതുസമയത്തും തന്റെ നേരെ കുതിക്കും എന്ന ഭയത്തില്‍ നില്‍ക്കുന്നതിനിടെ ഒരു പുലിക്കുട്ടി കൂടി പുലിയുടെ അടുത്തേക്ക് ചാടിയിറങ്ങി.

ഇതിനിടെ, കാറിലെത്തിയ ആള്‍ രാജേഷിനോട് കാറില്‍ കയറാന്‍ വിളിച്ചുപറഞ്ഞു. പുലിക്കുട്ടി പുലിയുടെ അടുത്ത് അല്‍പ്പസമയം നിന്ന ശേഷം കാട്ടിലേക്ക് പോയി. 10 മിനിറ്റോളം അവശതയോടെ കിടന്ന ശേഷമാണ് പുലി കാട്ടിലേക്ക് ഓടിയത്. വലതു കാല്‍മുട്ടിലും ചുമലിലും പരിക്കേറ്റ രാജേഷിനെ ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ രാജ്യപുരസ്കാർ വിജയികൾക്ക് അവാർഡുകൾ നൽകി

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ രാജ്യപുരസ്കാർ വിജയികൾക്ക് അവാർഡുകൾ നൽകി

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ രാജ്യ പുരസ്കാർ ടെസ്റ്റ് പാസായ 23 ഗൈഡ്സിനുള്ള അവാർഡ് ദാന ചടങ്ങ് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ബിനു നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് അധ്യക്ഷനായി. ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ
ഡോ ഉദയകുമാരി സ്വാഗതം ചെയ്തു. എച്ച് എം കെ എസ് ഗീത, സീനിയർ അസിസ്റ്റന്റ് ശ്രീലത, സ്റ്റാഫ് സെക്രട്ടറി മഞ്ചു, ഗൈഡ് ക്യാപ്റ്റൻമാരായ ജൂലി, ലിജി എന്നിവർ ആശംസകൾ നേർന്നു. ആറ്റിങ്ങൽ C – Rot കുട്ടികൾക്കുള്ള മൊമെൻ്റോ സ്പോൺസർ ചെയ്തു.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത് കണ്ണൂരിലാണ്. വ്യാഴാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. ഫെബ്രുവരിയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്. സംസ്ഥാനത്ത് പൊതുവെ ഉയര്‍ന്ന താപനില 35നും 40 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ രേഖപ്പെടുത്തി.

മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നത് ആശ്വാസമാകും. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.