by Midhun HP News | Jun 29, 2026 | Latest News, കേരളം
കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള നിയമനടപടികള്‍ ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്.
എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്‍കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.
ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.

by Midhun HP News | Jun 29, 2026 | Latest News, കേരളം
ഇത്തവണത്തെ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ (KEAM) മികച്ച നേട്ടം സ്വന്തമാക്കി കേരള സിലബസ് വിദ്യാർഥികൾ. റാങ്ക് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴും കേരള സിലബസ് വിദ്യാർഥികൾ സ്വന്തമാക്കിയപ്പോൾ സി ബി എസ് ഇ സ്ട്രീമിൽ പഠിച്ചവർക്ക് മൂന്നു സ്ഥാനങ്ങൾ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ആദ്യ 100 പേരുടെ പട്ടിക എടുത്താൽ അവിടെയും കേരള സിലബസ് വിദ്യാർഥികൾ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 21 കേരള സിലബസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ കഥ മാറി. ആദ്യ 100 റാങ്കിൽ 48 പേരും കേരള സിലബസുകാരാണ്.
കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 79 സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികൾ ആയിരുന്നു. എന്നാൽ ഇത്തവണ അത് 47 ആയി കുറഞ്ഞു. ഇനി 5000 പേരുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ അവിടെയും കാണാം കേരള സിലബസിൽ പഠിച്ച കുട്ടികളുടെ മുന്നേറ്റം.
5000 പേരുടെ പട്ടികയിൽ 2721 പേർ കേരള സിലബസുകാരും 2029 പേർ സി.ബി.എസ്.ഇക്കാരുമാണ്. കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ കേരളാ സിലബസിൽ പഠിച്ച 1796 പേരാണുണ്ടായിരുന്നത്.
എന്ത് കൊണ്ട് ഈ മാറ്റം?
മുൻപ്, ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് (1:1:1) എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തിയിരുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും വിദഗ്ധ സമിതിയ്ക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (BOI) വിവിധ ക്രെഡിറ്റ് ഓഫീസർ തസ്തികകളിലേക്ക് 779 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ബാങ്കിങ് മേഖലയിലെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. ഓൺലൈൻ വഴി ജൂൺ 30 മുതൽ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ
ക്രെഡിറ്റ് ഓഫീസർ (MMGS-II)
ക്രെഡിറ്റ് ഓഫീസർ (MMGS-III)
സീനിയർ ക്രെഡിറ്റ് ഓഫീസർ (SMGS-IV)
മറ്റ് ക്രെഡിറ്റ് സംബന്ധമായ തസ്തികകൾ
വിദ്യാഭ്യാസ യോഗ്യത
ക്രെഡിറ്റ് ഓഫീസർ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (SC/ST/OBC/PwBD വിഭാഗങ്ങൾക്ക് 55%).
കൂടാതെ CA / CFA / CMA (ICWA) അല്ലെങ്കിൽ MBA / PGDBM / രണ്ട് വർഷത്തെ ഫുൾടൈം പി.ജി. ബിരുദം (ബാങ്കിങ്, ഫിനാൻസ്, ക്രെഡിറ്റ് അനുബന്ധ മേഖലകൾ) ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട ബാങ്കിങ്/ക്രെഡിറ്റ് മേഖലയിലെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
സീനിയർ ക്രെഡിറ്റ് ഓഫീസർ
ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (സംവരണ വിഭാഗങ്ങൾക്ക് 55%).
MBA/PGDBM/രണ്ട് വർഷത്തെ ഫുൾടൈം മാസ്റ്റർ ബിരുദം അല്ലെങ്കിൽ CA/CFA/CMA(ICWA) യോഗ്യത.
ബന്ധപ്പെട്ട മേഖലയിൽ ആവശ്യമായ പ്രവൃത്തിപരിചയം വേണം.
അപേക്ഷകരുടെ പ്രായപരിധി 25 മുതൽ 40 വയസ്സ് വരെയാണ്. പ്രതിമാസ ശമ്പളം 64,820 മുതൽ 1,20,940 രൂപ വരെ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 850 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപയുമാണ്..
അപേക്ഷിക്കേണ്ട വിധം
ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ Career/Recruitment വിഭാഗത്തിൽ പ്രവേശിക്കുക.
Credit Officer Recruitment 2026 തിരഞ്ഞെടുക്കുക.
ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ട് സൂക്ഷിക്കുക.
by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ സഹരണ്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.
ഡെറാഡൂണ്‍-പഞ്ച്കുല ആറുവരിപ്പാതയില്‍ സഹാറന്‍പൂരിലെ റാംപൂര്‍ മണിഹരണിലാണ് സംഭവം. ഹൈവേയില്‍ കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ പുറകില്‍ നിന്നുവന്ന എസ്യുവി കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ സമീപത്തുള്ള ഡിവൈഡറില്‍ ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞ് മറ്റൊരു ഡിവൈഡറില്‍ ഇടിച്ചു. എസ്യുവി റോഡില്‍ തലകീഴായി മറിയുകയും ചെയ്തു. ഹരിയാന സ്വദേശികളായ ചരണ്‍ സിങ്, ഭാര്യ സുദേഷ്, മരുമകള്‍ പ്രീതി, ചെറുമകന്‍ ശിവാന്‍ഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ സോണിപത് ജില്ലയിലെ ബഹാദൂര്‍ഗഢില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നും ഹരിദ്വാറിലേക്ക് യാത്രക്കിടെയായിരുന്നു സംഘമെന്നും പൊലീസ് പറഞ്ഞു. റാംപൂര്‍ മണിഹരണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹല്‍ഗോയ ഗ്രാമത്തിന് സമീപം അപകടം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ രണ്ട് കാറുകളും പിടിച്ചെടുത്തു. ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.

by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മതം മറച്ചുവച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തയാള്‍ക്കെതിരെ കേസ് എടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ലഖ്‌നൗ സ്വദേശിയായ ഇര്‍ഷാദ് അഹമ്മദ് എന്ന യുവാവ് ആണ് രാഹുല്‍ എന്ന പേര് ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത്. യുവതിയെ മതം മാറാന്‍ പ്രേരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു.
ഹിന്ദു സമുദായത്തില്‍പ്പെട്ട ‘രാഹുല്‍’ എന്ന പേരിലാണ് ഇര്‍ഷാദ് യുവതിയുമായി സൗഹൃദത്തിലായത്. 2022ല്‍ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പരിചയം. പിന്നാലെ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി പറയുന്നു. വിവാഹം വൈകിയതോടെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതോടെ ജനുവരി 26ന് ലഖ്നൗവിലെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചതായും വഒരു വാടകവീട്ടില്‍ താമസം തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് യഥാര്‍ഥ പേര് ‘ഇര്‍ഷാദ് അഹമ്മദ്’ എന്നാണെന്ന് മനസിലാക്കിയതെന്ന് യുവതി പറയുന്നു. ഇര്‍ഷാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാളും കുടുംബവും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മതം മാറി നിക്കാഹിന് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും, രണ്ടാം ഭാര്യയായി ജീവിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. വാടകയ്ക്ക് താമസിക്കുന്നതിനിടെ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ഇയാള്‍ മോഷ്ടിച്ചതായും യുവതി ആരോപിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Recent Comments