by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാനനിരീക്ഷകര്‍ക്ക് കണ്ണിന് വിരുന്നൊരുക്കി ആറു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നു. ആകാശത്ത് ഇന്ന് കാണാന്‍ പോകുന്ന ഈ വിസ്മയത്തെ ഗ്രഹ വിന്യാസം എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ ഗ്രഹങ്ങളുടെ ഒത്തുചേരലിന് പിന്നാലെ ശനിയും ശുക്രനും അടുത്തടുത്താണ്. ഇതിന് പുറമേയാണ് ആറു ഗ്രഹങ്ങള്‍ ഏകദേശം നേര്‍രേഖയില്‍ വരുന്ന അപൂര്‍വ്വ കാഴ്ച. ഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നേര്‍രേഖയില്‍ വരുന്നില്ലെങ്കിലും, ആകാശത്തിന്റെ ഒരു ഭാഗത്ത് ഗ്രഹങ്ങള്‍ ഒരുമിച്ച് കാണുന്നത് ഒരു അത്ഭുത കാഴ്ചയായിരിക്കും.
ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നിവയാണ് ഗ്രഹ വിന്യാസം തീര്‍ക്കുന്നത്. ഇവ നേര്‍രേഖയില്‍ അടുത്തടുത്ത് ആണെന്ന് തോന്നാമെങ്കിലും ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലം കൊണ്ട് ഇവ ഓരോന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.
ഭ്രമണപഥത്തിലെ ഭൂമിയുടെ സ്ഥാനം മൂലമാണ് ഈ വിന്യാസം. ജനുവരിയില്‍ ചൊവ്വ ‘എതിര്‍വശത്ത്’ എത്തിയതായി നാസ അറിയിച്ചു. അതായത് സൂര്യനില്‍ നിന്ന് ഭൂമിയുടെ എതിര്‍വശത്തായി നേര്‍രേഖ തീര്‍ത്താണ് ചൊവ്വ ദൃശ്യമാകുന്നത്.
ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയമാണിത്. ഏറ്റവും വലുതും തിളക്കമുള്ളതുമായി ചൊവ്വ ദൃശ്യമാകുന്ന സമയമാണിത്.
എപ്പോഴാണ് വിന്യാസം ദൃശ്യമാകുക?
ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം 45 മിനിറ്റിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ഗ്രഹങ്ങളുടെ വിന്യാസം ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കും. പടിഞ്ഞാറന്‍ ചക്രവാളത്തിന് താഴെ ശുക്രനും ശനിയും അസ്തമിക്കുന്നത് വരെയുള്ള സമയമാണ് ഇത് കാണാന്‍ അനുയോജ്യമായ സമയം. ഇരുട്ടിക്കഴിഞ്ഞാല്‍, ഈ മാസം മുഴുവന്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശുക്രനെയും ശനിയെയും കാണാന്‍ കഴിയും. വ്യാഴം ആകാശത്ത് തിളങ്ങുന്നതായും കിഴക്ക് ചൊവ്വ ഉദിക്കുന്നതായുമുള്ള ദൃശൃങ്ങള്‍ വിസ്മയം ജനിപ്പിക്കുമെന്നും നാസ പറയുന്നു.
ഇന്ത്യയില്‍ വിന്യാസം എപ്പോള്‍ ദൃശ്യമാകും?
മേഘാവൃതത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് ഇന്ത്യയിലുടനീളം അപൂര്‍വമായ ഈ വിന്യാസം ദൃശ്യമാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളില്‍ നിന്നും അപൂര്‍വമായ ഗ്രഹ വിന്യാസം കാണാന്‍ കഴിയും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി നാല് ഗ്രഹങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും നെപ്റ്റിയൂണും യുറാനസും വളരെ മങ്ങിയതിനാല്‍ അവയെ കാണാന്‍ ഒരു ദൂരദര്‍ശിനി വേണ്ടി വരും.
by Midhun HP News | Jan 21, 2025 | Latest News, കേരളം
ശബരിമല: ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു.
440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം,
പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിര്‍ത്തിയതോടെ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനായെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീര്‍ത്ഥാടനകാലം സാക്ഷ്യം വഹിച്ചത്.
by Midhun HP News | Jan 21, 2025 | Latest News, കേരളം
കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് സംശയം. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.
സുമേഷ് തൂങ്ങിയ നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമേഷിന് കെഎസ്ഇബിയിൽ ആണ് ജോലി. മകൻ സ്ഥിരം മദ്യപിച്ചു വരുന്നയാളെന്ന് നാട്ടുകാർ പറയുന്നു. 62 കാരിയായ നിർമലയെ മകൻ കൊലപ്പെടുത്തിയെന്നാണ് ഉയരുന്ന സംശയം. രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി വീടിന് പുറത്ത് ആരേയും കണ്ടിരുന്നില്ല. സംശയം തോന്നിയ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്ന് ഇന്‍സ്റ്റഗ്രാം. റീല്‍സ് വിഡിയോയ്ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം, ലേഔട്ടിലെ മാറ്റം എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.
റീല്‍സിന്റെ ഫോര്‍മാറ്റ് പരമ്പരാഗത സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി(1:1 വീക്ഷണാനുപാതം മാറ്റി 4:3 അനുപാതം) പ്രൊഫൈല്‍ ഗ്രിഡാണ് പുതിയ മാറ്റം. റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങള്‍ ഇഷ്ടാനുസൃതമാക്കാനും പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. ഷോര്‍ട്ട്-ഫോം വിഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കന്‍ഡ് വരെയുള്ള റീലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളെന്നും എന്നാല്‍ ദൈര്‍ഘ്യം തീരെ കുറവാണെന്ന പരാതി പരിഗണിച്ച് 3 മിനിറ്റായി വര്‍ധിപ്പിച്ചെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു. ടിക്ടോക് 2022-ല്‍ത്തന്നെ ഹ്രസ്വ വിഡിയോ സമയ പരിധി 10 മിനിറ്റായി വര്‍ധിപ്പിച്ചിരുന്നു.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 നക്‌സലൈറ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു സുരക്ഷാസൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്‌റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നക്‌സല്‍ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേന ഏറ്റുമുട്ടലില്‍ 14 നക്‌സലുകളെ വധിച്ചതായും അമിത് ഷാ വ്യക്തമാക്കി.
Recent Comments