സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്.

കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര. ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. ഭർത്താവുമായി താമസിച്ചു വരികയായിരുന്നു. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം. ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം ലഭിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ മുതല്‍ ടി20 പോരാട്ടമാണ് നടക്കുന്നത്. പിന്നാലെ ഏകദിന മത്സരങ്ങളും അരങ്ങേറും. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് കളിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ബൗളിങ് വിഭാഗത്തിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തി എന്നതാണ് ടീമിലെ സവിശേഷ മാറ്റം. സ്പിന്‍ ഓണ്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതും നിര്‍ണായക മാറ്റമാണ്.

ഇന്ത്യ ഓപ്പണിങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങള്‍ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

മത്സരം സമയക്രമം

ടി20 പോരാട്ടങ്ങള്‍

ഒന്നാം ടി20- ജനുവരി 22, വൈകീട്ട് 7 മുതല്‍

രണ്ടാം ടി20- ജനുവരി 25, വൈകീട്ട് 7 മുതല്‍

മൂന്നാം ടി20- ജനുവരി 28, വൈകീട്ട് 7 മുതല്‍

നാലാം ടി20- ജനുവരി 31, വൈകീട്ട് 7 മുതല്‍

അഞ്ചാം ടി20- ഫെബ്രുവരി 2, വൈകീട്ട് 7 മുതല്‍

ഏകദിന പോരാട്ടങ്ങള്‍

ഒന്നാം ഏകദിനം- ഫെബ്രുവരി 6, ഉച്ചയ്ക്ക് 1.30 മുതല്‍

രണ്ടാം ഏകദിനം- ഫെബ്രുവരി 9, ഉച്ചയ്ക്ക് 1.30 മുതല്‍

മൂന്നാം ഏകദിനം- ഫെബ്രുവരി 12, ഉച്ചയ്ക്ക് 1.30 മുതല്‍

ലൈവായി കാണാം

ടെലിവിഷന്‍ വഴി ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയും ആരാധകര്‍ക്ക് ലൈവായി പോരാട്ടം കാണാന്‍ കഴിയും.

ഒഴുകിപ്പോയത് 4.5 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി

ഒഴുകിപ്പോയത് 4.5 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ബാങ്കിങ്, മെറ്റല്‍ ഓഹരികള്‍ അടക്കം എല്ലാം സെക്ടറുകലും നഷ്ടത്തിലാണ്.

ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ കനത്ത ഇടിവില്‍ നിക്ഷേപകരുടെ 4.5 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡൊണള്‍ഡ് ട്രംപ് വരുംദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന സാമ്പത്തിക നയങ്ങളിലുള്ള ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണിയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് ഇടപെടുന്നത്.

മെക്‌സിക്കോ, കാനഡ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഏഷ്യന്‍ വിപണിയെ ഉലച്ചത്. താരിഫ് ഏര്‍പ്പെടുത്തുന്ന തീരുമാനം വൈകുമെന്നായിരുന്നു ഇതുവരെ വിപണി കരുതിയിരുന്നത്. എന്നാല്‍ താരിഫ് ഏര്‍പ്പെടുത്തുന്ന നടപടികളുമായി അതിവേഗം മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇന്നലെ ട്രംപ് നല്‍കിയത്. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല’; മാപ്പുചോദിച്ച് നടന്‍ വിനായകന്‍

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല’; മാപ്പുചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: ബാല്‍ക്കണിയില്‍നിന്നുള്ള നഗ്‌നതാ പ്രദര്‍ശനം വലിയ വിമര്‍ശനം വരുത്തിവച്ചതിനു പിന്നാലെ മാപ്പുചോദിച്ച് നടന്‍ വിനായകന്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറഞ്ഞത്.

‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട്ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ’, എന്നാണ് വിനായകന്‍ പറഞ്ഞത്.

ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് വിനായകന്റേതായി കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകന്‍ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.