നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ രണ്ടര വര്‍ഷത്തെ യാത്രാവിലക്ക്, അവസാനമായി ഉറ്റവരെയൊന്നു കാണാന്‍ പോലുമാകാതെ റഹീം

സൗദിയില്‍ രണ്ടര വര്‍ഷത്തെ യാത്രാവിലക്ക്, അവസാനമായി ഉറ്റവരെയൊന്നു കാണാന്‍ പോലുമാകാതെ റഹീം

തിരുവനന്തപുരം: മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണാന്‍ പോലുമാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അഫാന്റെ പിതാവ് റഹീം. ഇഖാമ കാലാവധി തീർന്നതിനെ തുടർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങി. ഏഴ് വർഷമായി റഹീം നാട്ടിൽ വന്നിട്ട്.

ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണം. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. എല്ലാത്തിനും ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും സാധാരണ ഗതിയിൽ സമയമെടുക്കും. അതിന് മുൻപേ നാട്ടിലെത്തിക്കാനാണ് ശ്രമം.

രേഖകൾ ശരിയാക്കാനാണെങ്കിൽ തന്നെ മൂന്ന് വർഷത്തോളം നീണ്ട അനധികൃത താമസത്തിന് വലിയ പിഴ കൊടുക്കേണ്ടി വരും. ഇത് എങ്ങനെയെങ്കിലും കണ്ടെത്താമെന്നാണ് സാമൂഹ്യ പ്രവർത്തകരുടെ പ്രതീക്ഷ. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. 75 ലക്ഷത്തോളം ഇദ്ദേഹത്തിന് കടമുണ്ട്. പിന്നീട് ദമാമിലേക്ക് മാറുകയായിരുന്നു.

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പുണ്യസ്‌നാനം ചെയ്തത് 63 കോടിയോളം പേര്‍

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പുണ്യസ്‌നാനം ചെയ്തത് 63 കോടിയോളം പേര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെയാണ് ഇത്തവണത്തെ തീര്‍ഥാടക സംഗമത്തിന് സമാപമാകുക.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍ ഇതുവരെ 63.36 കോടി ആളുകള്‍ പുണ്യസ്‌നാനം ചെയ്തു എന്നാണ് കണക്കുകള്‍. ഇന്ന് 2 കോടി തീര്‍ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ തന്നെ അമൃതസ്‌നാനം ആരംഭിച്ചു. ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ,ഗതാഗതം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ് രാജ് റെയില്‍വെ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജിതമാണ്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിയ സ്‌നാനത്തോടെയാണ് തുടക്കമായത്.

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സ് ഗിയര്‍ ഇട്ട് സ്വര്‍ണവില; 64,500ല്‍ താഴെ

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സ് ഗിയര്‍ ഇട്ട് സ്വര്‍ണവില; 64,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.

ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ വ്യാഴാഴ്ചത്തെ സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ് ആണ് ഇന്നലെ ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

‘സിനിമയിലെ നായകര്‍ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാല്‍ തന്ത വൈബ് ആവും’

‘സിനിമയിലെ നായകര്‍ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാല്‍ തന്ത വൈബ് ആവും’

യുവാക്കള്‍ പ്രതികളാവുന്ന കൂട്ടക്കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോള്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ് പലരും ആദ്യവിരല്‍ ചൂണ്ടുന്നത്. അത് ശരിവയ്ക്കും വിധത്തിലാണ് മിക്ക കേസുകളിലും പ്രതികളാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനൊപ്പം തന്നെ ചേര്‍ത്തു കാണേണ്ടതാണ്, സിനിമകളിലെ വയലന്‍സ് എന്നുകൂടി ചൂണ്ടിക്കാട്ടുന്നു സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പലരും. തിരുവനന്തപുരത്ത് ബന്ധുക്കളെയും കൂട്ടുകാരിയെയും യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച ഇതാണ്.

ഈ പശ്ചാത്തലത്തില്‍ ചെറിയൊരു കുറിപ്പു പങ്കുവയ്ക്കുകയാണ്, എഴുത്തുകാരന്‍ റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്കില്‍. ഇന്ന് മിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വടിവാളോടു കൂടിയ, മുടി കാറ്റില്‍ പറത്തിയ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നെന്ന് പറയുന്നു അദ്ദേഹം. കുറിപ്പ് ഇങ്ങനെ: ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പൊലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വിടവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയില്‍ തന്ത വൈബ് ആവുകയും ചെയ്യും.

സിനിമകള്‍ സമൂഹത്തെ അക്രമവത്കരിക്കുന്നതില്‍ എത്രത്തോളം പങ്കു വഹിക്കുന്നുണ്ടെന്ന ചര്‍ച്ച കൊഴുക്കുകയാണ്, റഫീഖ് അഹമ്മദിന്റെ പോസ്റ്റില്‍. തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകള്‍ നൂറു കോടി ക്ലബില്‍ കയറുന്ന കാലം മാറുന്ന മലയാളിയെയാണ് കാണിച്ചു തരുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.