സേവ് ദ് ഡേറ്റിന്റെ മറവിൽ നവവധുവിനെ ഉപദ്രവിച്ചു; സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി, പരാതി

സേവ് ദ് ഡേറ്റിന്റെ മറവിൽ നവവധുവിനെ ഉപദ്രവിച്ചു; സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി, പരാതി

കോട്ടയം വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരൻ കടന്നു കളഞ്ഞെന്നാണു പരാതി.

പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

സ്വര്‍ണവില 62,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; ഒരു മാസത്തിനിടെ 4800 രൂപയുടെ വര്‍ധന

സ്വര്‍ണവില 62,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; ഒരു മാസത്തിനിടെ 4800 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തിയുള്ള സ്വര്‍ണ വില കുതിപ്പ് തുടരുന്നു. 62,000ലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വര്‍ധിച്ചത്.

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; മധ്യവര്‍ഗത്തിന് പ്രതീക്ഷ

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; മധ്യവര്‍ഗത്തിന് പ്രതീക്ഷ

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമേരിക്കയിൽ വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നു വീണു. നിരവധി പേർക്ക് പരിക്കേറ്റു. വാണിജ്യ സിലിണ്ടറിന് വില കുറച്ചു. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ന്യൂഡൽഹി: ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തി.

ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ആധാർ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ അപേക്ഷ നൽകാം. ആധാർ വിവരങ്ങൾ തേടാൻ‌ ഉദ്ദേശിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ അത് എന്തിനു വേണ്ടി എന്ന് വ്യക്തമാക്കുന്ന അപേക്ഷ നിർദിഷ്ട മന്ത്രാലയത്തിലോ വകുപ്പിലോ നൽകണം. ആധാർ നിയമഭേദ​ഗതിയിലെ മൂന്നാം ചട്ടപ്രകാരമുള്ള ഈ അപേക്ഷ യുഐഡിഎഐയും ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയവും പരിശോധിച്ച ശേഷമാകും ആധാർ വിവരം തേടാനും പരിശോധിക്കാനും അനുമതി നൽകുക.

സദ്ഭരണത്തിനായുള്ള ആധാർ ഓഥന്റിക്കേഷൻ (സാമൂഹിക ക്ഷേമം, വിജ്ഞാനം, നൂതനസംരംഭങ്ങൾ) ഭേദ​ഗതി ചട്ടങ്ങൾ 2025 എന്ന പേരിലാണ് പുതിയ ചട്ടങ്ങളിറക്കിയിരിക്കുന്നത്. തീരുമാനങ്ങളിൽ സുതാര്യതയും സമ​ഗ്രതയും ഉറപ്പാക്കാൻ ഇതു സഹായിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. 2016 ലെ ആധാർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദ​ഗതിച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു.

തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടിലെ പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാരം. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.