അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന

തൃശൂര്‍: ചാലക്കുടി മേലൂര്‍ കുന്നില്‍ അമ്മയും കുഞ്ഞും കിണറില്‍ വീണു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൃത്യസമയത്ത് എത്തി ഇരുവരേയും രക്ഷപ്പെടുത്തി. മേലൂര്‍ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടില്‍ സൈന സന്തോഷ്, മകള്‍ ആറു വയസ്സുകാരി അന്ന സന്തോഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കിണറ്റില്‍ വീണത് അറിഞ്ഞയുടന്‍ അയല്‍വാസിയായ ജോഷി കിണറില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മുകളിലേയ്ക്ക് കയറ്റാനായില്ല. കയറില്‍ മൂന്ന് പേരും പിടിച്ചു നില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇരുവരേയും രക്ഷപ്പെടുത്തി. ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ കെ രമേശിന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സനല്‍ ജ്യോതിയുടെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം മൂന്നു പേരെയും കിണറിന് പുറത്തേയ്ക്ക് എത്തിച്ചു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനില്‍ മോഹന്‍ കിണറില്‍ ഇറങ്ങി മൂന്നുപേരെയും നെറ്റ് ഉപയോഗിച്ച് മുകളിലേക്ക് കയറ്റുകയും ആയിരുന്നു. സേനാ അംഗങ്ങളായ രതീഷ് പി. ആര്‍, ആദര്‍ശ് എസ് എ, അരുണ്‍ കെ , അഖില്‍ ആര്‍ നായര് ,അരുണ്‍ വി എന്‍, സൂരജ് കുമാര്‍ , വിന്‍സി ഡേവിസ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

പ്രതിഫലം ലഭിച്ചില്ല; ‘പരാശക്തി’ നിർമാതാക്കൾക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

പ്രതിഫലം ലഭിച്ചില്ല; ‘പരാശക്തി’ നിർമാതാക്കൾക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

ചെന്നൈ: ‘പരാശക്തി’ സിനിമയുടെ നിർമാതാക്കൾക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സംവിധായിക സുധ കൊങ്കര. തന്റെ പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സുധ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിർമാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് ഹർജി നൽകിയിരിക്കുന്നത്. പരാശക്തിയുടെ സാറ്റ്‌ലൈറ്റ് റിലീസ് ജൂലൈ എട്ടു വരെ കോടതി തടഞ്ഞു. അതോടൊപ്പം ജൂലൈ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ഇദയം മുരളി തടയണമെന്ന സുധയുടെ അഭ്യർഥനയിൽ, ജൂലൈ 7 ന് മുൻപ് പ്രതികരണം അറിയിക്കാനും നിർമാതാക്കളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി പരിഗണിച്ച ജസ്റ്റിസ് കുമരേഷ് ബാബു ആണ് ഉത്തരവിട്ടത്. കരാർ പ്രകാരം ജിഎസ്ടി ഉൾപ്പെടെ ആകെ 17.70 കോടി രൂപയാണ് സുധ കൊങ്കരയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.31 കോടി രൂപ മാത്രമാണ് നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് നൽകിയത്. ബാക്കി 8.39 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് സുധ കൊങ്കരയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കൈമാറിയിട്ടും പ്രതിഫലം പൂർണമായി നൽകിയില്ല.

‘പരാശക്തി’ വൻ വിജയമാണെന്ന് നിർമാതാക്കൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിട്ടും കുടിശിക തീർക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. റിലീസിന്റെ അവസാന നിമിഷമല്ല, മറിച്ച് കൃത്യമായ സമയത്ത് തന്നെയാണ് താൻ കോടതിയെ സമീപിച്ചതെന്ന് സുധ കൊങ്കര വ്യക്തമാക്കി.

ജനുവരിയിൽ പുറത്തിറങ്ങിയ തമിഴ് പൊളിറ്റിക്കൽ ഡ്രാമയാണ് ‘പരാശക്തി’. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഡോൺ പിക്‌ചേഴ്‌സ് ആണ് നിർമിച്ചത്. റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ തന്നെ ചിത്രം ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രം ഇതിനോടകം ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ച നിലയില്‍

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ച നിലയില്‍

തൃശൂര്‍: തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത ഗര്‍ഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി(30)യാണ് മരിച്ചത്. സൃഹൃത്തായ ഒട്ടോഡ്രൈവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതു വരികയാണ്.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തിയപ്പോള്‍ മുറി അകത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്താണ് സംഘം അകത്ത് കയറിയത്. കഴിഞ്ഞ 27നാണ് യുവതി മുറിയെടുത്തത്.

