by Midhun HP News | May 5, 2026 | Latest News, കേരളം
കൊച്ചി: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എട്ടാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | May 5, 2026 | Latest News, കേരളം
പത്തനംതിട്ട: സിനിമ- സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാഗത്തേക്കുള്ള യാത്രയിൽ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്.
ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്നയുടനെ തന്നെ ഇരുവരെയും അടൂരിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചിരുന്നു. ഭാര്യയുടെ പരിക്ക് ഗുരുതരമല്ല. പാർസൽ ലോറി ഡ്രൈവർ സുധീഷിനും പരിക്കേറ്റിട്ടുണ്ട്.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാ രംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ സന്തോഷ് തിളങ്ങി. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി എൻ കേശവൻ നായരുടെയും പി രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.
by Midhun HP News | May 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 1,09,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് താഴ്ന്നത്. 13,675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിന് മുകളിലാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | May 4, 2026 | Latest News, കേരളം
കോട്ടയം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം. പോരാട്ടത്തില്‍ 35986 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ 68893 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. അനിൽ കുമാർ 32907 വോട്ടുകളും, എൻഡി സ്ഥാനാര്‍ഥി പി. അനിൽ കുമാർ 9726 വോട്ടുകളും നേടി.
കോട്ടയം നിയോജക മണ്ഡലം ഇക്കുറി ആവേശകരമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മുന്‍ ആഭ്യന്തര മന്ത്രിയും കോട്ടയത്തെ സുപരിചിതനുമായ സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയായതോടെ മുന്നണി വലിയ പ്രതീക്ഷയിലായിരുന്നു. അതേസമയം, സിപിഎം നേതാവ് അഡ്വ. കെ. അനിൽ കുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിന് അനുവദിച്ച സീറ്റില്‍ പി.അനിൽ കുമാർ എൻഡിഎക്ക് വേണ്ടി മത്സരിച്ചു. മധ്യകേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം ദൃശ്യമായ മണ്ഡലമാണിത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരും അനില്‍ കുമാറും മുഖാമുഖം വന്നപ്പോള്‍ 18,743 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു വിജയം.
മണ്ഡല രൂപീകരണത്തിന് ശേഷം ഇടത് വലത് മുന്നണികൾ മാറി മാറി ഭരിച്ചിരുന്നുവെങ്കിലും 2011 മുതൽ കോട്ടയം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ്. അടുപ്പിച്ച് മൂന്ന് ടേം വ്യക്തമായ ഭൂരിപക്ഷത്തോടെ കോട്ടയം നിയോജക മണ്ഡലം തിരുവഞ്ചൂരിനൊപ്പം നിന്നു. അതിനാല്‍തന്നെ കോട്ടയം നിയോജക മണ്ഡലം ഇത്തവണ പിടിച്ചെടുക്കുക എല്‍ഡിഎഫിനെ സംബന്ധിച്ച് ബാലികേറാമലയായിരുന്നു.
by Midhun HP News | May 4, 2026 | Latest News, കേരളം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎൽഎയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെത്തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയിൽ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോൾ നിയമസഭയിലേക്ക് എത്തുന്നത്.
ജനനായകനായി വിജയ്
അതേസമയം തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 234 സീറ്റുകളിൽ 108 സീറ്റുകളിൽ ടി വി കെ സ്ഥാനാർഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. ഡി എം കെ 60 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ എ ഐ എ ഡി എംകെ 65 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ടി വി കെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡി എം കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡി എം കെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ കാണാനാവുന്നത്. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോൾ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളിൽ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്.
Recent Comments