by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടും നാടറിയുന്നത് വൈകീട്ട് ആറു മണിക്കു ശേഷം. തൊട്ടടുത്ത് ബന്ധുക്കള്‍ ഉള്‍പ്പെടെ താമസിക്കുന്നുണ്ടെങ്കിലും എല്ലാവരും വിവരം അറിയുന്നത് പൊലീസുകാര്‍ സ്ഥലത്ത് എത്തുമ്പോള്‍ മാത്രമാണ്.
പേരുമലയിലെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട്ട് എത്തിയാണ്, ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സല്‍മാബീവിയെ അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക മരണമാണെന്നാണ് നാട്ടുകാര്‍ കരുതിയത്.
എന്നാല്‍ അഫാന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇതു കൊലപാതകമാണ് എന്നറിഞ്ഞത്. പിന്നീട് അഫാന്‍ കൊന്നത് പുല്ലമ്പാറ എസ്എന്‍ പുരത്തുള്ള പിതൃസഹോദരന്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ (59) എന്നിവരെയാണ്. റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലത്തീഫിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊന്നുവെന്നാണ് സൂചന. ഗുരുതരമായി തലയ്ക്കു പരിക്കേറ്റിരുന്നു.
ഇവിടെയും കൊലപാതകം നടന്ന വിവരം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഈ കൊടുംക്രൂരതകള്‍ക്കു ശേഷം അഫാന്‍ വീട്ടിലെത്തി അനുജനെ പുറത്തുകൊണ്ടുപോയി ആഹാരം വാങ്ങിക്കൊടുത്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനു ശേഷമാണ് സഹോദരനെയും തന്റെ പെണ്‍സുഹൃത്തിനെയും അമ്മയെയും ആക്രമിച്ചത്. ഏറ്റവും ഒടുവിലാണു പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നതെന്നാണു സൂചന.
കൊലപാതകം നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ സംഭവം വിവരിച്ചതോടെയാണ് കൂട്ടക്കൊല പുറംലോകം അറിയുന്നത്. താന്‍ ആറു പേരെ കൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്‍(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയായിരുന്നു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’ സ്റ്റേഷനിലേക്കു നടന്നെത്തിയ ചെറുപ്പക്കാരന്‍ ഒരു ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ക്ക് ആദ്യം വിശ്വാസമായില്ല. മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമാണ് പൊലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ പറഞ്ഞ വീടുകളില്‍ പോയി പൊലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് യുവാവ് പറഞ്ഞത് സത്യമാണെന്ന കാര്യം ബോധ്യമായത്.
അഫാന്‍ പറഞ്ഞ വീടുകളിലേക്ക് തിരക്കിയെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് നിരന്നു കിടക്കുന്ന മൃതദേഹങ്ങളാണ്. പറഞ്ഞതിന്റെ പൊരുളറിയാന്‍ പൊലീസ് ഇറങ്ങുമ്പോള്‍, പൊലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഫാന്‍. പേരുമലയിലെ അവസാനത്തെ കൊലപാതകങ്ങള്‍ക്കുശേഷം നാലു കിലോമീറ്റര്‍ അകലെയുള്ള വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു മുന്‍പില്‍ വൈകീട്ട് ആറോടെയാണ് അഫാന്‍ ഓട്ടോയിലെത്തിയത്.
ഓട്ടോ പറഞ്ഞയച്ചു സ്റ്റേഷനിലേക്കു കയറിയപ്പോള്‍ ആദ്യം കണ്ട പൊലീസുകാരനോടു വിവരം പറഞ്ഞു: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’- ഇതു കേട്ടപ്പോള്‍ മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമാണ് പൊലീസ് ആദ്യം കരുതിയത്.
അഫാനെ അകത്തേക്കു വിളിച്ചിരുത്തിയ പൊലീസുകാര്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും മറുപടിയില്‍ വ്യക്തതയുണ്ടായില്ല. ഇതോടെ പൊലീസ് സംഘം പേരുമലയിലെ വീട്ടിലേക്കു തിരിച്ചു. തന്നില്‍നിന്നു പൊലീസിന്റെ ശ്രദ്ധ മാറിയെന്നു മനസ്സിലായതോടെ കയ്യില്‍ കരുതിയ പൊതിയില്‍നിന്ന് അഫാന്‍ എലിവിഷമെടുത്തു കഴിച്ചു. പിന്നാലെ കുഴഞ്ഞുവീണു. പേരുമലയിലെ വീട്ടിലെത്തിയ പൊലീസിനു കാണാനായതു രണ്ടു മൃതദേഹങ്ങള്‍. അഫാന്റെ അനുജനും സുഹൃത്തും. ശ്വാസമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഉമ്മ ഷമിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷമാണു പാങ്ങോട്ടും പുല്ലമ്പാറയിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
ആറു പേരും കൊല്ലപ്പെട്ടുവെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അഫാന്‍. കയ്യില്‍ എലിവിഷം കരുതി പൊലീസ് സ്റ്റേഷനിലെത്തിയത് അതുകൊണ്ടാണ്. എല്ലാവരുടെയും തലയ്ക്കാണ് അടിയേറ്റത്. പേരുമലയിലെ വീട്ടില്‍ ഉമ്മയെയും അനുജനെയും സുഹൃത്തിനെയും തലയ്ക്ക് അടിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതും ആരും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. രാത്രിയില്‍ വീട്ടിലെത്തുന്ന പൊലീസോ, അയല്‍ക്കാരോ തീപ്പെട്ടിയുരച്ചാല്‍ വീടുള്‍പ്പെടെ കത്തുമെന്നായിരുന്നു യുവാവിന്റെ കണക്കുകൂട്ടല്‍ എന്നും പൊലീസ് പറയുന്നു
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളിൽ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും വാർത്താക്കുറിപ്പിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് മുരുക്കോണം സ്വദേശിയായ ഫര്‍സാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെയാണ് ഫാര്‍സാന അഫാന്‍റെ വീട്ടിലെത്തിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്നു ഫര്‍സാന.
പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഫർസാനയുമായി അഫാൻ വീട്ടിലെത്തിയപ്പോൾ തർക്കമുണ്ടായതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫർസാനയെ അഫാന്റെ വീടിന് സമീപം കണ്ടതാണ് സമീപവാസികൾ പറയുന്നു.
വിവാഹത്തിന് സമ്മതം തേടാനാണ് അഫാൻ, ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ അഫാനുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നുവെന്നാണ് ചില ബന്ധുക്കള്‍ പറയുന്നത്. വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ തലയ്ക്കും മുഖത്തും അടിയേറ്റ് വികൃതമായ നിലയിലായിരുന്നു മൃതദേഹം. വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട മാതാവ് ഷമിയുടെ നില അതീവ ഗുരുതമാണ്. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരാണ് മരിച്ചത്.
സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ പിതാവ് സൗദിയില്‍ സ്പെയര്‍പാട്സ് കട നടത്തിയിരുന്നു. വ്യാപാരം തകര്‍ന്നതുമായി ബന്ധപ്പെട്ട് 75 ലക്ഷത്തോളം കടം ഉണ്ടായിരുന്നതായി അഫാന്‍ പൊലീസില്‍ പറഞ്ഞു.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് കുതിപ്പ്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Recent Comments