by Midhun HP News | Jan 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിജ്ഞാപനമിറക്കി.
2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് യുപിഎസ് ആനുകൂല്യം. എന്‍പിഎസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ കഴിയും. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്ക് മിനിമം യോഗ്യതാസര്‍വീസ് 25 വര്‍ഷമാണ്.
എന്‍പിഎസില്‍ ജീവനക്കാര്‍ പത്തുശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യുപിഎസില്‍ സര്‍ക്കാര്‍ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.
പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം പതിനായിരം രൂപ പെന്‍ഷന്‍ ലഭിക്കും. പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു. ഉദാഹരണത്തിന് 25 വര്‍ഷം സര്‍വീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസ ശമ്പളം ഉണ്ടെങ്കില്‍ ( അടിസ്ഥാന ശമ്പളം + ഡിഎ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കാം.
by Midhun HP News | Jan 26, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ് അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും.
പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.
രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.
മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.
by Midhun HP News | Jan 25, 2025 | Latest News, കേരളം
ന്യൂഡല്‍ഹി:2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എംടിവാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍. കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ താരം ഐഎം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി, റിട്ട. ജസ്റ്റിസ് ശ്രി ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനീകാന്ത് ലഖിയ, ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, മരണാനന്തബഹുമതിയായി ഒസാമു സുസുക്കി, ശാരദാ സിന്‍ഹ എന്നിവര്‍ക്കാണ് പത്മ വിഭൂഷണ്‍ ലഭിച്ചത്.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മുരളി മനോഹറിനും മരണാന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. നടന്‍ നന്ദമൂരി ബാലകൃഷ്ണ, നടന്‍ അജിത്, പങ്കജ് പട്ടേല്‍, പങ്കജ് ഉദാസ് ഉള്‍പ്പടെ 19 പേര്‍ക്കാണ് പത്മ ഭൂഷണ്‍ പുരസ്‌കാരം.
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.
ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീര്‍ജ ഭട്ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി.
2025ലെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
ഹര്‍വീന്ദര്‍ സിങ് (ഹരിയാന)
ഗോകുല്‍ ചന്ദ്ര ദാസ് (പശ്ചിമ ബംഗാള്‍)
വേലു ആശാന്‍ (തമിഴ്‌നാട്)
ബാട്ടൂല്‍ ബീഗം
ജോനാസ് മസെത്തി (ബ്രസീല്‍)
ജഗ്ദീഷ് ജോഷില (മധ്യപ്രദേശ്)
പി ദച്ചനാമൂര്‍ത്തി (പുതുച്ചേരി)
ഡോ. നീരജ ഭാട്ല
ഷെയ്ഖ എ.ജെ അല്‍ സഭ
നരേന്‍ ഗുരുങ്
ഡോ. നീരജ ഭാട്ല (ഡല്‍ഹി)
ഭേരു സിങ് ചൗഹാന്‍ (മധ്യപ്രദേശ്)
എല്‍ ഹാങ് തിങ്
വിലാസ് ഡാങ്ക്റെ
ബീന്‍ സിങ് ബവേഷ്
മാരുതി ബുജഗ്രാവോ ചിതംബള്ളി (മഹാരാഷ്ട്ര)
ഭീമവ്വ ദൊഡ്ഡബലപ്പ
സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)
വിജയലക്ഷ്മി ദേശമാനെ
ചൈത്രം ദേവ്ചന്ദ് പവാര്‍
ലിബിയ ലോബോ സര്‍ദേശായി (ഗോവ)
പരാമര്‍ ലബ്ജിഭായി നഗ്ജിഭായ്
ഹ്യൂ ആന്റ് കോളിന്‍ ഗന്റ്സര്‍ (ഉത്തരാഖണ്ഡ്)
ഹരിമാന്‍ ശര്‍മ
ജുംഗെ യോംഗാം ഗ്യമ്ളി
by Midhun HP News | Jan 25, 2025 | Latest News, കേരളം
കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്.
മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പവിത്രന്‍ മരിച്ചെന്ന് പത്രവാര്‍ത്ത നല്‍കുകയും സംസ്‌കാരചടങ്ങുകള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. ജനുവരി 13 ന് രാത്രി പതിനൊന്നരയോടെയാണ് ബന്ധുക്കള്‍ പവിത്രനുമായി എകെജി ആശുപത്രിയില്‍ എത്തിയത്. മോര്‍ച്ചറിയുടെ വാതില്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന അറ്റന്‍ഡര്‍ ജയന്‍ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ചികില്‍സിച്ച ഡോക്ടര്‍ പൂര്‍ണിമ റാവു പറഞ്ഞു.മംഗലാപുരത്തെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന പവിത്രന്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് മംഗലാപുരത്തെ ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഓക്‌സിജന്‍ സൗകര്യം മാത്രമുള്ള ആംബുലന്‍സില്‍ കുടുംബം കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. വഴിയില്‍ വെച്ചാണ് മരിച്ചെന്ന് കരുതി എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്നും നാളെയും (ശനി, ഞായര്‍) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കണ്ണൂരും കോട്ടയത്തുമാണ്.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Recent Comments