കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ സംസ്ഥാനത്ത് 66 കോവിഡ് മരണങ്ങളുണ്ടായെന്നും കണക്കുകള്‍ പറഞ്ഞു. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മുപ്പതിലധികംപേര്‍ മരിച്ചതായും കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറഞ്ഞു.

2023-ല്‍ സംസ്ഥാനത്ത് 87,242 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 516 പേര്‍ മരിക്കുകയുംചെയ്തു. 2022-ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര്‍ മരിക്കുകയുംചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 5597 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ല. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെഎന്‍ 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്. നിര്‍ബന്ധമല്ലാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്. പനിക്കൊപ്പം ശ്വാസതടസ്സമോ മറ്റ് ഗുരുതരരോഗങ്ങളോ ഉള്ളവരോട് മാത്രമാണ് ആര്‍ടിപിസിആര്‍. പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നത്.

നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

പയ്യന്നൂര്‍: പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്.

ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെയാണ് പെരിങ്ങോം സ്വദേശിയായ പിതാവ് താഴത്തെ വീട്ടില്‍ ടിവി ശ്രീജു പരാതി നല്‍കിയത്.

ഡിസംബര്‍ 22നാണ് കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24ന് ജനിച്ച പെണ്‍കുട്ടിക്ക് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിനു ശേഷമാണ് അസ്വസ്ഥത തുടങ്ങിയതെന്നും രണ്ടുതവണ മെഡിക്കല്‍ കോളജില്‍ തന്നെ കാണിച്ചിട്ടും തുടയിലെ പഴുപ്പ് കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറയുന്നു.

വിവാഹ സംഘം സഞ്ചരിച്ച കാര്‍ ബസ്സിലിടിച്ച് തീപ്പിടിച്ചു: വധൂവരന്‍മാര്‍ക്ക് പരിക്ക്

വിവാഹ സംഘം സഞ്ചരിച്ച കാര്‍ ബസ്സിലിടിച്ച് തീപ്പിടിച്ചു: വധൂവരന്‍മാര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ – കാസര്‍കോട് ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ ഓണക്കുന്നില്‍ ബസ്സിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉള്‍പ്പെടെ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു

കാസര്‍കോട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗം കത്തി നശിച്ചു. സ്വകാര്യ ബസിന്റെ പിന്‍ഭാഗവും കത്തിയിട്ടുണ്ട്. യഥാമസമയം യാത്രക്കാരെ ഇറക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹസംഘം സഞ്ചരിച്ച ബ്‌ളാക്ക് കിയ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇനി പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ട; വരുന്നു 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറ, സ്കാനർ

ഇനി പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ട; വരുന്നു 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറ, സ്കാനർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തെ 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. 150 കോടി രൂപ ചെലവിട്ടാണ് ഇവ സ്ഥാപിക്കുന്നത്. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ്.

വാഹനങ്ങൾ ഇനി പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കമ്പ്യൂട്ടറിൽ ലഭ്യമാകും. പല ചെക്ക് പോസ്റ്റുകളിലും വേ ബ്രിഡ്ജ് പ്രവർത്തിക്കാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. സ്കാനറുകൾ വരുന്നതോടെ കടന്നു പോകുന്ന വാഹനങ്ങളിലെ ഭാരം അനുവദനീയമായ പരിധിക്കുള്ളിലാണോയെന്നു സ്കാനർ വഴി അറിയാൻ സാധിക്കും. പിഴ സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ ലഭ്യമാകും. പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും.

വനിതാ കൂട്ടായ്മ ആറ്റിങ്ങലിൽ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു

വനിതാ കൂട്ടായ്മ ആറ്റിങ്ങലിൽ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സാറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, ‘മെഡിസെപ്പ്’ സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് നടത്തുന്ന സൂചനാ പണിമുടക്കത്തിന് മുന്നോടിയായി സമരജ്വാല സദസ്സ് സംഘടിപ്പിച്ചു.

അധ്യാപക സർവീസ് സംഘടന സമരസമിതി വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഡി.ബിജിന ഉദ്ഘാടനം ചെയ്തു. ആർ.ലത അധ്യക്ഷത വഹിച്ചു.
വനിതാ ജീവനക്കാർ മെഴുകുതിരി കത്തിച്ച് പെൻഷൻ സംരക്ഷണ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
ആശ എൻഎസ്, കൗസു ടിആർ, ഷൈന. എസ്, സുബി സുരേന്ദ്രൻ, ശരണ്യ ഡി.എം, ഹർഷ എച്ച്, രഞ്ജിമ ആർ, കീർത്തന രാഖി, ഗായത്രി, പ്രദീപ്, കല പി, ആരതിമോഹൻ, ഷബ്ന ഷാജഹാൻ, ധന്യസുലഭ, പ്രീത പിഎസ്, അശ്വതി വിഎസ്, ആതിര എസ്എസ്, ലീന പിഎസ് തുടങ്ങിയവർ നേതൃത്വം നൽകി.