നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനയും സഭയുടെ പരിഗണനയ്‌ക്കെത്തും. വീര്യം കുറഞ്ഞ മദ്യത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നത്തെ സഭാ നടപടികളില്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും. മറ്റന്നാള്‍ ആണ് ധനബില്‍ നിയമസഭയില്‍ പാസാക്കുന്നത്. ബില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ സഭയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

എസ്‌കൈസിന്റേതുള്‍പ്പെടെ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചകളും ചോദ്യോത്തര വേളയുമാണ് ഇന്നത്തെ പ്രധാന അജണ്ട. ആഭ്യന്തരം, വിദ്യാഭ്യാസം, എക്‌സൈസ്, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകളിന്മേല്‍ ഇന്ന് സഭയില്‍ വിശദമായ ചര്‍ച്ച നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി അടക്കമുള്ള വിഷയങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടും.

ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വിഷയം ഇന്ന് സഭയുടെ ശ്രദ്ധ ക്ഷണിക്കലായി വരുന്നുണ്ട്. വേഗത കുറഞ്ഞവ ഉള്‍പ്പെടെ എല്ലാവിധ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് കര്‍ശനമായി നിര്‍ബന്ധമാക്കണമെന്ന ആവശ്യമാണ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

സംസ്ഥാനത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ജനകീയ വിഷയം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം ഇന്ന് ആലോചിക്കുന്നുണ്ട്. മദ്യനയത്തിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം അടിയന്തര പ്രമേയം കൂടി വരുന്നതോടെ ഇന്നത്തെ നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

നവോമി ഇനിയും ജീവിക്കും, പലരിലൂടെ; വാഹനാപകടത്തില്‍ മരിച്ച ഖോ ഖോ താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യും

നവോമി ഇനിയും ജീവിക്കും, പലരിലൂടെ; വാഹനാപകടത്തില്‍ മരിച്ച ഖോ ഖോ താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യും

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി.

കഴിഞ്ഞ മാസം 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നവോമി. 24ന് രാത്രി അമ്മ ജിപ്സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യമായി കിട്ടിയ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛന്‍ വിന്റ്സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്‌സി ജിം ട്രെയിനറും, സഹോദരങ്ങള്‍: എയ്ഞ്ചല്‍ (അധ്യാപിക, എറണാകുളം), ജോയല്‍ (തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി).

വി രാമചന്ദ്രൻ (66) അന്തരിച്ചു

വി രാമചന്ദ്രൻ (66) അന്തരിച്ചു

ആറ്റിങ്ങൽ: കടുവയിൽ വെള്ളുർക്കോണം റിജാ ഭവനിൽ (സി.റ്റി.ആർ.എ 29) വി രാമചന്ദ്രൻ (66) അന്തരിച്ചു.

ഭാര്യ: ജെ റീജ
മക്കൾ: ആർ.എസ് ഇന്ദ്രജിത്ത് (ആർമി), ആർ.എസ് രേഷ്മ, അശ്വതി ചന്ദ്രൻ, അഷ്ടമി ചന്ദ്രൻ.
മരുമക്കൾ: എസ് അപർണ്ണ, ബി ശ്രീജേഷ്, ബി.എസ് ആദിത്ത്.
സഞ്ചയനം: ചൊവാഴ്ച രാവിലെ 9 മണിക്ക്.

മുൻ കൗൺസിലർ എസ് വിജയകുമാർ അന്തരിച്ചു

മുൻ കൗൺസിലർ എസ് വിജയകുമാർ അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂൾ ജംഗ്ഷന് സമീപം വട്ടവിളയിൽ VGRA 30, ഭാരതീയത്തിൽ എസ് വിജയകുമാർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വട്ടവിളയിൽ ഭാരതീയത്തിൽ നടന്നു.

ഭാര്യ: കെ പി ദിവ്യ
മകൾ: ദിയ വിജയ്

ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു തവണ കൗൺസിലറായിരുന്ന എസ് വിജയകുമാർ ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതോളം വർഷമായി പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ആറ്റിങ്ങൽ മേഖലയിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു എസ് വിജയകുമാർ. കോൺഗ്രസിന്റെയും ഐ എൻ ടി യു സിയുടെയും നേതൃത്വത്തിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഖാദി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, മദ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ല പാറ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവ പ്രവർത്തനമാണ് വിജയകുമാർ കാഴ്ചവച്ചത്.

നഗരസഭയിൽ കൗൺസിലർ എന്ന നിലയിൽ എസ് വിജയകുമാറിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.
ജനകീയ പ്രശ്നങ്ങൾ കൗൺസിലിൽ അവതരിപ്പിക്കുന്നതിനും ജനകീയ പ്രക്ഷോഭങ്ങളിലുമൊക്കെ വിജയകുമാർ മുൻനിരയിൽ നിന്നിരുന്നു.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 680 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 680 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 680 രൂപയാണ് കുറഞ്ഞത്. 104,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.