മാര്‍ച്ച് ഒന്ന് മുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കും

മാര്‍ച്ച് ഒന്ന് മുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കും

ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍. മോട്ടോര്‍ വാഹന വകുപ്പില്‍ കൊച്ചി സ്വദേശി കെ പി മാത്യൂസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിര്‍ദ്ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നത്. സംസ്ഥാനത്തുടനീളം ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരും ഡ്രൈവര്‍മാരുമായി പതിവായി സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

കഴിഞ്ഞ 24- ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്സി സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കും.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ഓട്ടോകളിലും ”യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന വലുപ്പത്തില്‍ എഴുതി വെയ്ക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശം. ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്രാസൗജന്യം ന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് റോഡ്സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ നിര്‍ദ്ദേശമാണ് കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നത്.

ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് ഉത്തരവിലുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജുചകിലം അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. സ്റ്റിക്കര്‍ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍മാര്‍ക്കും ജോയിന്റ് റീജയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.

കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ് ഗുരുതരമായ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. പലര്‍ക്കും സാരമായ പരിക്കുണ്ട്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെയുള്ള ക്ഷേത്രമാണ്.

കേരള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. ബോൾ​ഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ 26 രാജ്യങ്ങളുടെ പ്രതിനിധികളും സംരംഭകരുമുൾപ്പെടെ 3000 പേർ പങ്കെടുക്കും.

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി എന്നിവർക്കു പുറമേ, ഓൺലൈനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പ്രഭാഷണം നടത്തും. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ബിസിനസ് സാധ്യതകൾ, സ്റ്റാർട്ട് അപ്-ഇനോവേഷൻ പ്രോത്സാഹനം, ഓട്ടോമോട്ടീവ് ടെക്നോളജി-ഇനോവേഷൻ ഭാവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദ​ഗ്ധർ പങ്കെടുക്കുന്ന ചർച്ചകളുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചർച്ചയുടെ ഭാഗമാകും. ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിക്കെത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

കാക്കനാട് കൂട്ട ആത്മഹത്യ: അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ

കാക്കനാട് കൂട്ട ആത്മഹത്യ: അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ

കൊച്ചി: കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഹിന്ദിയിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്.

വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ശാലിനി വിജയ്‌യുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹത്തിന് 4 മുതൽ 5 ദിവസം വരെ പഴക്കമുണ്ട്. മൂവരുടെയും മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മനീഷിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം കിടക്കയിലുമായിരുന്നു ഉണ്ടായിരുന്നത്.

അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. 2011 ബാച്ച് ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.

കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ഝാര്‍ഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 10 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.