ഹോട്ടലിലെ 108ആം നമ്പര്‍ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ എത്തിയ സൃഹൃത്തായ ഓട്ടോ ഡ്രൈവര്‍ എത്തി മുറി തുറക്കുന്നില്ലെന്ന് പറഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് അകത്ത് കയറിയപ്പോള്‍ യുവതിയും കുഞ്ഞും മരിച്ച നിലയിലായിരുന്നു. മരണ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

മലപ്പുറം: മരണത്തിന്റെ നിഴല്‍ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീര്‍ണ്ണവും അപൂര്‍വവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കിയത്. ലോകത്താകെ ഇതുവരെ അഞ്ഞൂറോളം പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപ്ലാസിയ ക്യൂട്ടിസ് കണ്‍ജനീറ്റ എന്ന അതീവ അപൂര്‍വ രോഗാവസ്ഥയായ മസ്തിഷ്‌കാവരണം പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞ് ജനിച്ചത്.തലയില്‍ 7×4 സെന്റീമീറ്റര്‍ വലുപ്പമുള്ള ദ്വാരത്തിലൂടെ തലച്ചോറിലെ സുപ്രധാന ഭാഗമായ ഡ്യൂറ മാറ്റര്‍ പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ചെറിയൊരു പരിക്കോ അണുബാധയോ പോലും ജീവന് ഉടനടി ഭീഷണിയായേക്കാവുന്ന ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അത്യപൂര്‍വമായ ഒരു ജീവന്‍രക്ഷാ ദൗത്യത്തിനായി കൈകോര്‍ത്തത്. ഏര്‍ലി ലെഫ്റ്റ് ടെമ്പറല്‍ റൊട്ടേഷണല്‍ സ്‌കാല്‍പ് ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ എന്ന അതിനൂതന ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, നിയോനറ്റോളജി, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയത്. കുട്ടിയുടെ തലച്ചോറിന് യാതൊരുവിധ ആഘാതവും സംഭവിക്കാതെ ഡ്യൂറ മാറ്റര്‍ സംരക്ഷിച്ചെടുക്കുക എന്ന ദുഷ്‌കരമായ ദൗത്യം ന്യൂറോ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുഞ്ഞിന്റെ തലയിലെ ചര്‍മ്മം തന്നെ ഉപയോഗിച്ച് വിടവ് നികത്തുന്ന ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നിര്‍വ്വഹിച്ചു. പരസ്പരമുള്ള മികച്ച ഏകോപനമാണ് ഈ ജീവന്‍രക്ഷാ ദൗത്യത്തിന് കരുത്തായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജിന്റോ, നിയോനറ്റോളജിസ്റ്റുകളായ ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീനോടൊപ്പം ഡോ. റനീന, ഡോ. സബ്‌ല റഷീദ്.പി, ഡോ. ആതിര രാജു തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായി.

ഒരു നവജാതശിശുവിന് അനസ്‌തേഷ്യ നല്‍കുക എന്നത് അതീവ അപകടസാധ്യതയുള്ള കാര്യമായിരുന്നിട്ടും കൃത്യമായ ആസൂത്രണത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയതെന്ന് നിയോനറ്റോളജി വിഭാഗം മേധാവി ഡോ. സുമയ്യ അബ്ദുള്ള വ്യക്തമാക്കി. മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന്റെ അവയവങ്ങളുടെ ഘടനയും പ്രതിരോധശേഷിയും പൂര്‍ണ്ണ വളര്‍ച്ചയെത്താത്തതിനാല്‍ ശസ്ത്രക്രിയ സമയത്ത് അനസ്‌തേഷ്യ നല്‍കുമ്പോള്‍ മരുന്നുകളുടെ അളവ് കൃത്യതയോടെ നല്‍കുക എന്നത് അനസ്‌തേഷ്യ വിഭാഗത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലായിരുന്ന മാതാവിന് അപൂര്‍വ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് മെഡിക്കല്‍ സംഘം അടിയന്തരമായി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുകയായിരുന്നു. നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അത്യാധുനിക തീവ്രപരിചരണ സൗകര്യങ്ങള്‍ ഗ്രാമീണ മേഘലയിലെ ജനങ്ങള്‍ക്ക് നല്‍കാനായത് ആശുപത്രിയുടെ വലിയൊരു നേട്ടമാണ്. ഡോക്ടര്‍മാരുടെ പ്രാവീണ്യവും പരിചയസമ്പത്തും ആത്മാര്‍ഥതയും ഒന്നിച്ചപ്പോള്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചതെന്ന് ആസ്റ്റര്‍ മിംസ് അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സെര്‍വീസസ് ഡോ. നിഹ്മത്തുള്ള അഭിപ്രായപ്പെട്ടു. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത കുഞ്ഞ് ആശുപത്രിയില്‍ നിന്ന് പത്താം നാള്‍ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോയതായി അരീക്കോട് ആസ്റ്റര്‍ മിംസ് സി.ഓ.ഓ. റോബിന്‍ സി.വി, അസിസ്റ്റന്റ് സി.എം.എസ് ഡോ. നിഹ്മത്തുള്ള, ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, നിയനാറ്റോളജിസ്‌റ് ഡോ. ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

കൊച്ചി: വർ​ഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.

അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ പൊലീസ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ പരാതിയിൽ മതിയായ തെളിവുകൾ ഇല്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണ്. അതുകൊണ്ട് കേസെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ടിനിയുടെ പ്രവർത്തികൾ. താൻ ചിലരെ മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള പരാമർശങ്ങളും ടിനി ഉന്നയിച്ചിട്ടുണ്ട്. അത് മറ്റുള്ളവരിൽ നിന്ന് തനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു അൻസിബയുടെ പരാതി.

സംഭവത്തിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ടിനി ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ബോധപൂർവം കെട്ടിചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം.